X

കമല്‍നാഥ് ബിജെപിയിലേക്കെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് കമല്‍നാഥ് ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ്. വ്യാജ പ്രചാരണമാണ് വാര്‍ത്തക്കു പിന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് റണ്‍ദീപ് സിങ് സുര്‍ജെവാല പറഞ്ഞു.

സിങ് സുര്‍ജെവാല

മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിടുന്നുവെന്ന് ദുഷ്പ്രചാരണം നടത്തി കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നാണ് ചിലര്‍ കരുതുന്നത്. ഇത് അധാര്‍മികമായ പ്രചാരണമാണ്. കമല്‍നാഥ് കോണ്‍ഗ്രസിലെ പരിചയസമ്പന്നനായ നേതാവ് മാത്രമല്ല, വെല്ലുവിളി നേരിടുന്ന ഘട്ടത്തിലും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന വ്യക്തിയാണെന്നും സുര്‍ജെവാല പറഞ്ഞു. പാര്‍ട്ടിക്ക് കടുത്ത ക്ഷീണമുണ്ടായ 1977-80 കാലഘട്ടത്തിലും അധികാരമില്ലാതിരുന്ന 1989ലും 2004ലും കോണ്‍ഗ്രസിനൊപ്പം ഉറച്ചു നിന്നയാളാണ് കമല്‍നാഥെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനുമായി കമല്‍നാഥ് ചര്‍ച്ച നടത്തിയെന്നും ഇത് ബിജെപിയില്‍ ചേരുന്നതിന് മുന്നോടിയാണെന്നുമായിരുന്നു വാര്‍ത്തകള്‍. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ കമല്‍നാഥിനെ ബിജെപി പരിഗണിക്കുന്നുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് സുര്‍ജെവാല പറഞ്ഞു.

chandrika: