തുല്യ ദു:ഖിതരാണ് ലണയല്‍ മെസിയും റോബര്‍ട്ടോ ലെവന്‍ഡോവിസ്‌ക്കിയും. ലോക ഫുട്‌ബോളിലെ രണ്ട് മികച്ച താരങ്ങള്‍. പക്ഷേ സ്വന്തം ടീമന്റെ ദയനീയതയില്‍, വ്യക്തിഗതമായി ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിയാതെ രണ്ട് പേരും ഖിന്നരാണ്. അര്‍ജന്റീന രണ്ട് മല്‍സരങ്ങള്‍ പിന്നിട്ടപ്പോള്‍ മെസി സ്പര്‍ശം മൈതാനങ്ങളില്‍ കണ്ടില്ല. പോളണ്ട് രണ്ട് കളികളിലും തോറ്റ് പുറത്തായിരിക്കുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ രാജ്യത്തിനായി 16 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്ത ലെവന്‍ഡോവിസ്‌ക്കിയാവട്ടെ രണ്ട് കളിയിലും നിസ്സഹായനായിരുന്നു. ബാര്‍സിലോണ എന്ന ക്ലബിനായി തകര്‍ത്തു കളിക്കുമ്പോള്‍ മെസിക്ക് പന്ത് യഥേഷ്ടം നല്‍കാന്‍ ഇനിയസ്റ്റയും സംഘവുമുണ്ട്. ബയേണിലാണ് ലെവന്‍ഡോവിസ്‌ക്കി. ജര്‍മന്‍ ബുണ്ടസ്‌ലീഗില്‍ ബയേണ്‍ തകര്‍ക്കുമ്പോള്‍ ആര്‍ജന്‍ റൂബനും ഫ്രാങ്ക് റിബറിയുമെല്ലാമുണ്ട് ലെവന്‍ഡോവിസ്‌ക്കിക്ക് പന്ത് എത്തിക്കാന്‍. ദേശീയ നിരയിലേക്ക് വരുമ്പോള്‍ ആരുമില്ലാത്ത അവസ്ഥ.
ഈ ലോകകപ്പിന്റെ നഷ്ടമാണ് ലെവന്‍ഡോവിസ്‌ക്കി. മാസ്മരികമായി സ്‌ക്കോര്‍ ചെയ്യുന്ന ഒരു മുന്‍നിരക്കാരന്‍. പോളണ്ടിന്റെ രണ്ട് മല്‍സരങ്ങള്‍ ഞാന്‍ കണ്ടു-ലെവന്‍ഡോവിസ്‌ക്കി കാഴ്ച്ചക്കാരന്റെ റോളിലായിരുന്നു-മെസിയെ പോലെ. സെനഗലുമായുളള അങ്കത്തില്‍ മൂന്ന് തവണ മാത്രമായിരുന്നു ലെവന്‍ഡോവിസ്‌ക്കിക്ക് പന്ത് കിട്ടിയത്. ആ സമയത്താവട്ടെ അദ്ദേഹത്തിന് ബോക്‌സിലേക്ക് പ്രവേശിക്കാന്‍ പോലും കഴിഞ്ഞില്ല. കൊളംബിയയോട് മൂന്ന് ഗോളാണ് പോളണ്ട് വഴങ്ങിയത്. യൂറോപ്യന്‍ ഫുട്‌ബോള്‍ പരിശോധിച്ചാലറിയാം പോളണ്ടുകാരുടെ മന:ക്കരുത്ത്. മറ്റൊരു യൂറോപ്യന്മാര്‍ക്കുമില്ലാത്ത ആത്മവീര്യത്തില്‍ കളിക്കുന്നവരാണവര്‍. ഫുട്‌ബോളില്‍ പോളിഷ് ഹുങ്ക് എന്നൊരു പ്രയോഗം തന്നെയുണ്ട്. മൈതാനത്ത് ഹുങ്ക് പ്രകടിപ്പിക്കുമ്പോഴും അവര്‍ ജയിച്ച് വരാറുണ്ടായിരുന്നു. ഇവിടെ അവര്‍ കളിച്ച രണ്ട് മല്‍സരങ്ങളിലും അത് കണ്ടില്ല. കൊളംബിയക്കാരുടെ തിരിച്ചുവരവ് പക്ഷേ ശക്തരായാണ്. പവര്‍ ഫുട്‌ബോളാണ് അവര്‍ യൂറോപ്പിനെതിരെ പുറത്തെടുത്തത്. മൂന്ന് ഗോളുകളും ഉഗ്രന്‍ ഗോളുകളായിരുന്നു. ഫല്‍ക്കാവോ നേടിയ ഗോളാവട്ടെ ടീമിനെ പ്രചോദിപ്പിക്കുകയും ചെയ്യും. ജെയിംസ് റോഡ്രിഗസ് എന്ന കഴിഞ്ഞ ലോകകപ്പിലെ താരം പരുക്കില്‍ നിന്നും മുക്തനായി മധ്യനിരയിലെ തന്റെ റോള്‍ ആസ്വദിക്കുന്നുണ്ട്.
ഇവര്‍ കളിക്കുന്ന ഗ്രൂപ്പ് എച്ചാണ് സങ്കീര്‍ണം. പോളണ്ട് മാത്രമേ പുറത്തായിട്ടുള്ളു. ജപ്പാനും കൊളംബിയക്കും സെനഗലിനും തുല്യ സാധ്യതയാണ്. ജപ്പാന്‍ വീണ്ടും അല്‍ഭുതപ്പെടുത്തി. ആദ്യ മല്‍സരത്തില്‍ കൊളംബിയയെ പരാജയപ്പെടുത്തിയത് ഫഌക്കല്ല എന്ന് തെളിയിച്ചാണ് സെനഗലിനെതിരെ രണ്ട് വട്ടം പിറകിലായിട്ടും തിരിച്ചുവന്ന് 2-2 ല്‍ എത്തിയത്. ഇതോടെ ഗ്രൂപ്പിലവര്‍ക്ക് നാല് പോയിന്റായിരിക്കുന്നു. സെനഗലാവാട്ടെ പോളണ്ടിനെ തോല്‍പ്പിച്ചവരെന്ന ഖ്യാതിയിലായിരുന്നു ജപ്പാനെതിരെ ഇറങ്ങിയത്. സാദിയോ മാനേയുടെ ഗോളില്‍ ഭാഗ്യലീഡ് നേടിയ ടീമിന് പക്ഷേ ജപ്പാന്റെ പോരാട്ടവീര്യമാണ് വിനയായത്. സെനഗലിനുമുണ്ട് നാല് പോയിന്റ്. കൊളംബിയക്കാര്‍ പോളണ്ടിനെ തോല്‍പ്പിച്ചത് വഴി മൂന്ന് പോയന്റില്‍ നില്‍ക്കുന്നു. 28 നാണ് ഈ ഗ്രൂപ്പിലെ അവസാന മല്‍സരങ്ങള്‍. അന്നത്തെ അങ്കങ്ങളെല്ലാം തീപ്പോരാട്ടങ്ങളാണ്. സെനഗല്‍-കൊളംബിയ മല്‍സരമായിരിക്കും വിധി നിര്‍ണയിക്കുക.
പാനമക്കെതിരെ ഇംഗ്ലണ്ടിന്റെ വിജയം പ്രതീക്ഷിച്ചത് മാത്രമാണ്. ആറ് ഗോളിന്റെ ജയം പക്ഷേ അല്‍ഭുതവുമായി. ഹാരി കെയിന്‍ എന്ന നായകനെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. അഞ്ച് ഗോളുകള്‍ അദ്ദേഹം സ്‌ക്കോര്‍ ചെയ്തു. കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനായി ഗോള്‍വേട്ട നടത്തുന്നത് പോലെയാണ് അദ്ദേഹം ഗോളടിക്കുന്നത്. പാനമക്കെതിരെ രണ്ട് പെനാല്‍ട്ടി ഉള്‍പ്പെടെയാണ് മൂന്ന് ഗോളുകള്‍. ടൂണീഷ്യക്കെതിരെ രണ്ട് ഗോളുകളും. ലോകകപ്പിലെ ആദ്യ ഇംഗ്ലീഷ് ഹാട്രിക്കുകാരന്‍ എന്ന ബഹുമതിയും അദ്ദേഹത്തെ തേടി വന്നിരിക്കുന്നു. ജെസി ലിന്‍ഗാര്‍ഡും റഹീം സ്‌റ്റെര്‍ലിംഗും റാഷ്‌ഫോര്‍ഡുമെല്ലാം ഉള്‍പ്പെട്ട യുവസംഘത്തിന്റെ കളി അപാരമാണ്. പാനമക്ക് ആശ്വസിക്കാം-അവര്‍ ലോകകപ്പില്‍ കളിക്കാന്‍ മാത്രം വന്നവരാണ്. കന്നി ലോകകപ്പില്‍ തന്നെ ഫിലിപ്പ് ബലോയിലൂടെ അവര്‍ ചരിത്രവും കുറിച്ചല്ലോ-ലോകകപ്പിലെ ആദ്യപാനമ ഗോള്‍ സ്‌ക്കോറര്‍ എന്നത് തനിക്ക് ലോകകപ്പ് ലഭിച്ച ബഹുമതി പോലെയാണെന്ന് ബലോയി തന്നെ പറഞ്ഞിരിക്കുന്നു.
ഇനി പ്രാഥമിക ഗ്രൂപ്പിലെ അവസാന പോരാട്ടങ്ങളാണ്. ഇന്ന് മുതല്‍ ഗ്രൂപ്പ് മല്‍സരങ്ങളെല്ലാം ഒരേ സമയം. ഗ്രൂപ്പ് മല്‍സരങ്ങള്‍ അവസാനിക്കുമ്പോള്‍ വലിയ കണ്‍ഫ്യൂഷന്‍ ഗ്രൂപ്പ് എച്ചിലാണ്. പോളണ്ട് ഒഴികെ ഗ്രൂപ്പിലെ മൂന്ന് പേര്‍ക്കും-ജപ്പാന്‍, സെനഗല്‍, കൊളംബിയ ടീമുകള്‍ക്ക്് വ്യക്തമായ സാധ്യതയാണ്. കളിച്ച രണ്ട് മല്‍സരങ്ങളും തോറ്റ പോളണ്ട് പുറത്തായിരിക്കുന്നു. അവര്‍ക്ക് പക്ഷേ ജപ്പാന്റെ വഴി തടയാനാവും. കൊളംബിയയെ തോല്‍പ്പിക്കുകയും സെനഗലിനെ 2-2 ല്‍ തളക്കുകയും ചെയ്ത സമുറായികള്‍ക്ക് നാല് പോയിന്റുണ്ട്. പോളണ്ടിനെതിരെ സമനില നേടിയാല്‍ യോഗ്യത നേടാം. ഏഷ്യയില്‍ നിന്ന് എല്ലാവരും പുറത്തേക്കായി നില്‍ക്കുമ്പോള്‍ ജപ്പാനാണ് വലിയ പ്രതീക്ഷ.