കമാല്‍ വരദൂര്‍
സിദാന്‍ തന്നെ ഇന്നലെ പറഞ്ഞു “എന്റെ ഗോള്‍ ഒന്നുമില്ല, കൃസ്റ്റിയാനോയുടെ ഗോളാണ് ഗോള്‍….! 2002 ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടന്നത് സ്‌ക്കോട്ട്‌ലാന്‍ഡ് ആസ്ഥാനമായ ഗ്ലാസ്‌ക്കോയിലെ ഹംദാന്‍ പാര്‍ക്കിലായിരുന്നു. മല്‍സരം 11 ല്‍ നില്‍ക്കുമ്പോള്‍ ഇത് പോലെ ലോംഗ് ക്രോസ് പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്ന് ഞൊടിയിടയില്‍ ഇടത് കാലില്‍ സ്വീകരിച്ച സിദാന്‍ പോസ്റ്റിലേക്ക് പായിച്ച ഷോട്ട് ക്ലബ് ഫുട്‌ബോളിലെ അതിശയമായിരുന്നു.
33 വയസ്സായിരിക്കുന്നു പോര്‍ച്ചുഗലുകാരന്. ദിവസവും ആറ് മണിക്കൂര്‍ ജിംനേഷ്യത്തില്‍. കൈകളിലെയും കാലുകളിലെയും മസിലുകള്‍ കണ്ടില്ലേ 90 മിനുട്ടല്ല 180 മിനുട്ട് കളിച്ചാലും തളരില്ല അദ്ദേഹം. ലോകത്തിലെ ഏറ്റവും മികച് ഫുട്‌ബോളര്‍ ഞാന്‍ തന്നെ എന്ന് തല ഉയര്‍ത്തി പറയാന്‍ അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്ക് കഴിയും. കഠിനാദ്ധ്വാനത്തിന്റെ പര്യായമായ സീനിയര്‍ താരത്തിന്‍െ ടൈമിംഗാണ് അപാരം. ഇന്നലെ യുവന്തസിനെതിരെ അദ്ദേഹം മൂന്നാം മിനുട്ടില്‍ ആദ്യ ഗോളും സുന്ദരമായിരുന്നു. ഓട്ടത്തിനിടിയിലെ ഫല്‍ക്ക് അധികമാര്‍ക്കും കഴിയില്ല കൃത്യമായി പന്തിന്റെ വരവിനെ മനസ്സിലാക്കി ഇടപെടാന്‍. അറുപത്തിനാലാം മിനുട്ടിലെ മാജിക് ഗോള്‍ നോക്കുക. ഗോള്‍ നീക്കത്തിന്റെ തുടക്കത്തില്‍ അദ്ദേഹത്തിന്റെ കിടിലന്‍ ഷോട്ട് ബഫണ്‍ തടഞ്ഞിരുന്നു. അതില്‍ നിരാശനാവാതെ തൊട്ടടുത്ത സെക്കന്‍ഡില്‍ അടുത്ത അവസരമെന്ന പോലെ കാര്‍വജാലിന്റെ ക്രോസ്. അവിടെയാണ് ടൈമിംഗ് അപാരത കൃസ്റ്റിയാനോ തെളിയിച്ചത്. പന്ത് കൃത്യമായി നോക്കി വായുവിലേക്ക് ഉയര്‍ന്ന് ചാടി പന്തിനെ കൃത്യമായി വലയുടെ വലത് മൂലയിലേക്ക് ചെത്തിയിടുന്നു… വലിയ മല്‍സരങ്ങളില്‍ ഇങ്ങനെ വമ്പന്‍ ഗോളുകള്‍ നേടിയ ചരിത്രം സാക്ഷാല്‍ പെലെക്കോ മറഡോണക്കോ ഇല്ല. കൃസ്റ്റിയാനോയുടെ കോച്ചായ സിദാനാണ് വന്‍ മല്‍സരങ്ങളിലെ ഗോള്‍വേട്ടക്കാരനെങ്കില്‍ ആ ഖ്യാതിയും ശിഷ്യനിലേക്ക് പോവുകയാണ്. വലിയ മല്‍സരങ്ങളിലെ സിദാന്‍ ഗോളുകള്‍ ഫുട്‌ബോള്‍ ലോകത്തിന്റെ സൗന്ദര്യമാണ്. ലോകകപ്പ് ഫൈനലില്‍ രണ്ട് തവണ അദ്ദേഹം നിറയൊഴിച്ച ചരിത്രമുണ്ട്98ല്‍. അന്ന് ബ്രസീല്‍ തല താഴ്ത്തി. മറ്റൊരു ഫൈനലില്‍2006 അദ്ദേഹത്തിന്റെ സൂപ്പര്‍ ഗോളുണ്ടായിരുന്നു. മറ്റൊരു ഗോളിനുളള ശ്രമമാണ് അന്ന് ഇറ്റാലിയന്‍ വല കാത്ത ബഫണ്‍ തടഞ്ഞത്. ബഫണിന്റെ ആ സേവാണ് കപ്പ് ഇറ്റലിയിലെത്തിച്ചത്. യൂറോ ഫൈനല്‍ ഉള്‍പ്പെടെ ചാമ്പ്യന്‍സ് ലീഗിന്റെ കലാശ പോരാട്ടങ്ങളിലും യുവന്തസിനായും റയലിനായും സിദാന്‍ സൂപ്പര്‍ ഗോളുകള്‍ നേടിയിട്ടുണ്ട്. അതേ ബഫണെ സാക്ഷി നിര്‍ത്തിയായിരുന്നു ഇന്നലെ കൃസ്റ്റിയുടെ ഷോട്ട്.
ടൂറിനിലെ മൈതാനത്ത് കൃസ്റ്റിയാനോ നേടിയ ഗോളിന് താരതമ്യമില്ല. ലോക ഫുട്‌ബോളിലെ സുവര്‍ണ ഗോളുകളില്‍ ഒന്നാം സ്ഥാനത്ത്. യുവന്തസിനെ കലവറയില്ലാതെ പിന്തുണച്ചിരുന്ന കാണികള്‍ പോലും അക്ഷരാര്‍ത്ഥത്തില്‍ അവസരത്തിനൊത്തുയര്‍ന്ന് ചാമ്പ്യന്‍ താരത്തിന് വേണ്ടി എഴുന്നേറ്റ നിന്നതിലുണ്ട് ആ ഗോളിന്റെ മാഹാത്മ്യം. നാല്‍പ്പതിനായിരത്തേളം പേരാണ് പോരാട്ടം ദര്‍ശിക്കാനെത്തിയത്. ഭൂരിപക്ഷവും യുവന്തസ് ആരാധകര്‍. അവരെല്ലാം സ്വന്തം ടീമിനൊപ്പം ആര്‍ത്തുവിളിച്ച ഘട്ടത്തിലായിരുന്നു ആ സൂപ്പര്‍ ഗോള്‍ പിറന്നത്. ആദ്യം ആരാധകര്‍ അന്ധിച്ചു നിന്നു. പിന്നെ ഓരോരുത്തരായി എഴുന്നേറ്റ് കൈയ്യടിക്കാന്‍ തുടങ്ങി. നിലക്കാത്ത ആ ഓളം മൂന്ന് മിനുട്ടോളം ദീര്‍ഘിച്ചു. കളി പറഞ്ഞ കമന്റേറ്റര്‍മാര്‍ വാക്കുകള്‍ക്കായി തപ്പി തടഞ്ഞു. എങ്ങനെ വിശേഷിപ്പിക്കും ഞാന്‍ ഈ ഗോള്‍സ്‌കൈ സ്‌പോര്‍ട്‌സില്‍ കളി പറയുകയായിരുന്നു ഇംഗ്ലണ്ടിന്റെ മുന്‍ താരം കൃസ്റ്റിയാനോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സഹതാരവുമായിരുന്ന റിയോ ഫെര്‍ഡിനാന്‍ഡ് പറഞ്ഞു. ടെലിവിഷനില്‍ കളി കണ്ട് കൊണ്ടിരുന്നപ്പോള്‍ തോന്നിഈ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതാണ് ചരിത്രം. ലോക ഫുട്‌ബോളിലെ മികച്ച ഗോള്‍ തല്‍സമയം കണ്ടല്ലോ…. കൃസ്റ്റിയാനോതാങ്കള്‍ അമാനുഷനാണ്കളിക്കളത്തിലെ അല്‍ഭുത താരം. താങ്കളുടെ മികവിന് മുന്നില്‍ ശിരസ്സ് നമിക്കുന്നു.