X

‘ആമിയില്‍’ നിന്നുള്ള പിന്‍മാറ്റം; വിദ്യാബാലനെതിരെ സംവിധായകന്‍ കമല്‍

മലയാള പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥ പറയുന്ന ചിത്രം ‘ആമി’. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറില്‍ തുടങ്ങാനിരിക്കെ നായികയാവാന്‍ ഒരുങ്ങിയിരുന്ന വിദ്യാബാലന്‍ പിന്‍മാറുകയായിരുന്നു. വ്യക്തമായ കാരണമെന്തെന്ന് വിശദീകരിക്കാതെയാണ് വിദ്യ പിന്‍മാറുന്നത്. നേരത്തെ ഇത് സംബന്ധിച്ച് സൂചനയുണ്ടായിരുന്നെങ്കിലും വ്യക്തമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രത്തില്‍ നിന്ന് പിന്‍മാറിയതായി വിദ്യ അറിയിച്ചു.

ചിത്രത്തെക്കുറിച്ച് ഒരു വര്‍ഷമായി അവരോട് സംസാരിച്ചിരുന്നു. അവര്‍ ഏറ്റതുമായിരുന്നുവെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. മുംബൈയില്‍പോയി വിദ്യാബാലനെ കണ്ടു സംസാരിച്ചു. തിരക്കഥ അയച്ചുകൊടുക്കുകയും വായിച്ചു നല്‍കാന്‍ ആളെ ഏര്‍പ്പാടാക്കുകയും ചെയ്തു. ഗംഭീര സ്‌ക്രിപ്റ്റാണെന്ന് വിദ്യ പറഞ്ഞിരുന്നു. ഒറ്റപ്പാലത്ത് ഷൂട്ടിങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ ഷൂട്ടിങ്ങ് തുടങ്ങാന്‍ അഞ്ചുദിവസമുള്ളപ്പോഴാണ് വിദ്യയുടെ മെസേജ് കിട്ടിയത്. ക്യാരക്ടറാവാന്‍ തനിക്ക് കഴിയില്ലെന്നാണ് വിദ്യ അറിയിച്ചതെന്ന് കമല്‍ പറഞ്ഞു.

അവര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കില്‍ അത് നേരത്തെ പറയാമായിരുന്നു. സത്യത്തില്‍ അവരുടെ പിന്‍മാറ്റത്തിന്റെ കാരണം തനിക്ക് ഇപ്പോഴും വ്യക്തമായി അറിയില്ല. മതംമാറ്റം മൂലമുള്ള ആശങ്കയാണോ കാരണമെന്നും അറിയില്ല. എന്തായാലും തൊഴില്‍ പരമായി കാണിക്കേണ്ട മാന്യതയില്ലായ്മയും അധാര്‍മ്മികതയുമാണ് വിദ്യ കാണിച്ചതെന്നും വിദ്യാബാലന്റെ പിന്‍മാറ്റത്തെക്കുറിച്ച് കമല്‍ പറയുന്നു.

ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ട് കമലിനെതിരെ ബിജെപി തിരിഞ്ഞിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യയുടെ പിന്‍മാറ്റമെന്നാണ് അറിയുന്നത്.

chandrika: