കമാല്‍ വരദൂര്‍
മോസ്‌ക്കോ: റഷ്യയില്‍ നിന്നും ലഭിക്കുന്ന ആദ്യ ഫുട്‌ബോള്‍ ഉത്തരം ഒരു പേരാണ് -ലെവ് യാഷിന്‍….. എവിടെ ആരോടും ചോദിച്ചാലും ഫുട്‌ബോള്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നത് വിശ്രുതനായ ഈ ഗോള്‍ക്കീപ്പറില്‍ നിന്നാണ്. സോവിയറ്റ് സോക്കറിന്റെ സുവര്‍ണ കാലമെന്ന് പറയുന്നത് 1940 കള്‍ക്ക് ശേഷമാണ്. കൃത്യമായി പറഞ്ഞാല്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം. ലെനിനും സ്റ്റാലിനും പിന്നെ കമ്മ്യൂണിസവുമായുള്ള കാലത്തെ സോവിയറ്റ് ഫുട്‌ബോള്‍ ലോകത്തിന് അത്ര പരിചിതമല്ല. മിലിട്ടറി കാര്‍ക്കശ്യത്തില്‍ പക്ഷേ ആ കമ്മ്യൂണിസ കാല ഫുട്‌ബോള്‍ അച്ചടക്കത്തിന്റേതായിരുന്നു. റെഡ് ആര്‍മി ക്ലാസുകളിലെ കാര്‍ക്കശ്യത പോലെ മൈതാനത്ത് കൈവിട്ട കളികള്‍ക്ക് റഷ്യക്കാര്‍ മുതിര്‍ന്നിരുന്നില്ല. 1956 ല്‍ ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണില്‍ നടന്ന ഒളിംപിക്‌സാണ് സോവിയറ്റ് യൂണിയന് ലഭിക്കുന്ന ആദ്യ ഫുട്‌ബോള്‍ അംഗീകാരം. ശീതസമര വേളയായതിനാല്‍ അമേരിക്കന്‍ ചേരിക്കാര്‍ വിട്ടുനിന്ന ആ ഒളിംപിക്‌സിലെ ഫുട്‌ബോള്‍ മല്‍സരത്തില്‍ ആകെ പതിനൊന്ന് ടീമുകളാണ് മല്‍സരിച്ചിരുന്നത്. നമ്മുടെ ഇന്ത്യയുമുണ്ടായിരുന്നു കളത്തില്‍. കോഴിക്കോടിന്റെ സ്വന്തം ഒളിംപ്യന്‍ റഹ്മാന്‍ കളിച്ച ഒളിംപിക്‌സ്. നെവില്‍ ഡീസൂസ ഹാട്രിക് സ്‌ക്കോര്‍ ചെയ്ത ഒളിംപിക്‌സ്. സോവിയറ്റ് യൂണിയനായിരുന്നു സ്വര്‍ണം. അക്കാലത്ത് രാജ്യം ചര്‍ച്ച ചെയ്തിരുന്ന പ്രധാന കായികതാരം വെസ്‌വലോഡ് ബോബ്‌റോവായിരുന്നു. ഫുട്‌ബോളിലും പിന്നെ ഐസ് ഹോക്കിയിലും മികവ് പ്രകടിപ്പിച്ച താരം. ഇവരുടെയെല്ലാം കാലത്തിന് ശേഷമായിരുന്നു യാഷിന്‍ ഇതിഹാസമാവുന്നത്.
ഗോള്‍വലയത്തില്‍ പറക്കുന്ന താരം. കറുത്ത ചിലന്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ വിളിപ്പേര്. അപാര വേഗതയും മെയ്‌വഴക്കവും പ്രകടിപ്പിച്ച ഗോള്‍ക്കീപ്പര്‍. സാധാരണ ഗതിയില്‍ ഗോള്‍ക്കീപ്പറെ നിര്‍വചിച്ചിരുന്നത് നിശ്ചിതമായ സ്ഥലത്ത് പന്തിനെ രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട വ്യക്തി എന്നതാണെങ്കില്‍ യാഷിന്‍ അതില്‍ നിന്നും വിത്യസ്തനായിരുന്നു. 1963 ല്‍ ഫിഫ ആ മഹാനായ ഗോള്‍ക്കീപ്പറെ ബലന്‍ഡിയോര്‍ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. ഇന്നും മറ്റൊരു ഗോള്‍ക്കീപ്പര്‍ക്ക് ഈ പുരസ്‌ക്കാരം ലഭിച്ചിട്ടില്ല. 2008 മുതല്‍ ലയണല്‍ മെസിയും കൃസ്റ്റിയാനോ റൊണാള്‍ഡോയും മാറി മാറി പങ്ക് വെക്കുന്ന ആ കിരീടം മറ്റൊരു റഷ്യക്കാര്‍ക്കും കിട്ടിയിട്ടുമില്ല.
ഒരു സാധാരണ ഫാക്ടറി തൊളിലാളിയായിരുന്നു യാഷിന്‍. താരാരാധനയില്ലാത്ത സോവിയറ്റുകാര്‍ എങ്ങനെ യാഷിനെ താരമാക്കി എന്നതില്‍ അല്‍ഭുതമില്ല. അവര്‍ക്കിടയില്‍ നിന്നുള്ള ഒരാളായിരുന്നു അദ്ദേഹം. മെല്‍ബണ്‍ ഒളിംപിക്‌സ് കഴിഞ്ഞ കാലം. യാഷിന്‍ പ്രശസ്തിയിലേക്ക് വരുന്നു. അപ്പോഴും അദ്ദേഹം യാത്ര ചെയ്യാറ് ട്രെയിനിലായിരുന്നു. വ്‌ലാഡിവോസ്‌റ്റോക്കില്‍ നിന്നും മോസ്‌ക്കോയിലേക്കുള്ള യാത്രയില്‍ യാഷിനെ കണ്ടപ്പോള്‍ ഒരു സാധാരണ കര്‍ഷകന്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീണ് വന്ദിച്ചു. എന്നിട്ട് തന്റെ കൈവശമുളള അല്‍പ്പം വിത്തുകള്‍ അദ്ദേഹത്തിന് സമ്മാനിച്ച് പറഞ്ഞു-ഇതാണ് എന്റെ സമ്മാനം. ആ സമ്മാനത്തിന്റെ വിലയെക്കുറിച്ച് പിന്നീട് യാഷിന്‍ പറഞ്ഞിട്ടുണ്ട്. ഈ കഥകളൊക്കെ പുതിയ റഷ്യക്കാര്‍ക്കുമറിയാം. അവര്‍ ഇവിടെയെത്തുമ്പോള്‍ നമ്മോട് പറയുന്നത് ഈ വിശേഷങ്ങളാണ്. 1960 ല്‍ യൂറോപ്യന്‍ കിരീടം ചൂടിയ റഷ്യന്‍ സംഘത്തിന്റെ നായകന്‍ യാഷിനായിരുന്നു. ആ ഫൈനല്‍-പ്രതിയോഗികള്‍ പഴയ ശത്രുക്കളായ യുഗോസ്ലാവ്യക്കാര്‍. മല്‍സരം അധികസമയത്തേക്ക് ദീര്‍ഘിച്ചപ്പോള്‍ സോവിയറ്റ് വലയില്‍ കോട്ട പോലെ യാഷിന്‍. അ അധികസമയത്ത് വിക്ടര്‍ പോനിഡിലിന്‍കിന്റെ ഗോള്‍-സോവിയറ്റ് ചാമ്പ്യന്മാര്‍…. 1966 ലെ ലോകകപ്പില്‍ നാലാമത് വന്നതാണ് ലോകകപ്പിലെ സോവിയറ്റ് വീരഗാഥകളില്‍ പ്രധാനം. ഇപ്പോഴിതാ അവരുടെ നാട്ടില്‍ ലോകകപ്പ്. ഇന്നവര്‍ സഊദി അറേബ്യയുമായി കളിക്കുമ്പോള്‍ എല്ലാ റഷ്യക്കാരുടെയും മനം നിറയെ യാഷിന്‍ തന്നെ…