X

അര്‍ജന്റീന തോല്‍ക്കേണ്ടവര്‍ തന്നെ

റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…

ഫുട്‌ബോളെന്നാല്‍ അത് മനസ്സാണ്. മൈതാനത്ത് നിങ്ങള്‍ നല്‍കേണ്ടത് ശരീരം മാത്രമല്ല-മനസ്സും നല്‍കണം. അവിടെയാണ് വിജയമുണ്ടാവുക. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്ഗിലെ മൈതാനത്ത് ഒരൊറ്റ അര്‍ജന്റീനക്കാരന്‍ പോലും മനസ്സ് കൊണ്ട് പന്ത് തട്ടിയിട്ടില്ല. അവര്‍ തോല്‍ക്കേണ്ടവര്‍ മാത്രമല്ല ഒരു സാഹചര്യത്തിലും അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാനും യോഗ്യരല്ല. അര്‍ജന്റീനക്കാരുടെ രണ്ട് കളികള്‍ -സ്പാര്‍ട്ടക്കിലും സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്ഗിലും നേരില്‍ കണ്ടു. ഒരു തരത്തിലും ഐക്യത്തോടെ നിങ്ങാത്തവര്‍. പതിനൊന്ന് പേര്‍ കളിക്കുമ്പോള്‍ അവിടെ വേണ്ടത് ഒരു മനസ്സാണ്. ഒരു ലക്ഷ്യമാണ്. ലക്ഷ്യം ഒന്നാണെങ്കില്‍ മനസ്സും ഒന്നായിരിക്കും. മൈതാനത്തും പുറത്തും അന്യരെ പോലെയാണ് ടീമിലെ എല്ലാവരും. ആര്‍ക്കോ വേണ്ടി എന്തോ ചെയ്യുന്നവരെ പോലെ… അപരിചിതത്വമാണ് ഈ ടീമിന്റെ മുഖമുദ്ര. നിങ്ങള്‍ കണ്ടിരുന്നോ ടീമിലെ ആരെങ്കിലും മനസ് തുറന്ന് ചിരിക്കുന്നത്. പരസ്പരം സംസാരിക്കുന്നത്. അതിനവര്‍ക്ക് അവസരമുണ്ടായിട്ടില്ല എന്നത് സത്യം. സെര്‍ജി അഗ്യൂറോ ആദ്യ മല്‍സരത്തില്‍ ഐസ്‌ലാന്‍ഡിനെതിരെ ഗോള്‍ നേടിയപ്പോള്‍ പ്രകടിപ്പിച്ച ആഹ്ലാദത്തില്‍ പോലും പലരുടെയും മനസ്സുണ്ടായിരുന്നില്ല…

ജയിക്കാന്‍ വന്നവരല്ല അര്‍ജന്റീനക്കാര്‍. ലയണല്‍ മെസി ലോകത്തിലെ മികച്ച ഫുട്‌ബോളറാണ്. കാലുകളില്‍ പന്ത് കിട്ടിയാല്‍ അദ്ദേഹം സൃഷ്ടിക്കുന്ന പ്രകമ്പനമെന്നത് കാല്‍പ്പന്ത് മൈതാനത്തെ സുന്ദരമായ കാഴ്ച്ചയാണ്. പക്ഷേ റഷ്യയിലെത്തിയതിന് ശേഷം അദ്ദേഹം പ്രസന്നനായി ആരും കണ്ടിട്ടില്ല. ഇത് എന്റെ അനുഭവമല്ല. അര്‍ജന്റീനയില്‍ നിന്നുളള, ടീമിനെ അടുത്തറിയുന്ന മാധ്യമ പ്രവര്‍ത്തകരുടെ സാക്ഷി മൊഴിയാണ്. തലയും താഴ്ത്തിയാണ് അദ്ദേഹം മൈതാനത്തേക്ക് വരുന്നത്. ആരോടും സംസാരമില്ല. ഇന്നലെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ പോലും നോക്കു-ആ മുഖം സംഘര്‍ഷകലുഷിതമായിരുന്നു. ഒരു നായകന്‍ എങ്ങനെയുളള ആളായിരിക്കണം…? സര്‍വ്വഗുണ വീരോദാത്തനൊന്നുമല്ലെങ്കിലും പരസ്പരം ആശയങ്ങള്‍ കൈമാറേണ്ടേ… അതില്ല… ഐസ്‌ലാന്‍ഡിനെതിരായ മല്‍സരത്തില്‍ തനിക്ക് റോളില്ല എന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ മൈതാന പെരുമാറ്റം. മല്‍സരത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ ഞങ്ങളോട് സംസാരിച്ചപ്പോള്‍ അവര്‍ കളിക്കാനുള്ള സ്‌പേസ് പോലും നല്‍കിയില്ലെന്നായിരുന്നു മെസിയുടെ കമന്റ്. നല്ല സ്‌പോസുമായി ഒരു പെനാല്‍ട്ടി കിട്ടിയിട്ടും പാഴാക്കിയ കളിക്കാരനായിരുന്നു ആ മല്‍സരത്തില്‍ മെസി. ക്രോട്ടുകാര്‍ക്കെതിരെ ഒരു ഫൗളിന് വിധേയനായ ശേഷം പിന്നെ കളിച്ചത് എനിക്ക് വയ്യ എന്ന മട്ടില്‍. അദ്ദേഹത്തിലേക്ക് പന്ത് എത്തിക്കുന്നതില്‍ മധ്യനിരയില്‍ ആരുമുണ്ടായിരുന്നില്ല. പന്ത് കിട്ടുമ്പോഴാണ് മെസി മാറുക. അതിന് അദ്ദേഹത്തിന് പന്ത് എത്തിക്കാന്‍ പോലുമുളള മനസ് മധ്യനിരക്കാര്‍ക്കുണ്ടായിരുന്നില്ല.
നല്ല മനസ്സില്ല ടീമിനെന്നതിന്റെ മകുടോദാഹരണമായിരുന്നില്ലേ ആ ആദ്യ ഗോള്‍. വില്ലി കബിലാരോ എന്ന ഗോള്‍ക്കീപ്പര്‍ തുടക്കം മുതല്‍ ചെയ്യുന്ന പാതകം പാസിംഗാണ്.

ഡിഫന്‍ഡര്‍മാര്‍ നിരന്തരം അദ്ദേഹത്തിന് മൈനസ് പാസ് ചെയ്യുന്നു. ആ പന്ത് അദ്ദേഹം തിരികെ പാസ് ചെയ്യുന്നു. (മൈനസ് പാസ് തന്നെ നിങ്ങള്‍ മാനസികമായി നെഗറ്റീവായി ചിന്തിക്കുന്നു എന്നതിന്റെ ലക്ഷണമാണ്) സ്വന്തം പെനാല്‍ട്ടി ബോക്‌സില്‍ പ്രതിയോഗികള്‍ പറന്ന് നടക്കുമ്പോഴാണ് ഈ സാഹസമെന്നോര്‍ക്കണം. തുടക്കത്തിലേ ഇത് കണ്ടപ്പോള്‍ തന്നെ മനസ്സില്‍ പറഞ്ഞിരുന്നു അപകടമാണല്ലോ ഇതെന്ന്…. അത് തന്നെ സംഭവിച്ചു. അദ്ദേഹം സ്വന്തം താരത്തിന് ചിപ്പ് ചെയ്ത് നല്‍കിയ പന്ത് കിട്ടിയത് ക്രോട്ടുകാരന്‍ ആന്‍ഡെ റാബിക്ക്. ഗോള്‍ക്കീപ്പര്‍ ചിപ്പ് ഷോട്ടിന് ശ്രമിക്കുക-അത് കാണാനുള്ള മനസ്സ് ഡിഫന്‍ഡര്‍ക്ക് ഇല്ലാതിരിക്കുക-ഇവിടെ എന്ത് കമ്മ്യൂണിക്കേഷനാണ് നടന്നത്…. രണ്ടാം ഗോള്‍ നോക്കു. എവിടെയാണ് അര്‍ജന്റീനിയന്‍ പ്രതിരോധം…? ലുക്കാ മോദ്രിച്ചിന്റെ മനസ്സില്‍ ഗോള്‍ എന്ന വ്യക്തമായ ലക്ഷ്യമുണ്ട്. അദ്ദേഹത്തെ പ്രതിരോധിക്കാന്‍ വന്നവരിലോ…? ഒന്നുമുണ്ടായിരുന്നില്ല. രണ്ട് പേര്‍ മോദ്രിച്ചിന് ചുറ്റുമോടി. പിന്നെ ക്ഷീണിതരായി. ആ വേളയില്‍ അദ്ദേഹം ലോംഗ് റേഞ്ചര്‍ പായിച്ചു. സ്വന്തം ബോക്‌സില്‍ പന്തുള്ളപ്പോള്‍ സാധാരണ ഗോള്‍ക്കീപ്പര്‍ അലറി വിളിച്ച് ഡിഫന്‍ഡര്‍മാരെ ഉണര്‍ത്തും. നിങ്ങള്‍ അര്‍ജന്റീനക്കാരന്‍ ഗോള്‍ക്കീപ്പര്‍ വില്ലിയെ നോക്കുക-ഒരു ശബ്ദവും അദ്ദേഹം പുറപ്പെടുവിക്കുന്നില്ല. അദ്ദേഹത്തിന്റെ പൊസിഷനിംഗും തെറ്റായിരുന്നു. അത് ഗോളായി. (ഈ വേളയില്ലെല്ലാം മറ്റ് അര്‍ജന്റീനക്കാരെ നോക്കിയാല്‍ അവര്‍ കാഴ്ച്ചക്കാരായിരുന്നു. സ്വന്തം ഡിഫന്‍സിനെ പിന്തുണക്കാന്‍ അധികമാരും വന്നില്ല. ഇവിടെ നിങ്ങള്‍ കഴിഞ്ഞ മല്‍സരത്തില്‍ മൊറോക്കോയെ നേരിട്ട പോര്‍ച്ചുഗലിനെ കാണു. അവരുടെ സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ പ്രതിരോധത്തെ സഹായിക്കാന്‍ ഇറങ്ങികളിക്കുകയായിരുന്നു. അതിന് കാരണം അദ്ദേഹത്തിന്റെ മനസ് മൈതാനത്തുണ്ടായിരുന്നു)

മൂന്നാം ഗോളിലേക്ക് വരു. അര്‍ജന്റീനക്കാര്‍ സ്വയമങ്ങ് പ്രഖ്യാപിച്ചു ക്രോട്ടുകാരന്‍ ഓഫ് സൈഡാണെന്ന്. ആ ഗോള്‍ വീഴുമ്പോള്‍ നാലോ അഞ്ചോ അര്‍ജന്റീനക്കാര്‍ സ്വന്തം ബോക്‌സില്‍ റഫറിയോട് കൈയ്യും കലാശവും കാണിച്ച് നില്‍ക്കുകയായിരുന്നു. ഇതാണോ കളിക്കാരന്റെ റോള്‍-നിങ്ങളാണോ കളി ജഡ്ജ് ചെയ്യേണ്ടത്….?
അര്‍ജന്റീനക്കാര്‍ ലോകകപ്പില്‍ മാത്രമല്ല ഇങ്ങനെ. ലോകകപ്പിന് മുമ്പ് നടന്ന സന്നാഹ മല്‍സരങ്ങള്‍ നോക്കു-സ്‌പെയിനിനോട് ആറ് ഗോള്‍ വഴങ്ങി. പ്രതിരോധമെന്നത് ടീമിനില്ല. സന്നാഹ മല്‍സരത്തിന് മുമ്പ് സ്വന്തം വന്‍കരയില്‍ നടന്ന യോഗ്യതാ മല്‍സരങ്ങളിലും കണ്ടു പ്രതിരോധത്തിന്റെ തളര്‍ച്ചയും തകര്‍ച്ചയും. ഇവിടെ ഐസ്‌ലാന്‍ഡുകാര്‍ സ്പാര്‍ട്ടക്ക് സ്‌റ്റേഡിയത്തില്‍ ഓടിയടുത്തപ്പോള്‍ ആടിയുലഞ്ഞു പ്രതിരോധം. ക്രോട്ടുകാര്‍ക്ക് ഇത് അറിയാമായിരുന്നു. അതിവേഗതയിലുളള അവരുടെ മുന്നേറ്റങ്ങളില്‍ ഓട്ടോമാന്‍ഡിയും മഷ്‌ക്കാരനെയുമൊന്നും ചിത്രത്തില്‍ പോലുമുണ്ടായിരുന്നില്ല.

എല്ലാം ഒരു മെസിയില്‍ അര്‍പ്പിക്കരുത്… അദ്ദേഹം മനുഷ്യനാണ്. ഡിബാലെയെന്ന ചെറുപ്പക്കാരന്‍. ഇറ്റാലിയന്‍ സിരിയ എയില്‍ എത്ര മനോഹരമായി കളിക്കുന്നു. എന്ത് കൊണ്ട് ആ താരത്തിന് മെസിക്കൊപ്പം അവസരം നല്‍കുന്നില്ല… ഡിബാലെയും ഹ്വിഗിനും യുവന്തസിനായി ഒരുമിച്ച് മുന്‍നിരയില്‍ കളിക്കുന്നവരാണ്. അവര്‍ക്ക് രണ്ട് പേര്ക്കും അവസരം നല്‍കാമായിരുന്നില്ലേ….എന്ത് കൊണ്ട് ഇക്കാര്‍ഡിയെന്ന ശക്തനായ താരത്തെ പുറത്ത് നിര്‍ത്തി… കോച്ച് സാംപോളി സ്വന്തം താല്‍പ്പര്യങ്ങള്‍ മാത്രമാണ് സംരക്ഷിക്കുന്നത്. ടീമിലെ അനൈക്യത്തിന് എന്തായിരുന്നു അദ്ദേഹത്തിന്റെ പ്രതിവിധി….

പാവം അര്‍ജന്റീനിയന്‍ ഫാന്‍സ്… അവരെക്കുറിച്ചോര്‍ക്കുമ്പോഴാണ് വേദന. ഇന്നലെ സെന്റ് പീറ്റേഴ്‌സ്ബര്ഗ്ഗില്‍ നിന്നും കളി കഴിഞ്ഞ് ബുള്ളറ്റ് ട്രെയിനില്‍ മോസ്‌ക്കോയിലേക്ക് മടങ്ങുമ്പോള്‍ അരികിലെ സീറ്റില്‍ മെസിയുടെ പത്താം നമ്പര്‍ ജഴ്‌സിയുമണിഞ്ഞ് ഒരു കുരുന്ന് ഏങ്ങിയേങ്ങി കരയുന്നു…. അമ്മ എത്ര സാന്ത്വനിപ്പിച്ചിട്ടും അവന്‍ കരച്ചില്‍ നിര്‍ത്തുന്നില്ല. കാമറൂണില്‍ നിന്നുള്ള മാധ്യമ സുഹൃത്ത് നഹയുണ്ടായിരുന്നു എനിക്കൊപ്പം. അദ്ദേഹത്തിന് മൂന്ന് പെണ്‍കുട്ടികള്‍. മൂന്നും മെസി ഫാന്‍സ്. അവരുടെ സങ്കടം അദ്ദേഹം പറയുന്നു. എന്റെ മകളും മെസി ഫാനാണ്. അവളുടെ സങ്കടം ഞാനും പറഞ്ഞു. മെസിയോടുളള ആ ആഗോള സ്‌നേഹത്തിന് പ്രതിഫലം ആര് കൊടുക്കും……

chandrika: