അണ്ടര്‍ 19 ലോകകപ്പില്‍ ഓസീസിനെ നിഷ്പ്രഭമാക്കി വീണ്ടും ചാന്പ്യന്മാരായ ഇന്ത്യന്‍ കൗമാര താരങ്ങള്‍ക്ക് ഇന്നലെ മുതല്‍ അഭിനന്തന പ്രവാഹമായിരുന്നു. എന്നാല്‍ ലോകകപ്പ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമായി മാറിയ കമലേഷ് നാഗര്‍കോട്ടിയെ കുറിച്ച് ഇന്ത്യന്‍ മുന്‍ നായകനായ സൗരവ് ഗാംഗുലി അന്ന് പറഞ്ഞത് ഇപ്പോള്‍ അക്ഷരംപ്രതി ശരിയായിരിക്കുകയാണ്. ‘ഈ പയ്യനില്‍ ഒരു കണ്ണ് വയ്ക്കണം’ എന്നായിരുന്നു ഗാംഗുലി ട്വീറ്റ് ചെയ്തത്.
താരത്തിന്റെ വേഗതയേറിയ പന്തിന് മുമ്പില്‍ കുടുങ്ങി കൂടാരം കയറിയത് മികച്ച ഒരുപറ്റം താരങ്ങളാണ്. 6 മാച്ചുകളില്‍ നിന്നായി 9 വിക്കറ്റുകള്‍ നേടിയ കമലേഷ് 147 റണ്‍സ് മാത്രമാണ് വിട്ടു നല്‍കിയത്. കലാശപ്പോരാട്ടത്തിലെ 2/41 എന്ന പ്രകടനം ഓസ്‌ട്രേലിയയെ 216 റണ്‍സില്‍ ഒതുക്കുന്നതില്‍ ഇന്ത്യയ്ക്ക് സഹായകമായി. മണിക്കൂറില്‍ 14 കി.മി വേഗതയില്‍ പന്തെറിയുന്ന താരം ടൂര്‍ണമെന്റിന്റെ തുടക്കത്തിലേ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
പൊതുവേ 140 കി.മി വേഗതയില്‍ പന്തെറിയുന്ന കമലേഷ് ഒരു ഘട്ടത്തില്‍ മണിക്കൂറില്‍ 149 കി.മി. വേഗതയിലും പന്തെറിഞ്ഞു. ‘വേഗതയില്‍ പന്തെറിയാനാണ് അവന്‍ ജനിച്ചത്’, എന്നായിരുന്നു പരിശീലകനായ സുരേന്ദ്ര റാത്തോഡ് പ്രതികരിച്ചത്. സൈനികന്റെ മകനായ നാഗര്‍കോട്ടി ബാറ്റിങ്ങിലും മികവ് പുലര്‍ത്തുന്നുണ്ട്.
ശിവം മവിയുടെ ബോളിങ്ങിനെയും അന്ന് ഗാംഗുലി പുകഴ്ത്തിയിരുന്നു. മല്‍സരത്തിന് ശേഷം ഇന്ത്യന്‍ താരങ്ങളുടെ ബോളിങ് വേഗതയില്‍ ഓസീസ് താരം ജാക്ക് എഡ്വേഡ്‌സും അതിശയം പ്രകടിപ്പിച്ചു. ‘സ്പിന്നില്‍ ആയിരിക്കും ഇന്ത്യയുടെ ശക്തിയെന്നാണ് ഞങ്ങള്‍ ധരിച്ചത്. എന്നാല്‍ കണിശമായ വേഗതയായിരുന്നു ഫാസ്റ്റ് ബോളര്‍മാര്‍ക്ക്. മണിക്കൂറില്‍ 145 കി.മി. വേഗതയിലാണ് അദ്ദേഹം പന്തെറിഞ്ഞതെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ അറിഞ്ഞത്’, ജാക്ക് പറഞ്ഞു.
അതേ സമയം തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളില്‍ ഓസ്‌ട്രേലിയയെ പോലെ ശക്തരായ പ്രതിയോഗികളെ ആധികാരികമായി തോല്‍പ്പിക്കുക വഴി ഇന്ത്യന്‍ അണ്ടര്‍ 19 സംഘം ക്രിക്കറ്റ് ചരിത്രത്തിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. കലാശപ്പോരാട്ടത്തില്‍ 216 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്കാര്‍ നേടിയത്. ഈ സ്‌ക്കോര്‍ ഇന്ത്യക്ക് മരുന്ന് പോലുമായിരുന്നില്ല. 67 പന്തുകള്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പ്രിഥി ഷായും സംഘവും അജ്ജയ്യരായി.
ബൗളിംഗ് പ്രഭയില്‍ ചാമ്പ്യന്‍ഷിപ്പില്‍ ശക്തരായി മുന്നേറിയ ഇന്ത്യന്‍ പന്തേറുകാര്‍ക്ക് മുന്നില്‍ ഒരിക്കല്‍ കൂടി ഓസീസ് നിഷ്പ്രഭമാവുകയായിരുന്നു. 76 റണ്‍സ് നേടിയ മെര്‍ലോ മാത്രമാണ് പൊരുതി നിന്നത്. ബാക്കിയെല്ലാവരും അതിവേഗത്തില്‍ പുറത്തായി. ടീമിന്റെ ബാറ്റിംഗ് നട്ടെല്ലായ ഓപ്പണര്‍ എഡ്വാര്‍ഡ്‌സ് ഒരു മണിക്കൂറോളം ക്രീസില്‍ നിന്നു.
ഇന്ത്യന്‍ നിരയിലെ അതിവേഗക്കാരായ പോറലിനെയും ശിവം മേവിയെയും ഭയത്തോടെ നേരിട്ട ഓപ്പണര്‍മാര്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടപ്പോള്‍ 32 ല്‍ ആദ്യ വിക്കറ്റ് നിലം പതിച്ചു. ബ്രയന്‍ഡിനെ പോറല്‍ തിരിച്ചയച്ചു. പത്താം ഓവറില്‍ എഡ്‌വാര്‍ഡ്‌സും മടങ്ങി. പക്ഷേ മൂന്നാം വിക്കറ്റില്‍ മെര്‍ലോയും ഉപ്പലും പൊരുതി നിന്നെങ്കിലും റണ്‍റേറ്റ് മോശമായിരുന്നു. ശിവ് സിംഗും നാഗര്‍ക്കോട്ടിയും ബൗളിംഗ് ഏറ്റെടെുത്ത സമയമായിരുന്നു ഇത്. റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ ഉപ്പല്‍ മടങ്ങിയതോടെ കൂട്ടത്തകര്‍ച്ചയായി. 47.2 ഓവറില്‍ 216ന് എല്ലാവരും പുറത്തായപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ പോറല്‍, ശിവ്‌സിംഗ്, നാഗര്‍ക്കോട്ടി, അങ്കിത് റോയ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ചാറ്റല്‍ മഴയുടെ അകമ്പടിയിലാണ് ഇന്ത്യ മറുപടി ആരംഭിച്ചത്. ഇന്ത്യന്‍ ഇന്നിംഗ്‌സിന് നാല് ഓവര്‍ പ്രായമായപ്പോള്‍ മഴ കാരണം ഇടക്ക് കളിയും നിര്‍ത്തി. പക്ഷേ നാലായിരത്തോളം വരുന്ന ഇന്ത്യന്‍ ആരാധകരുടെ ആവേശം അപ്പോഴും തണുത്തിരുന്നില്ല. കളി പുനരാരംഭിച്ചപ്പോള്‍ കാണികളുടെ നിറഞ്ഞ പിന്തുണയില്‍ പ്രിഥിയും കല്‍റയും ആക്രമിച്ച് കളിച്ചു.
2012 ലെ ലോകകപ്പ് ഫൈനലില്‍ ഉന്‍മുക്ത് ചന്ദിന്റെ ഇന്ത്യ ഫൈനലില്‍ ഓസ്‌ട്രേലിയയെയായിരുന്നു നേരിട്ടത്. അന്ന് 226 റണ്‍സായിരുന്നു ഇന്ത്യ ചേസ് ചെയ്തത്. ഉന്‍മുക്തിന്റെ സെഞ്ച്വറി മികവിലായിരുന്നു ആ കിരീട നേട്ടമെങ്കില്‍ അതേ റോളിലായിരുന്നു മന്‍ജോത് കല്‍റ. ജാക് എഡ്‌വാര്‍ഡ്‌സിന്റെ ഒരോവറില്‍ മൂന്ന് തവണയാണ് കൂളായി കല്‍റ പന്ത് അതിര്‍ത്തി കടത്തിയത്. ടീം സ്‌ക്കോര്‍ 71 ല്‍ എത്തിയപ്പോള്‍ നായകന്‍ പ്രിഥി പുറത്തായത് മാത്രമായിരുന്നു ഓസീസ് ക്യാമ്പിന് ആശ്വാസമായത്. സതര്‍ലാന്‍ഡിന്റെ ടേണ്‍ ചെയ്ത പന്ത് ഇന്ത്യന്‍ നായകന്റെ പ്രതിരോധം ഭേദിച്ചു. തുടര്‍ച്ചയായി ആറ് മല്‍സരങ്ങളില്‍ അര്‍ധശതകം നേടിയ ശുഭ്മാന്‍ ഗില്‍ തന്റെ ഫോം ആവര്‍ത്തിച്ച് തെളിയിച്ചു. വന്നയുടന്‍ തന്നെ സുന്ദരമായ ഷോട്ടുകള്‍. അതിനിടെ 47 പന്തില്‍ നിന്ന് കല്‍റയുടെ അര്‍ധ സെഞ്ച്വറിയെത്തി. പതിവ് ശാന്തത വിട്ട് ഗില്‍ കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായത് പോലും ഇന്ത്യന്‍ ക്യാമ്പിനെ ബാധിച്ചില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഹാര്‍വിക് ദേശായിയെ സാക്ഷി നിര്‍ത്തി കൂറ്റനടികളുമായി കല്‍റ സെഞ്ച്വറിയിലെത്തി.
ഇന്ത്യന്‍ ജയമോ, കല്‍റയുടെ സെഞ്ച്വറിയോ ആദ്യമെത്തുക എന്ന തോന്നല്‍ ഇടക്കുണ്ടായി. ഹാര്‍വിക് പക്ഷേ കൂട്ടുകാരന്റെ സെഞ്ച്വറിക്കായി കൂറ്റനടികള്‍ക്ക് മുതിര്‍ന്നില്ല. 38.5 ഓവറില്‍ വിജയവും കപ്പുമെത്തി. കല്‍റയാണ് കളിയിലെ കേമന്‍. ഗില്‍ ചാമ്പ്യന്‍ഷിപ്പിലെ കേമനും.