X

ഫുട്‌ബോളില്‍ ഒഴുകുന്ന അറേബ്യന്‍ ദിനാറുകള്‍

 

കമാല്‍ വരദൂര്‍
തേര്‍ഡ് ഐ

കാല്‍പ്പന്ത് ലോകത്ത് ഏറ്റവുമധികം കാശ് മുടക്കുന്നവര്‍ ആരാണ്….? സംശയം വേണ്ട-അറബ് ലോകമാണ്. കാല്‍പ്പന്തിനെ അത്രമാത്രം നെഞ്ചിലേറ്റുന്നവരാണ് അറബ് ലോകം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ അധിപന്മാര്‍ ദുബൈയിലെ നഹ്യാന്‍ കുടുംബമാണ്. ഫ്രഞ്ച് ലീഗില്‍ കുതിപ്പ് നടത്തുന്ന നെയ്മറിന്റെ പാരീസ് സെന്റ് ജര്‍മന്‍ പാരീസ് ക്ലബാണെങ്കിലും അതിന് പിറകില്‍ അറബ് കുടുംബമാണ്. നെയ്മറെ റെക്കോര്‍ഡ് തുകക്ക് ബാര്‍സയില്‍ നിന്നും പി.എസ്.ജിയില്‍ എത്തിച്ചത് ദുബൈ ദിനാറുകളാണ്. നിരവധി സഊദി അറേബ്യന്‍ കോടീശ്വരന്മാര്‍ ഇംഗ്ലീഷ് ക്ലബുകളില്‍ മുതല്‍ മുടക്കുന്നുണ്ട്. 2022 ലെ ലോകകപ്പ് ഖത്തറില്‍ നടക്കാനിരിക്കുമ്പോള്‍ ലോക ഫുട്‌ബോളിന്റെ വലിയ വേദിയായി മാറുകയാണ് കൊച്ചു രാജ്യം. ലോകകപ്പ് വേദികള്‍ക്കായി കോടികളാണ് ഖത്തര്‍ മുടക്കുന്നത്. ഇവിടെയും അവസാനിക്കുന്നില്ല ഫുട്‌ബോളിലെ അറബ് ഗാഥ- ബാര്‍സിലോണ, റയല്‍ മാഡ്രിഡ് തുടങ്ങിയ സൂപ്പര്‍ ക്ലബുകളുടെ പ്രധാന സ്‌പോണ്‍സര്‍മാര്‍ അറേബ്യന്‍ കമ്പനികളാണ്. കഴിഞ്ഞ വര്‍ഷം വരെ സാക്ഷാല്‍ ലിയോ മെസി ഉള്‍പ്പെടെയുളളവര്‍ ധരിച്ചിരുന്നത് ഖത്തര്‍ എയര്‍വെയ്‌സിന്റെ ജഴ്‌സിയായിരുന്നെങ്കില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ റയല്‍ മാഡ്രിഡ് എമിറേറ്റ്‌സ് എയര്‍വേയ്‌സിന്റെ ലോഗോയുളള ഷര്‍ട്ടാണ് ഇപ്പോഴും അണിയുന്നത്. കഴിഞ്ഞ ദിവസം മാഡ്രിഡില്‍ നിന്നും റയല്‍ മാഡ്രിഡ് സംഘം ലോകകപ്പില്‍ പങ്കെടുക്കാന്‍ അബുദാബിയിലെത്തിയതവാട്ടെ എമിറേറ്റ്‌സിന്റെ ഏറ്റവും പുതിയ ആഡംബര വിമാനത്തിലും.
അറബ് ലോകത്തിന്റെ ഈ ഫുട്‌ബോള്‍ സ്‌നേഹം ഏറ്റവുമധികം ആസ്വദിക്കുന്നത് ലോകോത്തര താരങ്ങളാണ്. ഡിയാഗോ മറഡോണ കൂറെക്കാലം ദുബൈ ക്ലബായ അല്‍വാസലിന്റെ പരിശീലകനായിരുന്നു. ഇപ്പോള്‍ അദ്ദേഹം ഫുജൈറ എഫ്.സിയുടെ അമരത്തുണ്ട്. കോടികളാണ് മറഡോണക്ക് ക്ലബ് പ്രതിഫലമായി നല്‍കുന്നത്. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യുട്ട, ഇറ്റലിക്ക് 2006 ല്‍ ലോകകപ്പ് സമ്മാനിച്ച നായകന്‍ ഫാബിയോ കന്നവാരോ, പോര്‍ച്ചുഗല്‍ ദേശീയ സംഘത്തിലെ സൂപ്പര്‍ താരമായ റെക്കാര്‍ഡോ കുറസേമ തുടങ്ങി എത്രയോ സൂപ്പര്‍ താരങ്ങള്‍ വിവിധ അറബ് രാജ്യങ്ങളില്‍ ദീര്‍ഘകാലം കളിച്ചിരിക്കുന്നു. എമിറേറ്റ്‌സ് എയര്‍വേസിന്റെ ദീര്‍ഘകാല അംബാസിഡറായിരുന്നു ഫുട്‌ബോള്‍ രാജാവ് പെലെ. ഫുട്‌ബോളെന്നാല്‍ അറബ് ലോകത്തിന് അത് ഇഷ്ടവിനോദമാണ്. ലോകകപ്പ് വേളയില്‍ അറബ് ലോകം മുഴുവന്‍ കളി കാണാനെത്തും. സഊദി അറേബ്യയും ഇറാനുമെല്ലാം ലോകകപ്പിന് യോഗ്യത നേടുമ്പോള്‍ നാടിന്റെ ആവേശം പതിന്മടങ്ങായി ഉയരും. ഇതാ ഇപ്പോള്‍ വീണ്ടും ഫിഫ ക്ലബ് ലോകകപ്പിലൂടെ കാല്‍പ്പന്ത് ലോകത്തെ വരവേല്‍ക്കുന്നു അബുദാബിയും അറബ് ലോകവും. വന്‍കരാ ചാമ്പ്യന്മാര്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയ കുപ്പായത്തില്‍ കളിക്കുന്ന അല്‍ജസീറ രണ്ട് നിര്‍ണായക വിജയങ്ങള്‍ സ്വന്തമാക്കിയതോടെ അബുദാബിയില്‍ ആവേശ പൊടിപ്പൂരമാണ്. അല്‍ ജസീറ അടുത്ത മല്‍സരത്തില്‍ നേരിടുന്നത് കൊല കൊമ്പന്മാരായ നിലവിലെ ചാമ്പ്യന്മാര്‍ റയല്‍ മാഡ്രിഡിനെയാവുമ്പോള്‍ നാളെ രാത്രി നടക്കുന്ന പോരാട്ടത്തിലേക്ക് അറബ് ലോകം ഒഴുകിയെത്തും. കൃസ്റ്റിയാനോ റൊണാള്‍ഡോ, കരീം ബെന്‍സേമ, ജെറാത്ത് ബെയില്‍, മാര്‍സിലോ തുടങ്ങി ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളെല്ലാം സായിദ് സ്‌റ്റേഡിയത്തില്‍ കളിക്കുമ്പോള്‍ അവരെ നേരില്‍ കാണാനും സൈനുദ്ദീന്‍ സിദാന്റെ തന്ത്രങ്ങള്‍ കാണാനുമെല്ലാം അര ലക്ഷത്തോളം പേര്‍ക്ക് ഇരിപ്പിടമുള്ള സായിദ് സ്‌റ്റേഡിയത്തില്‍ ഒരു ഇരിപ്പിടം പോലും ബാക്കിയുണ്ടാവില്ല.
ക്ലബ് ലോകകപ്പ് ഒന്നിലധികം തവണയായി യു.എ.ഇയില്‍ നടക്കുന്നു. ഇവിടെ മാത്രമാണ് ഈ ചാമ്പ്യന്‍ഷിപ്പ് വന്‍ വിജയമായി നടക്കുന്നത്. യൂറോപ്പില്‍ നിന്നുള്ള സൂപ്പര്‍ ക്ലബുകള്‍ മാത്രമാണ് ശക്തി വിലാസത്തോടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ശേഷിക്കുന്ന വന്‍കരകളില്‍ നിന്നുെമത്തുന്ന ടീമുകളില്‍ സൂപ്പര്‍ താരങ്ങള്‍ കുറവായതിനാല്‍ ഗ്യാലറിയില്‍ കാണികളും കുറയും. നിലവിലെ ചാമ്പ്യന്മാര്‍ റയലാണ്. അവരുടെ സാന്നിദ്ധ്യമാണ് ഇത്തവണ ചാമ്പ്യന്‍ഷിപ്പിന്റെ ഹൈലൈറ്റ്. കളിയെ ജീവനുതുല്യം സ്‌നേഹിക്കുകയും കളിക്കാരെ മാറോടണക്കുകയും ചെയ്യുന്ന അറബ്-പ്രവാസി ലോകത്തിന് ക്ലബ് ലോകകപ്പ് ഉല്‍സവം തന്നെ.

chandrika: