X

ഇതാണ് മെസി ഇതാവണം അര്‍ജന്റീന

റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…

മനസ്സും ശരീരവും അര്‍ജന്റീനക്കാര്‍ മൈതാനത്തിന് സമര്‍പ്പിച്ചപ്പോള്‍ അര്‍ഹമായ വിജയവും രണ്ടാം റൗണ്ടും ടീമിനെ തേടിയെത്തി. വിജയത്തില്‍ അഞ്ച് പേര്‍ക്കാണ് എന്റെ മാര്‍ക്ക്- മാന്‍ ഓഫ് ദ മാച്ച് ലയണല്‍ മെസി, മെസിയുടെ മനോഹര ഗോളിലേക്ക് കിടിലന്‍ ലോംഗ് പാസ് നല്‍കിയ എവര്‍ ബനേഗ, 94 മിനുട്ടും കഠിനാദ്ധ്വാനിയായി പൊരുതിയ ജാവിയര്‍ മഷ്‌ക്കരാനസ്, പ്രതിരോധകോട്ട കാത്തതിനൊപ്പം നിര്‍ണായക വേളയില്‍ ഗോള്‍ സ്‌ക്കോര്‍ ചെയ്ത മാര്‍ക്കസ് റോജ, മൈതാന നീക്കങ്ങള്‍ ഊര്‍ജ്ജസ്വലതയോടെ നിയന്ത്രിച്ച എയ്ഞ്ചലോ ഡി മരിയ എന്നിവര്‍ക്ക്. ടീം എന്ന നിലയില്‍ അര്‍ജന്റീന ഒത്തിണക്കം കാട്ടി. മല്‍സരവീര്യം എല്ലാവരിലുമുണ്ടായി. പന്തിനായി എല്ലാവരും പറന്ന് കളിച്ചു. ദേശീയഗാന വേളയില്‍ നെഞ്ചു വിരിച്ച് തല ഉയര്‍ത്തി നിന്നു താരങ്ങള്‍. ഇടവേളയില്‍ നായകന്റെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ എല്ലാവര്‍ക്കും. മൈതാനത്തുടനീളമുണ്ടായിരുന്നു ഇന്നലെ നായകസ്പര്‍ശം. തോല്‍ക്കാന്‍ മനസ്സില്ല എന്ന പ്രഖ്യാപനം എല്ലാ കണ്ണുകളിലും. ഇതാണ് എല്ലാവരും ആഗ്രഹിച്ച അര്‍ജന്റീന. ആരാധകര്‍ നെഞ്ചിനകത്ത്് സൂക്ഷിക്കുന്ന അര്‍ജന്റീന….


നിശ്ചയദാര്‍ഡ്യത്തിന്റെ ഉജ്ജ്വലഭാവമായിരുന്നില്ലേ എവര്‍ ബനേഗയുടെ ആ പാസ്. ഇങ്ങനെയരു പാസ് എന്ത് കൊണ്ട് കഴിഞ്ഞ രണ്ട് മല്‍സരങ്ങളില്‍ കണ്ടില്ല. മെസി എന്ന താരത്തിന് പന്ത് ലഭിക്കാത്തതായിരുന്നു ഐസ് ലാന്‍ഡിനെതിരെയും ക്രൊയേഷ്യക്കെതിരെയും ടീം തപ്പിതടയാന്‍ കാരണം. ബനേഗയിലെ സീനിയര്‍ താരം കൃത്യമായി മെസിയെ കണ്ടു-മധ്യവരക്ക് പിറകെ നിന്നുളള ആ പാസ് കാല്‍മുട്ടില്‍ സ്വീകരിച്ച് മുന്നോട്ട് കയറിയ മെസിയുടെ ബോള്‍ കണ്‍ട്രോള്‍ അപാരമായിരുന്നു. ഓട്ടത്തിനിടിയിലെ ആ ആങ്കിള്‍ നോക്കുക-ഒരു ഗോള്‍ക്കീപ്പര്‍ക്കും പിടികൊടുക്കാത്ത ദിശ. ഇത്തരത്തിലൊരു ശ്രമം എന്ത് കൊണ്ട് കഴിഞ്ഞ മല്‍സരങ്ങളില്‍ മെസി നടത്തിയില്ല…


ലോകത്തിനറിയാം പന്ത് കിട്ടിയാല്‍ മെസിയുടെ കുതിപ്പ്. അത് തടയുക എന്നത് ദുഷ്‌ക്കരമായ ദൗത്യവുമാണ്. നൈജീരിയക്കും ഇന്നലെ യഥേഷ്ടം മാര്‍ക്കിടണം. മെസിയെ തടയുക എന്നതായിരുന്നില്ല അവരുടെ ഗെയിം പ്ലാന്‍. സ്വന്തം കരുത്തില്‍ വിശ്വസിച്ച് ആക്രമിക്കുക. ആ പ്ലാനിലാണ് മെസി സ്വതന്ത്രനായത്. അല്ലാത്തപക്ഷം ഐസ്‌ലാന്‍ഡുകാര്‍ അദ്ദേഹത്തെ തടഞ്ഞത് പോലെ ഇന്നലെയും തടയപ്പെട്ടിരുന്നെങ്കില്‍ പ്രശ്‌നം സങ്കീര്‍ണ്ണമായേനേ. മെസിയെ തടഞ്ഞാല്‍ ആ അവസരത്തെ പ്രയോജനപ്പെടുത്തുക എന്നതായിരുന്നു ഒരു പക്ഷേ സാംപോളിയുടെ ഗെയിം പ്ലാന്‍. അങ്ങനെയാണ് ഗോണ്‍സാലോ ഹ്വിഗിന്‍ ഇറങ്ങിതയ്. ഗോളിന് പിറകെ മെസി പായിച്ച ഫ്രീകിക്കും സുന്ദരമായിരുന്നു. പോസ്റ്റായിരുന്നു അവിടെ വില്ലനായത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ നൈജീരിയക്ക്് റഫറി അനുവദിച്ച പെനാല്‍ട്ടിയുടെ സാധുത വീഡിയോ സമ്പ്രദായത്തില്‍ സംശയകരമായി തോന്നി. കോര്‍ണര്‍കിക്കില്‍ നിന്നും പന്ത് ഉയര്‍ന്ന വേളയില്‍ മഷ്‌ക്കരാനസ് നൈജീരിയന്‍ താരത്തെ തള്ളിയിട്ടിരുന്നില്ല. അദ്ദേഹം വീഴുകയായിരുന്നു. പക്ഷേ റഫറി പെനാല്‍ട്ടി അനുവദിച്ചപ്പോള്‍ അര്‍മാനി എന്ന പുത്തന്‍ ഗോള്‍ക്കീപ്പറെ പരാജയപ്പെടുത്താന്‍ നൈജീരിയന്‍ നായകന്‍ മോസസിന് പ്രയാസപ്പെടേണ്ടി വന്നില്ല-കൂള്‍ ഷോട്ട്. സമനില കുരുക്കിലെ അപകടം മനസ്സിലാക്കി തന്നെ അര്‍ജന്റീന കടന്നാക്രമണങ്ങള്‍ നടത്തിയതിന്റെ ഫലമായിരുന്നു റോജയുടെ ആ ഗോള്‍. ബ്രസീല്‍ ലോകകപ്പില്‍ നൈജീരിയക്കെതിരെ കളിച്ചപ്പോഴും ഇതേ പോലെ ഗോള്‍ നേടിയിരുന്നു റോജ. ആ ഗോളിന് ഞാന്‍ സാക്ഷിയായിരുന്നു.


അര്‍ജന്റീന തിരിച്ചുവന്നതോടെ ലോകകപ്പ് വേദികള്‍ കൂടുതല്‍ സജീവമാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഫ്രാന്‍സാണ് അവരുടെ നോക്കൗട്ട് എതിരാളി. ലാലീഗയില്‍ പലപ്പോഴും കണ്ട് മുട്ടുന്ന ഗ്രിസ്മാനും മെസിയും ഒരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍.
സമര്‍പ്പണത്തിന്റെ ഈ അര്‍ജന്റീനിയന്‍ മുഖത്തിനാണ് ഫുട്‌ബോള്‍ ലോകത്തിന്റെ അഭിവാദ്യം. നല്ല ഫുട്‌ബോളിനെ മനസ്സില്‍ സുക്ഷിക്കുന്നവരുടെ മുന്നിലേക്ക് ഇപ്പോഴും വരുന്നത് മെസിയും ബനേഗയുമാണ്. കണ്ണിമ പൂട്ടാതെ കാണുന്ന കാല്‍പ്പന്തിന്റെ ആ മായിക ലോകമുണ്ടല്ലോ… അവിടെ എല്ലാവരും കാണുന്നത് നല്ല ഗോളുകളും നല്ല ഫ്രീകിക്കുകളും നല്ല പാസുകളും മനോഹരമായ ആക്ഷനുകളുമാണ്. അവിടെയാണ് ഫുട്‌ബോള്‍ മനസ്സില്‍ അനുഭൂതിയായി മാറുന്നത്. പ്രണയത്തിന്റെ മനസ് പോലെ പന്തിനെ ചുംബിക്കാന്‍ ഒരു മുന്‍നിരക്കാരന്‍ നടത്തുന്ന ആ ഓട്ടമുണ്ടല്ലോ-അതാണ് സാഫല്യം. അവിടെയാണ് വിജയം.


നൈജീരിയക്കാരുടെ പോരാട്ടവീര്യത്തെ അഭിനന്ദിക്കാതെ വയ്യ. ഐസ്‌ലാന്‍ഡുകാരെ തോല്‍പ്പിച്ച അഹമദ് മൂസയും സംഘവും അര്‍ജന്റീനക്കാരുടെ അനുഭവസമ്പത്തിനും പിന്നെ ഗ്യാലറിക്കും മുന്നിലാണ് പിറകിലായത്. ലോകകപ്പില്‍ ഇത് നാലാം തവണയാണ് രണ്ട് പേരും മുഖാമുഖം വരുന്നത്. എല്ലാ മല്‍സരത്തിലുംം ലാറ്റിനമേരിക്കക്കാര്‍ക്കായിരുന്നു വിജയം. മുസ്സയും മോസസും കാണികളുടെ ഓമനകളായി. പക്ഷേ ആഫ്രിക്കയില്‍ നിന്നും ഈജിപ്തും ടൂണീഷ്യയും മൊറോക്കോയും ഇതാ നൈജീരിയയും പോയിരിക്കുന്നു. ഇനി സെനഗല്‍ മാത്രം. ക്രൊയേഷ്യക്കാരാണ് അപ്രതീക്ഷിതമായി ഒമ്പത് പോയന്റുമായി ഗ്രൂപ്പില്‍ ശക്തന്മാരായത്. ഐസ്‌ലാന്‍ഡിനെയും തോല്‍പ്പിച്ചതോടെ ലുക്കാ മോദ്രിച്ചും സംഘവും വരും നാളുകളില്‍ എല്ലാവര്‍ക്കും ഭീഷണിയാവും. നോക്കൗട്ടില്‍ ഡെന്മാര്‍ക്കാണ് പ്രതിയോഗികള്‍. ഫ്രാന്‍സിനെതിരെ തണുപ്പന്‍ പ്രകടനം നടത്തിയ ഡെന്മാര്‍ക്കിനെ ഇന്നത്തെ ഫോമില്‍ വിറപ്പിക്കാന്‍ ക്രോട്ടുകാര്‍ക്ക് പ്രയാസപ്പെടേണ്ടി വരില്ല.
ഇന്ന് ബ്രസീലുണ്ട്. അവസാന കടമ്പ കടന്നിട്ടില്ല മഞ്ഞപ്പടക്കാര്‍. സെര്‍ബിയയാണ് എതിരാളികള്‍. സൂക്ഷിക്കണം.

chandrika: