അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍ പ്രസിഡന്റും റിപ്പബ്ബിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണാള്‍ഡ് ട്രംപിനാണ് ഇതുവരെ മുന്‍തൂക്കം. ഏഴ് സ്വിങ് സ്റ്റേറ്റുകളില്‍ മൂന്നിടത്തും ട്രംപിന്റെ മുന്നേറ്റമാണ് കണ്ടത്. അഞ്ചിടത്താണ് വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
പെന്‍സില്‍വാനിയ, ജോര്‍ജിയ, നോര്‍ത്ത് കരോലിന എന്നീ മൂന്ന് സ്റ്റേറ്റുകളില്‍ ട്രംപ് ലീഡ് ചെയ്യുകയാണ്. എന്നാല്‍ നേരത്തെ ട്രംപ് മുന്നേറിയിരുന്ന വിസ്‌കോണ്‍സിനില്‍ കമലയുടെ ലീഡ് വര്‍ധിച്ചു. മിഷിഗണിലും കമല ലീഡ് ചെയ്യുന്നുണ്ട്.
അതേസമയം പെന്‍സില്‍വാനിയ ജയിച്ചാല്‍ അമേരിക്ക കൈപ്പിടിയിലായതു പോലെയാണ്. പക്ഷേ വിസ്‌കോണ്‍സും നിര്‍ണായകമായ സ്റ്റേറ്റാണ്. കഴിഞ്ഞ തവണ വിസ്‌കോണ്‍സില്‍ ജോ ബൈഡന്‍ ആധിപത്യം പുലര്‍ത്തുകയും തുടര്‍ന്ന് യുഎസ് പ്രസിഡന്റായ കാഴ്ചയാണ് കണ്ടത്.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപ് വൈറ്റ് ഹൗസിലേക്ക് രണ്ടാം തവണയും വിജയിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നിലവിലെ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് നോമിനിയുമായ കമല യുഎസിന്റെ ആദ്യ വനിതാ പ്രസിഡന്റായി ചരിത്രം സൃഷ്ടിക്കാനുള്ള ശ്രമത്തിലുമാണ്.
അരിസോണ, നെവാഡ, ജോര്‍ജിയ, നോര്‍ത്ത് കരോലിന, വിസ്‌കോണ്‍സിന്‍, മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നീ സംസ്ഥാനങ്ങളാണ് വിധി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ഇരുവര്‍ക്കും പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിക്കാന്‍ കുറഞ്ഞത് 270 ഇലക്ടറല്‍ വോട്ടുകള്‍ ആവശ്യമാണ്.