X
    Categories: Views

കണ്ണീര്‍ സാഫല്യം

കമാല്‍ വരദൂര്‍

ഒരു വലിയ സ്വപ്‌നം സത്യമാവുകയാണ്….ഉഷ എന്ന രണ്ടക്ഷരത്തില്‍ ഇന്ത്യന്‍ കായിക നഭസിനെ ലോകത്തേക്ക് ഉയര്‍ത്തിയ പ്രിയപ്പെട്ട താരത്തിന്റെ വിയര്‍പ്പിനും വേദനക്കും കണ്ണീരിനും പ്രതിഫലമായി ഒരു സിന്തറ്റിക് മൈതാനം. 77 ല്‍ തുടങ്ങിയ കായിക യാത്രയുടെ ഓരോ പുലരിയിലും ഉഷ സ്വപ്‌നം കണ്ട മൈതാനം. ലോകം സിന്തറ്റിക്കിലൂടെ പറക്കുമ്പോള്‍ പൊടി ഉയരുന്ന, നിരപ്പില്ലാത്ത, കല്ലും മുള്ളും നിറഞ്ഞ ഗ്രൗണ്ടുകളും വഴിയോരങ്ങളും പാതകളുമെല്ലാം ട്രാക്കാക്കി മാറ്റിയാണ് മോസ്‌ക്കോ (1980) ലോസാഞ്ചലസ് (1984), സിയോള്‍ (1988), ബാര്‍സിലോണ (1992), അറ്റ്്‌ലാന്റ (1996) ഒളിംപിക്‌സുകളെല്ലാം ഉഷ പിന്നിട്ടത്. മോസ്‌ക്കോയിലെ കൊച്ചുകുട്ടി, ലോസാഞ്ചലസിലെത്തിയപ്പോള്‍ നാലാം സ്ഥാനക്കാരിയായി-അപ്പോഴും പഴയ ട്രാക്കിലുടെയാണ് ഉഷ പരിശീലിച്ചതും ഓടിയതും. കാലമേറെ കഴിഞ്ഞിട്ടും അതിന് മാറ്റമുണ്ടായില്ല. ഉഷയിലെ അത്‌ലറ്റ് പരിശീലകയുടെ കുപ്പായമണിഞ്ഞ ശേഷം ഒളിംപിക്‌സുകള്‍ സിഡ്‌നിയിലും (2000), ഏതന്‍സിലും (2004), ബെയ്ജിംഗിലും (2008) കഴിഞ്ഞു. ഉഷയുടെ പ്രിയപ്പെട്ട ശിഷ്യ ടിന്റു ലൂക്ക ലണ്ടന്‍ (2012,) റിയോ (2016) ഒളിംപിക്‌സുകളില്‍ പങ്കെടുത്തു. കൊച്ചു ശിഷ്യ ജിസ്‌ന മാത്യു റിയോയിലുണ്ടായിരുന്നു. ഇവര്‍ക്കെല്ലാം സിന്തറ്റിക് ടര്‍ഫ് എന്നത് സ്വപ്‌നം മാത്രമായി മാറിയപ്പോള്‍ ആരും കാണാതെ ഉഷ പലവട്ടം കണ്ണ തുടച്ചു. പല വാതിലുകള്‍ മുട്ടി. കരഞ്ഞപേക്ഷിച്ചു…. കായികതയെ സ്‌നേഹിക്കുന്നവര്‍ ഉഷക്കൊപ്പം നിന്നു. പക്ഷേ കളിയറിയാത്ത, മൈതാനമറിയാത്ത കായിക സംഘാടകരും ഭരണക്കാരും മുഖം തിരിച്ചു…. ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യാവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും ഉഷയുടെ നിരന്തര പരിശ്രമങ്ങള്‍ക്കൊപ്പം നിന്നു. വ്യവസായ വകുപ്പിന്റെ ബാലുശ്ശേരി കിനാലൂരിലെ 30 ഏക്കര്‍ ഉഷക്ക് കായിക സ്‌ക്കൂള്‍ സ്ഥാപിക്കാന്‍ അനുവദിച്ചു. കൊയിലാണ്ടിയിലെ ഇടുങ്ങിയ മുറിയില്‍ നിന്നും അങ്ങനെ മോചനം. സിന്തറ്റിക് മൈതാനമെന്ന യാത്ര അപ്പോഴും അഭംഗുരം തുടര്‍ന്ന ഉഷക്ക് അജയ് മാക്കന്‍ എന്ന കേന്ദ്ര കായികമന്ത്രി തണലായി. അദ്ദേഹം കോഴിക്കോട് വന്നു. സ്‌ക്കൂള്‍ സന്ദര്‍ശിച്ചു. സിന്തറ്റിക് ടര്‍ഫിനുളള വാഗ്ദാനം നല്‍കി. പിന്നെയും എതിര്‍പ്പായിരുന്നു. മൈതാനത്തിന്റെ നിര്‍മാണം തുടങ്ങിയതിന് ശേഷം രണ്ട് ഒളിംപിക്‌സുകള്‍ പിന്നിട്ടു. ടിന്റുവും ജിസ്‌നയും ജെസ്സി ജോസഫും ഷഹര്‍ബാന സിദ്ദിഖും അബിദ മേരി മാനുവലും സ്‌നേഹയും സൂര്യമോളും അതുല്യയും ബിസ്മിയുമെല്ലാം നിരവധി ദേശീയ-രാജ്യാന്തര മേളകള്‍ പിന്നിട്ടു. സ്‌ക്കൂള്‍ മീറ്റുകളും ദേശീയ മീറ്റുകളും ദേശീയ ഗെയിംസുകളും ഏഷ്യന്‍ ഗെയിംസുകളും കോമണ്‍വെല്‍ത്ത് ഗെയിംസുകളും ഒളിംപിക്‌സുകളും കടന്നു പോയി. മെഡലുകളും ബഹുമതികളും ഉഷയുടെ കുട്ടികള്‍ വാരിക്കൂട്ടി. കായികതയുടെ കരുത്തുറ്റ ഊര്‍ജ്ജമായിരുന്നു അവരുടെ കൈമുതല്‍. കേരലം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിനോടനുബന്ധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക് വന്നപ്പോള്‍ കിനാലൂരിലെ സ്‌ക്കൂളില്‍ നിന്നും ഒംനി വാനില്‍ ടിന്റുവും സംഘവും മഴയും വെയിലും നോക്കാതെ ഉഷക്കൊപ്പം പരിശീലന യാത്ര തുടര്‍ന്നു. ഉഷയും ഉഷാ സ്‌ക്കൂളും നേടിയ മെഡലുകള്‍ക്ക് കണക്കില്ല. എല്ലാ മെഡലുകള്‍ക്കും വേദനയുടെയും വിയര്‍പ്പിന്റെയും ഗന്ധമാണ്. കുട്ടിക്കാലത്ത് തുടങ്ങിയ കായിക യാത്രയില്‍ വിശ്രമം എന്തെന്ന് ഉഷക്കറിയില്ല. കൂടെ ഓടിയവര്‍ ജോലിയും കുടുംബവുമായി പോയപ്പോഴും ഉഷ ട്രാക്കിനെ മാത്രം പ്രണയിച്ചു. ശ്രീനിവാസനും ഉജാലുമെല്ലാം ആ പ്രണയത്തിനൊപ്പം നിന്നു. ഉഷയെന്ന ഇതിഹാസത്തിന്റെ കായിക യാത്രയിലെ വലിയ വാതിലാണ് വ്യാഴാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തുറക്കുന്നത്. സിന്തറ്റിക് മൈതാനത്തേക്ക് ഉഷയും കുട്ടികളും ഇറങ്ങുന്നു. കേന്ദ്ര കായികമന്ത്രി വിജയ് ഗോയലും സംഘവും വലിയ ചടങ്ങിനെത്തുന്നുണ്ട്. ഉഷയുടെ കുട്ടികള്‍ക്കിനി ആ ഒംനി വാനില്‍ യാത്ര ചെയ്യേണ്ട…. നല്ല ഊഷ്മള ശ്വാസത്തില്‍ സ്വന്തം ട്രാക്കില്‍ പരിശീലനം നടത്താം. ഉയരങ്ങളിലേക്കുളള സിന്തറ്റിക് പ്രയാണം അവര്‍ തുടങ്ങുമ്പോള്‍ ആ മൈതാനത്തെ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്താന്‍ ഇനി സ്‌റ്റേഡിയം വേണം, താരങ്ങള്‍ക്കുള്ള താമസസൗകര്യം വേണം, കോഴിക്കോട് നഗരത്തില്‍ നിന്നും അല്‍പ്പമകലെ ആയതിനാല്‍ നല്ല റോഡും സൗകര്യങ്ങളും വേണം-കായികതക്കൊപ്പം നില്‍ക്കുന്നയാളാണ് പ്രധാനമന്ത്രി. റിയോ ഒളിംപിക്‌സിനും ശേഷം ഇന്ത്യന്‍ സ്‌പോര്‍ട്‌സിനെ ഉണര്‍ത്താന്‍ സത്വര നടപടികളുമായി മുന്നോട്ട് പോവുന്ന അദ്ദേഹത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും പ്രാദേശിക ഭരണകൂടങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചാല്‍ കോഴിക്കോടിന്റെ കായിക തിലകക്കുറിയായി ഈ മൈതാനം മാറും. ഇങ്ങനെ ഒരു മൈതാനത്തിന് ജന്മം നല്‍കുക വഴ ഉഷ വീണ്ടും ചരിത്രമാവുകയാണ്. ലോകത്തെവിടെയുമില്ല ഒരു കായികതാരത്തിന്റെ നാമധേയത്തില്‍ ഒരു സിന്തറ്റിക് ട്രാക്ക്. ലോകത്തെവിടെയും ഒരു താരവും ഇത്തരത്തില്‍ ഒരു സിന്തറ്റിക് ട്രാക്കിനായി ഇത്ര വെയില്‍ കൊണ്ടിട്ടില്ല. ഇത്രയധികം വാതിലുകള്‍ മുട്ടിയിട്ടില്ല. സ്വപ്‌നത്തിന്റെ കണ്ണീര്‍ സാഫല്യമാണിത്-ഉഷക്കൊപ്പം എല്ലാവരുമുണ്ടാവും.

chandrika: