റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…
ഇരുപത്തിയൊന്നാമത് ലോകകപ്പിലെ മികച്ച താരത്തിനുള്ള സ്വര്‍ണ്ണപ്പന്ത് ആര്‍ക്കായിരിക്കും, ടോപ് സ്‌ക്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് ആര് സ്വന്തമാക്കും, ആരായിരിക്കും മികച്ച യുവതാരം…? മികച്ച ഗോള്‍ക്കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ ആര് നേടും..?
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കേണ്ടത് ഫിഫ ടെക്‌നിക്കല്‍ കമ്മിറ്റിയാണ്. അവരാണ് വളരെ ജാഗ്രതയോടെ ഓരോ മല്‍സരങ്ങളും നിരീക്ഷിക്കുന്നത്. ജൂലൈ 15ന് ലുഷിനികി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലിന് ശേഷമായിരിക്കും ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന ഈ പ്രഖ്യാപനങ്ങള്‍ വരുക.
എന്റെ നിഗമനങ്ങള്‍ പറയാം- മികച്ച താരം, ടോപ് സ്‌ക്കോറര്‍, മികച്ച യുവതാരം-ഈ മൂന്ന് സ്ഥാനങ്ങളിലേക്കും ഒരാളുണ്ട്. അദ്ദേഹത്തിന് ഏതെങ്കിലും ഒരു പുരസ്‌ക്കാരം ഉറപ്പാണ്. ഇനി രണ്ട് പുരസ്‌ക്കാരം ലഭിച്ചാലും അല്‍ഭുതപ്പെടാനില്ല. മറ്റാരുമല്ല-ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയിന്‍.
മൂന്ന് കാറ്റഗറികളിലും ഇങ്ങനെ യോഗ്യനായ ഒരാള്‍ മുമ്പുള്ള ലോകകപ്പുകളില്ലില്ല. ഇംഗ്ലണ്ടിന്റെ എല്ലാ മല്‍സരങ്ങളിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെക്കുന്നത്. അതിനാല്‍ തന്നെ മികച്ച താരത്തിനുള്ള പുരസ്‌ക്കാരം അദ്ദേഹത്തിന് നല്‍കാം. ഉയര്‍ന്ന ഗോള്‍വേട്ടക്കാരനായി മുന്നില്‍ നില്‍ക്കുന്നത് അദ്ദേഹമാണ്-ആറ് ഗോളുകള്‍. സെമിഫൈനല്‍ കളിക്കാനിരിക്കുന്നു-അത് ജയിച്ചാല്‍ ഫൈനലുമുണ്ട്. കൂടുതല്‍ ഗോളുകള്‍ നേടാന്‍ സമയവുമുണ്ട്. അഥവാ സെമി തോറ്റാലും ലൂസേഴ്‌സ് ഫൈനല്‍ എന്ന മല്‍സരമുണ്ട്. അവിടെയും സ്‌ക്കോര്‍ ചെയ്യാം. മൂന്നാമത്തെ പുരസ്‌ക്കാരത്തിന് പ്രായമാണ് മാനദണ്ഡം. 25 വയസിന് താഴെയുളളവര്‍ക്കാണ് മികച്ച യുവതാരത്തിനുള്ള പുരസ്‌ക്കാരം നല്‍കാറുള്ളത്. ഹാരിക്ക് പ്രായം 24- സാധ്യത തള്ളിക്കളയാനാവില്ല. പക്ഷേ എല്ലാ പുരസ്‌ക്കാരങ്ങളും ഒരു താരത്തിന് എന്തായാലും ടെക്‌നിക്കല്‍ കമ്മിറ്റി നല്‍കില്ല.
മികച്ച താരത്തിലേക്് വരാം. സ്വര്‍ണ്ണപ്പന്തിന് ഹാരിക് കാര്യമായ വെല്ലുവിളി ക്രൊയേഷ്യയുടെ ലുക്കാ മോദ്രിച്ചാണ്. ക്രോട്ടുകാരുടെ സെമിഫൈനല്‍ വരവില്‍ അവരുടെ നായകനുളള പങ്ക് ചെറുതല്ല. തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളില്‍ രണ്ട് മണിക്കൂര്‍ കളിച്ച ക്രൊയേഷ്യയെ ക്ഷീണമറിയാതെ ലുക്ക നയിച്ചു. നിര്‍ണായക ഘട്ടത്തില്‍ ഗോളുകളും പെനാല്‍ട്ടികളും നേടി. ആരും സാധ്യത കല്‍പ്പിക്കാതിരുന്ന ഒരു ടീമിനെ ലോകോത്തരമാക്കി മാറ്റിയ നായകനെ ടെക്‌നിക്കല്‍ കമ്മിറ്റിക്ക് കാണാതിരുന്ന് കൂടാ. ബെല്‍ജിയത്തിന്റെ രണ്ട് പേര്‍ക്കും സാധ്യതയുണ്ട്. റുമേലു ലുക്കാക്കുവിനും അവരുടെ നായകന്‍ ഈഡന്‍ ഹസാര്‍ഡിനും. ഈ രണ്ട് പേരുടെയും സാന്നിദ്ധ്യവും കെവിന്‍ ഡി ബ്രുയന്റെ ഇടപെടലുകളുമാണ് ടീമിന്റെ ശക്തി. ഫ്രഞ്ച് നിരയില്‍ ഗ്രിസ്മാനും സാധ്യതകളുണ്ട്.
ടോപ് സ്‌ക്കോറര്‍ പട്ടത്തില്‍ ഹാരിക്് വെല്ലുവിളി ലുക്കാക്കുവാണ്. നാല് ഗോളുകളാണ് ലുക്കാക്കു സമ്പാദിച്ചിരിക്കുന്നത്. പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരത്തിന് സ്‌ക്കോര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സെമിയില്‍ അദ്ദേഹം തിളങ്ങുകയും ഗോള്‍ സ്‌ക്കോര്‍ ചെയ്യുകയും ചെയ്താല്‍ സ്വര്‍ണ്ണ ബൂട്ടിന് കാര്യമായ മല്‍സരം വരും. ലൂസേഴ്‌സ് ഫൈനല്‍ എന്ന പോരാട്ടവും സെമി ടീമുകളിലെ താരങ്ങള്‍ക്കുള്ള അവസരമാണ്.
മികച്ച യുവതാരമായി എന്റെ ശക്തനായ നോമിനി ഫ്രാന്‍സിന്റെ പത്തൊമ്പതുകാരനായ കൈലിയന്‍ എംബാപ്പെയാണ്. അസാമാന്യ മികവാണ് ഈ യുവതാരം എല്ലാ മല്‍സരങ്ങളിലും കാഴ്ച്ചവെക്കുന്നത്. അര്‍ജന്റീനക്കെതിരായ മല്‍സരത്തിലെ ഡബിള്‍ ഗോളോടെ താരപദവിയും ലഭിച്ചിരിക്കുന്നു. ഇംഗ്ലണ്ടിനായി കളിക്കുന്ന റഹീം സ്‌റ്റെര്‍ലിംഗ്, ജെസി ലിന്‍ഗാര്‍ഡ് എന്നിവരും ഭാവി വാഗ്ദാനങ്ങളാണ്. ഗോളുകലൊന്നും ഇത് വരെ സ്‌ക്കോര്‍ ചെയതിട്ടില്ല റഹീം. പക്ഷേ എല്ലാ കളികളിലും അദ്ദേഹത്തിന്റെ വേഗതയും ഇടപെടലുകളും ഗംഭീരമായിരുന്നു. ലിന്‍ഗാര്‍ഡിലെ പോരാളി അവിശ്രമം കുതിക്കുന്ന താരമാണ്.
മികച്ച ഗോള്‍ക്കീപ്പര്‍ സ്ഥാനത്തേക്ക് ഇംഗ്ലണ്ടിന്റെ ജോര്‍ദ്ദാന്‍ പിറ്റ്‌ഫോര്‍ഡാണ് എന്റെ നാമനിര്‍ദ്ദേശം. മെയ് വഴക്കങ്ങളില്‍, ആന്റിസിപ്പേഷനുകളില്‍ അനിതരസാധാരണമായ പാടവമുണ്ട് ഈ ഗോള്‍ക്കീപ്പര്‍ക്ക്. നോക്കൗട്ട് മല്‍സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ രക്ഷകന്‍ പിറ്റ്‌ഫോര്‍ഡായിരുന്നു. കൊളംബിയക്കെതിരായ പ്രീക്വാര്‍ട്ടറിലെ ഷൂട്ടൗട്ട് മികവും സ്വീഡനെതിരായ ക്വാര്‍ട്ടറിലെ മല്‍സരമികവും മാത്രം മതി യുവ ഗോള്‍ക്കീപ്പറിലെ മികവറിയാന്‍. ഫ്രാന്‍സിന്റെ നായകനായ ഹ്യൂഗോ ലോറിസായിരിക്കും പിറ്റ്‌ഫോര്‍ഡിനുള്ള വെല്ലുവിളി. വളരെ കൂള്‍ ഗോള്‍ക്കീപ്പറാണ് ലോറിസ്.
നാല് വര്‍ഷം മുമ്പ് ബ്രസീലില്‍ മികച്ച താരം ലയണല്‍ മെസി, ടോപ് സ്‌ക്കോറര്‍ ജെയിംസ് റോഡ്രിഗസ്, യുവതാരം പോള്‍ പോഗ്ബ, ഗോള്‍ക്കീപ്പര്‍ മാനുവല്‍ ന്യൂയര്‍ എന്നിവരായിരുന്നു. റഷ്യയില്‍ എന്റെ നിരീക്ഷണ പ്രകാരം മികച്ച താരം ലുക്കാ മോദ്രിച്ച്, ടോപ് സ്‌ക്കോറര്‍ ഹാരി കെയിന്‍, മികച്ച യുവതാരം കൈലിയന്‍ എംബാപ്പെ, ഗോള്‍ക്കീപ്പര്‍ ജോര്‍ദ്ദാന്‍ പിറ്റ്‌ഫോര്‍ഡ് എന്നിവരായിരിക്കും.