കമാല്‍ വരദൂര്‍
മധ്യപൂര്‍വ്വ ദേശങ്ങളിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ 2022 ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിനെ ഒരു തരത്തിലും ബാധിക്കരുത്. ഖത്തറിന് ലോകകപ്പ് അനുവദിച്ചതില്‍ അസംതൃപ്തരാണ് യൂറോപ്പും അമേരിക്കയുമെല്ലാം. പലവട്ടം അവരുടെ അസംതൃപ്തി മറ നീക്കി പുറത്ത് വന്നതുമാണ്. പുതിയ സാഹചര്യങ്ങളെ അവര്‍ ഉപയോഗപ്പെടുത്തുമെന്നിരിക്കെ ജി.സി.സിയും ഏഷ്യയും ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. ഏഷ്യക്ക് രണ്ടാം തവണയാണ് ലോകകപ്പ് അനുവദിക്കപ്പെടുന്നത്. 2002 ലെ ജപ്പാന്‍-ദക്ഷിണ കൊറിയ ലോകകപ്പിന് ശേഷം യൂറോപ്പും ആഫ്രിക്കയും ലാറ്റിനമേരിക്കയും വീണ്ടും യൂറോപ്പും പിന്നിട്ടാണ് ഫിഫയുടെ മഹാമാമാങ്കം ഏഷ്യയിലേക്ക് വരുന്നത്. ഷെയ്ക്ക് ഹമദ് ബിന്‍ അല്‍ത്താനിയുടെ നേതൃത്ത്വത്തിലുളള ഖത്തര്‍ സര്‍ക്കാര്‍ സൈനുദ്ദിന്‍ സിദാനെ പോലുള്ള ഇതിഹാസ താരങ്ങളെ അംബാസിഡര്‍മാരാക്കിയാണ് ലോകകപ്പ് ആതിഥേയത്വം നേടിയെടുത്തത്. എന്നാല്‍ കൊച്ചു രാജ്യമായ ഖത്തറിന് വലിയ മേള നല്‍കിയതിനോടുളള പ്രതിഷേധം യൂറോപ്പ് പലവട്ടം പ്രകടിപ്പിച്ചിട്ടും സെപ് ബ്ലാറ്റര്‍ നയിച്ച ഫിഫ വഴങ്ങിയിരുന്നില്ല. ലോകകപ്പ് അനുവദിക്കുന്നത് സംബന്ധമായി പല വിവാദങ്ങള്‍ ഉയയര്‍ന്നപ്പോഴും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനെ നയിച്ചിരുന്ന ഖത്തറിന്റെ വക്താവ് പുറത്താക്കപ്പെട്ടപ്പോഴും അചഞ്ചലമായാണ് ഖത്തര്‍ ഫുട്‌ബോള്‍ ഫെഡറേഷനും രാജ്യവും ഒരുമിച്ച് നിന്നത്. പല രാജ്യാന്തര മേളകളും നൂറ് ശതമാനം പ്രൊഫഷണലായി നടത്തിയവരാണ് ഖത്തര്‍. 2006 ലെ ഏഷ്യന്‍ ഗെയിംസും 2011 ലെ ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പും, അറബ് ഗെയിംസും ഉള്‍പ്പെടെ ഖത്തര്‍ ഏറ്റെടുത്ത മേളകളെല്ലാം കായിക ചരിത്രത്തിലെ കനകാധ്യായങ്ങളായിരുന്നു. ജി.സി.സി രാജ്യങ്ങളും ഏഷ്യയും എല്ലാ മേളകള്‍ക്കും പൂര്‍ണ പിന്തുണ നല്‍കി. നയതന്ത്രരംഗത്തെ ഇപ്പോഴുളള ഉലച്ചില്‍ കായികമായി ബാധിക്കാതെ നോക്കാന്‍ ഖത്തര്‍ ഉള്‍പ്പെടെ എല്ലാവരും ബാധ്യസ്ഥരാണ്. ഇപ്പോള്‍ ഉപരോധം പ്രഖ്യാപിച്ചിട്ടുളള രാജ്യങ്ങളുമായി നയതന്ത്രതലത്തില്‍ തന്നെ ഇടപ്പെട്ട് പ്രശ്‌നം പരിഹരിക്കേണ്ടിയിരിക്കുന്നു-പ്രത്യേകിച്ച് ലോകകപ്പ് ഒരുക്കങ്ങള്‍ ശക്തമായി തുടരുന്ന സാഹചര്യത്തില്‍.