X

ഇതൊരു വലിയ തുടക്കം; സബാാാഷ്

കമാല്‍ വരദൂര്‍

ഇന്ത്യന്‍ ക്രിക്കറ്റിന് കേരളം നല്‍കിയ സംഭാവന എന്തെന്നു ചോദിച്ചാല്‍ ടിനു യോഹന്നാന്‍, എസ് ശ്രീശാന്ത് തുടങ്ങി ഒന്നോ രണ്ടോ കളിക്കാരെ ചൂണ്ടിക്കാണിക്കാനേ നമുക്ക് കഴിയാറുള്ളൂ. കുറച്ചുകൂടി ഉദാരമായി ചിന്തിച്ചാല്‍ പോലും ബേസില്‍ തമ്പി, സഞ്ജു സാംസണ്‍, അനന്ത പത്മനാഭന്‍ തുടങ്ങിയ ഏതാനും പേരുകളില്‍ ഒതുങ്ങും. രഞ്ജി ട്രോഫി തുടങ്ങിയ ആഭ്യന്തര ചാമ്പ്യന്‍ഷിപ്പുകളില്‍ കേരളത്തിന് വലിയ മികവ് പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണില്‍ നമ്മുടെ ടീം നന്നായി കളിച്ചെങ്കിലും സമ്മര്‍ദം കാരണമാകാം പ്രാഥമിക ഘട്ടം പിന്നിട്ട് മുന്നോട്ടുപോകാന്‍ നമുക്ക് കഴിഞ്ഞില്ല. അതിനിടയില്‍, ടീമിലുണ്ടായ പടലപ്പിണക്കങ്ങളും വിവാദങ്ങളും നമ്മെ ഏറെ വേദനിപ്പിക്കുകയും ചെയ്തു.
നന്നായി കളിക്കുന്ന പ്രതിഭയുള്ള മികച്ച കളിക്കാര്‍ നമുക്കുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും നാം ഒട്ടും പിറകിലുമല്ല. കാസര്‍കോട്ടും വയനാട്ടും പെരിന്തല്‍മണ്ണയിലും തൊടുപുഴയിലുമെല്ലാം നിലവാരമുള്ള ഗ്രൗണ്ടുകളും മറ്റു സംവിധാനങ്ങളുമുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ സമീപനവും പോസിറ്റീവാണ്. എന്നിട്ടും എന്തുകൊണ്ടാണ് ആഭ്യന്തര ക്രിക്കറ്റിലും രഞ്ജിയിലുമെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ നമുക്ക് കഴിയാത്തത്? എന്ത് ഹിമാലയന്‍ പ്രതിബന്ധമാണ് നമുക്കു മുന്നിലുള്ളത്? യഥാര്‍ത്ഥത്തില്‍, അത്തരമൊരു കടമ്പയോ പ്രതിബന്ധമോ ഇല്ല എന്നു തെളിയിക്കുകയാണ് വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ ഗുജറാത്തിനെ തോല്‍പ്പിച്ചു കൊണ്ട് കേരളം ചെയ്തിരിക്കുന്നത്. ഈ സീസണില്‍ നമ്മുടെ പെര്‍ഫോമന്‍സ് ഒട്ടും സ്ഥിരതയുള്ളതായിരുന്നില്ല. ഗൗതം ഗംഭീറിനെ പോലുള്ള (അദ്ദേഹം കേരളത്തിനെതിരെ കളിച്ചില്ലെങ്കിലും) വലിയ പേരുകളുള്ള ഡല്‍ഹിയെ നമ്മള്‍ തോല്‍പ്പിച്ചു. അതേസമയം, തമിഴ്‌നാടിനോട് തോല്‍ക്കുകയും ഹിമാചലിനെ തകര്‍ത്ത് നോക്കൗട്ടിലെത്തുകയും ചെയ്തു.
ക്രിക്കറ്റ് ലോകത്തിന് വയനാട്ടിലെ സ്‌റ്റേഡിയം അത്ര പരിചയമില്ല. കൃഷ്ണഗിരി സ്റ്റേഡിയം മുമ്പും മത്സരങ്ങള്‍ക്ക് വേദിയായിട്ടുണ്ടെങ്കിലും രഞ്ജി നോക്കൗട്ട് മത്സരം സവിശേഷമായിരുന്നു. ഗുജറാത്ത് അവരുടെ കരുത്തരായ പേസര്‍മാരെ ഉപയോഗിച്ച് കേരളത്തെ 200-ല്‍ കുറവ് റണ്‍സിന് ഒതുക്കി. നമ്മളാകട്ടെ, അതിലും മികച്ച രീതിയില്‍ ബേസില്‍ തമ്പിയുടെയും സന്ദീപ് വാര്യരുടെയും തകര്‍പ്പന്‍ ബൗളിങില്‍ അവരെ തകര്‍ത്തു കളഞ്ഞു. പേസ് ബൗളര്‍മാരുടെ സ്വപ്‌നഭൂമിയും ബാറ്റ്‌സ്മാന്മാരുടെ പേടിസ്വപ്‌നവുമാണ് പെര്‍ത്തിലെ വാക്ക ഗ്രൗണ്ട്. ഇപ്പോള്‍ ഇന്ത്യയിലെ വാക്ക ഗ്രൗണ്ടായി മാറിയിരിക്കുകയാണ് കൃഷ്ണഗിരി സ്‌റ്റേഡിയം. മൂന്ന് ദിവസത്തിനുള്ളില്‍ നാല്‍പ്പത് വിക്കറ്റുകളാണ് ഇവിടെ വീണത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് പന്തെറിഞ്ഞ നമ്മുടെ ബൗളര്‍മാര്‍ക്ക് – വിശേഷിച്ചും ബേസിലിനും സന്ദീപിനും – മാര്‍ക്ക് നല്‍കണം. പാര്‍ത്ഥിവ് പട്ടേല്‍, അക്ഷര്‍ പട്ടേല്‍, പീയുഷ് ചൗള തുടങ്ങിയ ദേശീയ താരങ്ങളടങ്ങുന്ന ഗുജറാത്ത് ടീം അനായാസ വിജയം പ്രതീക്ഷിച്ചാണ് ഇവിടെ വന്നത്. പക്ഷേ, അവര്‍ക്കെതിരെ രണ്ട് ഇന്നിങ്‌സിലും ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയിലാണ് ബേസിലും സന്ദീപും പന്തെറിഞ്ഞത്. സാധാരണ ഗതിയില്‍ ഒരു ഇന്നിങ്‌സില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഒരു പേസര്‍ക്ക് രണ്ടാം ഇന്നിങ്‌സില്‍ അത്ര മികവ് പുലര്‍ത്താന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. സാങ്കേതിക മികവുള്ളവരാണ് പാര്‍ത്ഥിവ് അടക്കമുള്ള മുന്‍നിര ബാറ്റ്‌സ്മാന്മാര്‍. ശ്രദ്ധയോടെയാണ് അവര്‍ കളിക്കുന്നത്. പക്ഷേ, അവരുടെ ശ്രദ്ധ പാളുംവിധത്തിലുള്ള ബൗ ണ്‍സും സ്വിങുമൊക്കെയാണ് നമ്മുടെ ബൗളര്‍മാര്‍ കാഴ്ചവെച്ചത്. അവര്‍ക്കു മുന്നിലാണ് ഗുജറാത്ത് പതറിയത്.
രഞ്ജിയിലെ കേരളത്തിന്റെ കന്നി സെമിഫൈനല്‍ മത്സരവും വയനാട്ടില്‍ തന്നെയാണ്, ഈ മാസം 24 മുതല്‍. വിദര്‍ഭയാണ് ഇനി മുന്നിലുള്ള എതിരാളി. ആവശ്യത്തിലധികം പരിചയസമ്പത്തും മികവുമുള്ള വസീം ജാഫര്‍ അടങ്ങുന്ന ടീമാണ് വിദര്‍ഭ. ഹിമാലയന്‍ ബാറ്റ്‌സ്മാന്‍ എന്നു വിളിക്കാവുന്ന താരമാണ് ജാഫര്‍. 41-ാം വയസ്സിലും കൂസലില്ലാതെയാണ് അദ്ദേഹം റണ്‍സടിച്ചു കൂട്ടുന്നത്. ഈ സീസണില്‍ അദ്ദേഹത്തിന് ഡബിള്‍ സെഞ്ച്വറിയുണ്ട്. എങ്കില്‍പ്പോലും വിദര്‍ഭക്കെതിരെ വയനാട്ടിലെ വേഗതയും ബൗണ്‍സുമുള്ള വിക്കറ്റില്‍ കേരളം ശക്തര്‍ തന്നെയാണ്. പേസര്‍മാര്‍ക്കു പുറമെ ജലജ് സക്‌സേനയെപ്പോലെ ക്വാളിറ്റി ഓള്‍റൗണ്ടര്‍ കേരളത്തിനുണ്ട്. പരിക്കുകാരണം സഞ്ജു സാംസണ്‍ കളിച്ചേക്കില്ലെങ്കിലും ആ വിടവ് നികത്താനുള്ള കരുത്ത് നമുക്കുണ്ട്.
ഇതൊരു വലിയ തുടക്കമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ കരുത്ത് കൈവരിക്കാനുള്ള അവസരമാണിത്. ഈ മത്സരത്തിനു ശേഷമായിരുന്നു ഐ.പി.എല്‍ ലേലം നടന്നിരുന്നതെങ്കില്‍ നമ്മുടെ കളിക്കാര്‍ക്ക് കൂടുതല്‍ ശ്രദ്ധ ലഭിക്കുമായിരുന്നു. ഏതായാലും, കേരള ക്രിക്കറ്റിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ നിര്‍ണായക നാഴികക്കല്ലാണ് ഈ വിജയം എന്ന കാര്യത്തില്‍ സംശയമില്ല.

chandrika: