X

മൈ ടീം – ലോകകപ്പ് മത്സരങ്ങളെ വിലയിരുത്തി കമാല്‍ വരദൂര്‍ എഴുതുന്നു

റഷ്യയില്‍ കളി ഒരാഴ്ച്ച പിന്നിട്ടിരിക്കുന്നു. എല്ലാ ടീമുകളും ആദ്യ റൗണ്ടിലെ ആദ്യ മല്‍സരവും പൂര്‍ത്തിയാക്കിയിരിക്കുന്നു. മിക്ക മല്‍സരങ്ങളും നേരില്‍ കണ്ടപ്പോള്‍ മുന്നിലേക്ക് വരുന്നത് രണ്ട് ടീമുകളാണ്. രണ്ട് പേരും ലോകകപ്പിന് മുമ്പ് നമ്മുടെ ചിത്രത്തിലുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സൂപ്പര്‍ ടീമുകള്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കും പിറകെ ഫുട്‌ബോള്‍ ലോകം പതിവ് പോലെ സഞ്ചരിച്ചപ്പോള്‍ സ്വന്തം കരുത്തില്‍ വിശ്വാസമര്‍പ്പിച്ച് ആരോഗ്യ ഫുട്‌ബോളുമായി വന്നവരാണ് എന്റെ ഫേവറിറ്റുകള്‍. ആദ്യ റൗണ്ടിലെ ആദ്യ മല്‍സരങ്ങള്‍ക്ക് ശേഷം ഞാന്‍ മാര്‍ക്കിടുന്ന ആദ്യ ടീം സെനഗല്‍. പിന്നെ മെക്‌സിക്കോ….
ഫുട്‌ബോള്‍ ലോകം സെനഗലിനെ പിന്തുടരണം. അക്ഷരാര്‍ത്ഥത്തില്‍ അതിശയിപ്പിക്കുന്ന സുന്ദര പവര്‍ സോക്കറാണ് അവരുടെ സംഭാവന. മോസ്‌ക്കോയിലെ സ്പാര്‍ട്ടക്ക് സ്‌റ്റേഡിയത്തില്‍ അവരുടെ ആദ്യ മല്‍സരം കണ്ടപ്പോള്‍ 90 മിനുട്ടും പിന്നെ നാല് മിനുട്ട് അധികസമയത്തിലെയും ഒരു സെക്കന്‍ഡ് പോലും ബോറടിച്ചിരുന്നില്ല. സത്യം പറഞ്ഞാല്‍ പാക്ക്ഡ് പവര്‍ ഫുട്‌ബോള്‍. ഞാന്‍ അവരില്‍ കണ്ട പ്രത്യേകതകള്‍ പറയാം

1-ആത്മവിശ്വാസം- പ്രതിയോഗികള്‍ ശക്തന്മാരാവുമ്പോള്‍ തല താഴ്ത്തിയുളള പ്രകടനത്തിന്റെ ഇരകളാണ് ഈജിപ്തും ടുണീഷ്യയും കൊറിയയും സഊദി അറേബ്യയുമെല്ലാം. എന്തിന് നിങ്ങള്‍ പ്രതിയോഗികളെ പേടിക്കുന്നു…? സ്വന്തം ഗെയിമില്‍ വിശ്വസമര്‍പ്പിച്ച് കളിക്കുക. അതാണ് സെനഗലിന്റെ വഴി. പോളണ്ട്-യൂറോപ്പിലെ ശക്തന്മാരാണ്. റോബര്‍ട്ടോ ലെവന്‍ഡോവിസ്‌ക്കിയെ പോലുളള അതികായന്മാര്‍. പക്ഷേ കിക്കോഫ് മുതല്‍ സെനഗല്‍ കളിച്ചത് സ്വന്തം ഗെയിം. പോളിഷ് നിരയിലെ സൂപ്പര്‍ താരങ്ങളായിരുന്നില്ല അവരുടെ മുന്നില്‍. അവര്‍ക്ക് അവരായിരുന്നു വലുത്. അതാണ് ഗെയിം-അവിടെയാണ് മാര്‍ക്ക്

2-അത്‌ലറ്റിസിസം-ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ പത്ത് സെക്കന്‍ഡില്‍ താഴെ നിരന്തരം ഓടാറുണ്ട്. ആ പത്ത് സെക്കന്‍ഡ് അദ്ദേഹത്തിന് ഒരു ദിവസം ഒരു തവണ മാത്രമേ പുറത്തെടുക്കാനാവു. പക്ഷേ സാദിയോ മാനേയും സംഘവും 94 മിനുട്ടും സ്പ്രിന്റ് മികവാണ് കാണിച്ചത്. തളരാതെയുള്ള ഓട്ടം. അത് പന്തിന് പിറകെയാണ്. പന്ത് നഷ്ടമാവരുത് എന്ന ദൃഢവിശ്വാസത്തിലുള്ള ഓട്ടം.

3-ശക്തി-യൂറോപ്യന്മാര്‍ സാധാരണ ആകാരത്തില്‍ നമ്പര്‍ വണ്‍ തന്നെ. പോളണ്ടുകാരും സ്വിഡന്‍കാരുമെല്ലാം പ്രത്യേകിച്ച്. അവരുടെ ഉയരമാണ് ഫ്രീകിക്ക് വേളകളില്‍, കോര്‍ണര്‍ കിക്ക് വേളകളില്‍ എല്ലാവരും പുറത്തെടുക്കാറുള്ളത്. മറഡോണയില്‍ ഫുട്‌ബോള്‍ ലോകം കണ്ട കുറവ് അദ്ദേഹത്തിന് ഹെഡ്ഡര്‍ സാധ്യമാവില്ല എന്നാണല്ലോ.. പക്ഷേ സെനഗല്‍ താരങ്ങള്‍ ഉയരക്കുറവിലും പവര്‍ ഉപയോഗിക്കുന്നു. അത്യുയരത്തില്‍ അവര്‍ ചാടുന്നു. ചാടിയിട്ടും പന്ത് കിട്ടാത്ത പക്ഷം പ്രതിയോഗിയെ ഓടിപിടിക്കുന്നു. ഇതിനെയാണ് ശക്തി എന്ന് വിശേഷിപ്പിക്കുന്നത്

4-ഏകവ്യക്തി കേന്ദ്രീകൃതമല്ല- പോളണ്ടിനെതിരായ മല്‍സരത്തിന് മുമ്പ് രാവിലെ മീഡിയാ സെന്ററില്‍ ഞാന്‍ സെനലല്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നു. അവര്‍ വളരെ വ്യക്തമായി ടീമിനെ അപഗ്രഥിച്ചു. നിങ്ങള്‍ക്ക് അറിയാവുന്നത് സാദിയോ മാനേയെ മാത്രമാണ്. പക്ഷേ സെനഗല്‍ ടീമിലെ എല്ലാവരും മാനേകളാണ്. അതായത് തകര്‍പ്പന്‍ പ്രകടനക്കാര്‍. മല്‍സരം കണ്ടപ്പോള്‍ അത് വളരെ വ്യക്തമാവുകയും ചെയ്തു. ഗോള്‍ക്കീപ്പര്‍ ഖാദിം നിദായെ കിടിലന്‍ നിശ്ചയദാര്‍ഡ്യത്തിന്റെ പ്രതീകം. പ്രതിരോധത്തില്‍ ഖാലിദ് കോലിബാലി, ഇദ്രിസ് ഖാനെ ഗുയെ, സാലിഫ് സാനേ, മാമാ ദിയുഫ് എല്ലാവരും കേമന്മാര്‍. മധ്യനിരയില്‍ യൂസുഫ് സാബാലി, ആല്‍ഫ്രെഡ് നിദായെ, ഇസ്മായില്‍ സാര്‍, മുന്‍നിരയില്‍ എംബായേ നിയാംഗ്, മൂസ വാഗെ എല്ലാവരും മിടുക്കര്‍. റിസര്‍വ്വ് ബെഞ്ചിലുമുണ്ട് ഇതേ കരുത്ത്…..

ലോകകപ്പ് തുടങ്ങിയിട്ടേയുള്ളു. പക്ഷേ സെനഗല്‍ കസറി കളിക്കും. അവരാണ് ഈ ലോകകപ്പിലെ കറുത്ത കുതിരകള്‍. മെക്‌സിക്കോക്ക് നല്ല തുടക്കം ലഭിച്ചിരിക്കുന്നു. ജര്‍മനിയെ തോല്‍പ്പിച്ചു എന്ന ആത്മവിശ്വാസമാണ് അവരുടെ വലിയ ആയുധം. യൂറോപ്യന്‍ ടീമുകളില്‍ സര്‍പ്രൈസ് പാക്കേജ് തീര്‍ച്ചയായും റഷ്യ തന്നെ. അവര്‍ രണ്ടാം വിജയവുമായി പ്രി ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കുന്നു. ഇംഗ്ലണ്ടും ഡെന്മാര്‍ക്കും ഫ്രാന്‍സും ബെല്‍ജിയവും നിലവാരം കാത്തു. ഐസ്‌ലാന്‍ഡും സ്വിറ്റ്‌സര്‍ലാന്‍ഡും കൊമ്പന്മാരെ സമനിലയില്‍ തളച്ചിരിക്കുന്നു. ഏഷ്യയുടെ ശക്തിയായിരിക്കുന്നു കൊളംബിയയെ തോല്‍പ്പിച്ചത് വഴി ജപ്പാന്‍. ലാറ്റിനമേരിക്കയുടെ കാര്യമാണ് കഷ്ടം. ബ്രസീലും അര്‍ജന്റീനയും വിയര്‍ക്കുന്നു. പെറുവും കൊളംബിയയും തോറ്റിരിക്കുന്നു. ആഫ്രിക്കയുടെ പ്രതിനിധികളില്‍ സെനഗലിനെ മാറ്റിനിര്‍ത്തിയാല്‍ എല്ലാവരും പരാജിതരാണ്.

chandrika: