X

ഓസീലിനോട് ജര്‍മനി ചെയ്തത് നന്ദിയില്ലായ്മ

ലോകകപ്പ് കഴിഞ്ഞയുടന്‍ കേള്‍ക്കുന്നത് വേദനിക്കുന്ന വാര്‍ത്തയാണ്… തന്നെ വംശീയമായി ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധികാരികള്‍ അധിക്ഷേപിക്കുന്നു എന്നവലിയ ആക്ഷേപവുമായി മെസുട്ട് ഓസീല്‍ എന്ന അനുഗ്രഹീതനായ മധ്യനിരക്കാരന്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചിരിക്കുന്നു. വംശീയാധിക്ഷേപങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുളള സംഘടനയാണ് ഫിഫ. നോ റേസിസം എന്നതാണ് ഫിഫയുടെ മുഖ്യ മുദ്രാവാക്യം.

ഗ്യാലറികളില്‍ കാണികള്‍ ആരെങ്കിലും വംശീയ മുദ്രാവാക്യം മുഴക്കിയാല്‍ കളി തന്നെ നിര്‍ത്തിവെക്കണമെന്ന ശക്തമായ നിര്‍ദ്ദേശം ഫിഫ ഇത്തവണ റഫറിമാര്‍ക്ക്് പോലും നല്‍കിയിരുന്നു. അത്തരത്തില്‍ അതിശക്ത നിലപാടുള്ള ഫിഫയിലെ പ്രബല അംഗമായ ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് സ്വന്തം താരത്തിനെതിരെ വംശീയ പടയൊരുക്കം നടത്തി ആ താരത്തെ കളിക്കളത്തില്‍ നിന്ന് തന്നെ ഓടിച്ചിരിക്കുന്നത്. 2014 ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ജര്‍മനി ജേതാക്കളായപ്പോള്‍ ഓസിലിനെക്കുറിച്ച് ആര്‍ക്കും പരാതിയില്ല. ആ വേളയില്‍ അദ്ദേഹം ജര്‍മന്‍കാരന്‍- ജര്‍മന്‍ രക്തമുളളവന്‍.

റഷ്യന്‍ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ ജര്‍മനി പരാജയപ്പെട്ടപ്പോള്‍ ഓസില്‍ തുര്‍ക്കിക്കാരന്‍- ഈ നിലപാട് സ്വീകരിക്കുന്നത് ഒലിവര്‍ ബൈറോഫിനെ പോലുള്ള ഒരാളാവുമ്പോള്‍ അതില്‍പ്പരം സങ്കടം വേറെ എന്തുണ്ട്… ഫുട്‌ബോള്‍ ലോകം ഇഷ്ടപ്പെട്ടിരുന്ന മുന്‍നിരക്കാരനായിരുന്നു ദീര്‍ഘകാലം ബൈറോഫ്. ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യത്തെ ഗോള്‍ഡന്‍ ഗോളിനുടമ. മൂന്ന് ലോകകപ്പുകളില്‍ ദേശീയ കുപ്പായമിട്ട ജര്‍മന്‍ താരം. അദ്ദേഹമിപ്പോള്‍ സ്വന്തം രാജ്യത്തെ ഫുട്‌ബോള്‍ ഫെഡറേഷനെ നയിക്കുന്നു.

തുര്‍ക്കി പ്രസിഡണ്ട് ഉര്‍ദ്ദുഖാനെ സന്ദര്‍ശിച്ചതിന്റെ പേരില്‍ ഓസിലിനെ റഷ്യന്‍ ലോകകപ്പിനുളള ടീമില്‍ നിന്ന് തന്നെ പുറത്താക്കുമായിരുന്നെന്ന് അദ്ദേഹത്ത പോലെ ഒരാള്‍ പറയുമ്പോള്‍ എവിടെയാണ് നമ്മുടെ മനസ്സിലെ ജാതി-വര്‍ഗ-വര്‍ണ ബോധം… ഫിഫയോട് മാത്രമല്ല ഫുട്‌ബോളിനോട് പോലും അനാദരവ് കാണിച്ചിരിക്കുന്നു ജര്‍മനിയും ബൈറോഫുമെല്ലാം. ജര്‍മനിക്കായി രാജ്യാന്തര ഫുട്‌ബോള്‍ കളിക്കുന്നവരെല്ലാം യഥാര്‍ത്ഥ ജര്‍മന്‍കാരാണോ… അല്ല. മിറോസ്ലാവ് ക്ലോസെ എന്ന മികച്ച മുന്‍നിരക്കാരന്‍ പോളിഷ് ജര്‍മനാണ്-അതായത് പോളണ്ടില്‍ വേരുളള ജര്‍മന്‍കാരന്‍. ലുക്കാസ് പോദോസ്‌ക്കിക്കും പോളണ്ടിലാണ് വേരുകള്‍. അവരെയൊന്നും പോളണ്ടുകാര്‍ എന്ന് വിളിക്കാത്ത ജര്‍മനിക്കാര്‍ ഇപ്പോള്‍ ഓസിലിനെ എന്ത് കൊണ്ടാണ് തുര്‍ക്കിക്കാരന്‍ എന്ന് വിളിക്കുുന്നത്. താന്‍ ജനിച്ചത് തുര്‍ക്കിയിലാണെന്നും തുര്‍ക്കിയില്‍ തനിക്കിപ്പോഴും വേരുകളുണ്ടെന്നും തുര്‍ക്കി പ്രസിഡണ്ടിനെ സന്ദര്‍ശിച്ചതിലും ഫോട്ടോക്ക് പോസ് ചെയ്തതിലും വേദനയില്ലെന്നും ചങ്കുറപ്പോടെ പറയുന്ന ഓസിലിന് മുന്നില്‍ അപമാനിതരാണ് ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍… ലോകകപ്പില്‍ എന്ത് കൊണ്ടാണ് ജര്‍മനി തകര്‍ന്നത്… അവരുടെ മൂന്ന് മല്‍സരങ്ങളും നേരില്‍ കണ്ട വ്യക്തി എന്ന നിലയില്‍ പറയാം-അബദ്ധമായിരുന്നു ടീം. ഒരു വയസ്സന്‍ പട. ജര്‍മനി ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ കളിച്ച മല്‍സരങ്ങളിലെ ഓര്‍മിക്കാനാവുന്ന ഏക മുഹൂര്‍ത്തം സ്വീഡനെതിരായ രണ്ടാം മല്‍സരത്തിന്റെ അവസാനത്തില്‍ ടോണി ക്രൂസ് നേടിയ ഒരു ഫ്രീകിക്ക്് ഗോള്‍ മാത്രമായിരുന്നു. ജോക്കിം ലോ പരിശീലിപ്പിച്ച സംഘത്തില്‍ ഓസിലും ക്രൂസും തോമസ് മുളളറുമെല്ലാം പരാജയമായിരുന്നു.

മെക്‌സിക്കോയും ദക്ഷിണ കൊറിയക്കാരും ടീമിനെ തരിപ്പണമാക്കി കളഞ്ഞു. ആ ദുരന്തത്തിന് ഓസീലിനെ ബലിയാടാക്കുന്നതില്‍ എന്താണ് കാര്യം…? അദ്ദേഹം തന്നെ വേദനയോടെ ചോദിച്ചിരിക്കുന്നു-ഞാനൊരു മുസ്‌ലിം ആയതാണോ പാപമെന്ന്…? അത്തരത്തില്‍ ഒരു രാജ്യാന്തര ഫുട്‌ബോളര്‍ സംസാരിക്കേണ്ടി വരുന്നതിലെ വേദന എത്ര മാത്രമായിരിക്കും. 29 വയസ്സാണ് അദ്ദേഹത്തിന്റെ പ്രായം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിന് വേണ്ടി കളിക്കുന്നു. മധ്യനിരയില്‍ സുന്ദരമായി കളി മെനയുന്ന താരം-അതുല്യമായ പാസുകള്‍ കൂട്ടുകാര്‍ക്ക്് നല്‍കുന്ന അതിവേഗക്കാരന്‍. ഇത്തരത്തില്‍ സുന്ദരമായി കളിക്കുന്ന ഒരു താരത്തിനെ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരില്‍ വേട്ടയാടുമ്പോള്‍ എങ്ങനെ നമ്മുടെ കളിമുറ്റങ്ങള്‍ വംശീയ വിമുക്തമാവും. റഷ്യന്‍ ലോകകപ്പില്‍ 64 മല്‍സരങ്ങള്‍ നടന്നു. ഒരു മല്‍സരത്തില്‍ പോലും വംശീയ വെറിയുണ്ടായില്ല.

mesut ozilഫിഫയും പ്രാദേശിക സംഘാടകരും റഫറിമാരുമെല്ലാം ജാഗ്രത പുലര്‍ത്തി. നമ്മുടെ കളിക്കളത്തില്‍ വംശീയാധിക്ഷേപത്തിന്റെ പ്രേതങ്ങള്‍ പോലുമുണ്ടാവരുതെന്ന് പറഞ്ഞ ഫിഫ തലവന്‍ ജിയോവന്നി ഇന്‍ഫാന്‍ഡിനോയുടെ മുന്നില്‍ വെച്ചാണിപ്പോള്‍ ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തന്നെ മഹാനായ ഒരു താരത്തെ വംശീയമായി അധിക്ഷേപിച്ചിരിക്കുന്നത്. ആ വേദനയില്‍ ഇനി ഞാന്‍ രാജ്യത്തിനായി കളിക്കാനില്ലെന്നും അദ്ദേഹം പറയേണ്ടി വന്നിരിക്കുന്നു. ഒരു രാജ്യത്തിന്റെ തലവനെ കണ്ടതില്‍ എന്താണ് തെറ്റ്…? അങ്ങനെയാണെങ്കില്‍ മോസ്‌ക്കോ ലുഷിനിക്കി സ്‌റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫൈനലിന് സാക്ഷ്യം വഹിച്ചത് മൂന്ന് പ്രസിഡണ്ടുമാരായിരുന്നു. റഷ്യന്‍ പ്രസിഡണ്ടും ഫ്രഞ്ച് പ്രസിഡണ്ടും ക്രൊയേഷ്യന്‍ പ്രസിഡണ്ടും. മൂന്ന് പേരും ഫ്രഞ്ച് ടീമിലെ കളിക്കാരെയും പരാജയപ്പെട്ട ക്രോട്ട്് ടീമിലെ കളിക്കാരെയും കനത്ത മഴയിലും ആശ്ലേഷിച്ചു-അഭിനന്ദിച്ചു…. ഫ്രഞ്ച് സംഘത്തില്‍ എത്രയോ ആഫ്രിക്കന്‍ വംശജരുണ്ടായിരുന്നു-98 ല്‍ ഫ്രാന്‍സിന് ലോകകപ്പ്് സമ്മാനിച്ചത് പോലും ആഫ്രിക്കന്‍ വേരുകളുളള താരങ്ങളായിരുന്നില്ലേ…… അടുത്ത ലോകകപ്പില്‍-അതായത് 2002 ല്‍ ഇതേ ഫ്രഞ്ച് ടീം ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായപ്പോള്‍ ഫ്രഞ്ച് ഭരണകൂടം ഒരു താരത്തെയും അധിക്ഷേപിച്ചില്ല. ജര്‍മന്‍കാര്‍-പണ്ടേ അവരുടെ രക്തത്തില്‍ വര്‍ണവീര്യമുണ്ട്.. ഹിറ്റ്‌ലറുടെ നാട്ടുകാരാണല്ലോ…. ആര്യരക്തത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണല്ലോ…. അവര്‍ പക്ഷേ ആധുനിക ലോകത്തോട് ചെയ്ത പാതകം അംഗീകരിക്കാനാവില്ല. ഫിഫ തന്നെ ഇടപെടേണ്ടിയിരിക്കുന്നു…..

chandrika: