മാനന്തവാടി കമ്പമലയിലെ പുല്‍മേടുകള്‍ക്ക് തീപിടിച്ച സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ സുധീഷിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യ്തു. ഒളിവില്‍ കഴിയാന്‍ വേണ്ടിയാണ് വനത്തില്‍ എത്തിയതെന്നും വന്യമൃഗങ്ങള്‍ വരുമെന്ന ഭയത്താലാണ് അടിക്കാടിന് തീ ഇട്ടതെന്നും കഞ്ചാവ് കേസിലെ പ്രതിയായ സുധീഷ് വനം വകുപ്പിന് മൊഴി നല്‍കി.
ബേഗൂര്‍ റേഞ്ചിലെ തൃശ്ശിലേരി സെക്ഷന്‍ ഫോറസ്റ്റ് പരിധിയിലെ പുല്‍മേട്ടിലാണ് പ്രതി തീയിട്ടത്. തീപിടിത്തതിന് പിന്നാലെ സംശയാസ്പദമായ സാഹചര്യത്തില്‍ വനത്തില്‍ കണ്ട തൃശ്ശിലേരി തച്ചറക്കൊല്ലി ഉന്നതിയിലെ വെള്ളച്ചാലില്‍ സുധീഷ് (27) നെ വനപാലകര്‍ നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകിട്ട് വനത്തിനുള്ളില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
മാനന്തവാടി, തിരുനെല്ലി സ്റ്റേഷനുകളിലായി വിവിധ കേസുകളില്‍ പ്രതിയാണ് സുധീഷ്. കഞ്ചാവ് ചെടികള്‍ പിടികൂടിയ കേസില്‍ ഒളിവിലായിരുന്ന സുധീഷിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. കൂടാതെ, ഒരു യുവതിയുടെ പരാതിയിലും സുധീഷിനെതിരെ കേസെടുത്തിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളില്‍ തോക്ക് പിടിച്ച് ഭീഷണി മുഴക്കിയ സംഭവത്തിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി വനപാലകര്‍ തന്നെ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കസ്റ്റഡിയില്‍ ലഭിക്കാനായി പൊലീസ് അപേക്ഷ നല്‍കുമെന്നാണ് വിവരം.