ഒരു താരം സൂപ്പര്‍ താരമാവുന്നത് എങ്ങനെയാണ്…? അനിതരസാധാരണമായ മികവില്‍ ടീമിനെ പ്രചോദിപ്പിക്കുമ്പോള്‍. ടോണി ക്രൂസിനെ നോക്കു, എന്തൊരു കിക്കായിരുന്നു അത്. മല്‍സരം അവസാനിക്കാന്‍ കേവലം ഒരു മിനുട്ട് മാത്രം ബാക്കി. ഏറ്റവും വിഷമകരമായ പൊസിഷനില്‍ നിന്നും ഫ്രീകിക്ക്. ലോക ചാമ്പ്യന്മാരുടെ സംഘം വലിയ പ്രതിസന്ധി മുഖത്ത് നില്‍ക്കുന്നു. ഗ്യാലറി നിശബ്ദം. അത്തരമൊരു സാഹചര്യത്തില്‍ കിക്കെടുക്കാന്‍ ധൈര്യം കാട്ടുക എന്നത് തന്നെ വലിയ ഉത്തരവാദിത്ത്വമാണ്. കാരണം കിക്ക് പാഴായാല്‍ നിങ്ങള്‍ ക്രൂശിക്കപ്പെടും. ഒരു പെനാല്‍ട്ടിയുടെ പേരില്‍ മെസിയിലെ പ്രതിഭയെ എല്ലാവരും വേട്ടയാടുന്നത് കണ്ടില്ലേ… ടോണി ക്രൂസ് ധൈര്യസമേതം മുന്നോട്ട് വന്നു. അദ്ദേഹം ടീമിന്റെ നായകനല്ല. ആരും കിക്കെടുക്കാന്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചിട്ടുമില്ല. പക്ഷേ ആ സമയത്ത് ആരെങ്കിലും മുന്നോട്ട് വരണം. അവനാണ് ടീം മാന്‍. സഹതാരം റയസിനെ അരികില്‍ വിളിച്ച് ക്രൂസ് ചെവിയില്‍ മന്ത്രിച്ചു. മുന്നില്‍ നില്‍ക്കുന്നത് സ്വീഡിഷ് സംഘത്തിലെ പതിനൊന്ന് പേര്‍. അവര്‍ക്കിടയിലുടെ ആ ദുഷ്‌ക്കരമായ പൊസിഷനില്‍ നിന്ന് എങ്ങനെ പന്ത് വലയിലാക്കും. റഫറിയുടെ വിസില്‍ വന്നു-അധികസമയമായി അനുവദിക്കപ്പെട്ട ആറ് മിനുട്ടിലെ അഞ്ചാം മിനുട്ട്….. ക്രൂസ് പന്ത് പതുക്കെ മുന്നോട്ട് തട്ടുന്നു. റയസ് കൃത്യമായി പന്തിനെ സ്‌റ്റോപ്പ് ചെയ്യുന്നു-പിന്നെ വെടിയുണ്ട…….!
സത്യം പറയാം-വിവിധ ലോകകപ്പുകളിലായി എത്രയോ ഗോളുകള്‍ നേരില്‍ കണ്ടിരിക്കുന്നു. ഇത് വരെ എനിക്ക് പ്രിയങ്കരം കഴിഞ്ഞ ലോകകപ്പ് പ്രിക്വാര്‍ട്ടറില്‍ മരക്കാന സ്‌റ്റേഡിയത്തില്‍ ഉറുഗ്വേ ഗോല്‍ക്കീപ്പര്‍ മുസലേരയെ നിശ്ചലനാക്കിയ കൊളംബിയന്‍ താരം ജെയിംസ് റോഡ്രിഗസിന്റെ ഗോളായിരുന്നു. പക്ഷേ ക്രൂസിന്റെ ഗോള്‍ അതിനെയും കടത്തിവെട്ടി.
ഇവിടെയാണ് സൂപ്പര്‍ താരങ്ങള്‍ പിറവിയെടുക്കുന്നത്. ഈ ഗോളിന്റെ പേരില്‍ ക്രൂസ് ജര്‍മന്‍ ചരിത്രത്തില്‍ ഉന്നതനായി നില്‍ക്കും. നമ്മള്‍ ഇനിയെഴുതാന്‍ പോവുന്ന ലോകകപ്പ് ഗാഥകളില്ലെല്ലാം ഈ ഗോള്‍ വരും. ആ ഒരു ഗോളില്‍ ഒരു പക്ഷേ ടീമിന്റെ ഭാവിയാണ് മാറാന്‍ പോവുന്നത്. ടീമിന് ഉത്തേജനമാവുന്നത് ഇത്തരം നിമിഷങ്ങളാണ്. ആരെയും ഏത് സെക്കന്‍ഡിലും തോല്‍പ്പിക്കാമെന്നതിന്റെ സാരമായിരുന്നില്ലേ ആ ഗോള്‍… അത് വരെ സ്വീഡന്‍ പ്രതീക്ഷകളിലായിരുന്നു. സമനില അവര്‍ക്ക് ധാരാളമായിരുന്നു. അവസാന മല്‍സരത്തില്‍ സമനില നേടിയാല്‍ അടുത്ത ഘട്ടത്തിലെത്താം. ഇനിയിപ്പോള്‍ കാര്യങ്ങള്‍ പ്രയാസമാണ്. മെക്‌സിക്കോയെ തോല്‍പ്പിക്കണം-അത് നിലോവിലെ സാഹചര്യത്തില്‍ പ്രയാസവുമാണ്. ജര്‍മനിക്കാവട്ടെ കൊറിയയാണ് പ്രതിയോഗികള്‍. അവര്‍ക്ക് ജയിക്കാന്‍ പ്രയാസമുണ്ടാവില്ല. ക്രൂസിന്റെ കാര്യത്തില്‍ അദ്ദേഹത്തിനത് പ്രായശ്ചിത്തവുമാണ്. മെക്‌സിക്കോക്കെതിരായ മല്‍സരത്തില്‍ പിറന്ന ഗോളിലെ പ്രതി റയല്‍ മാഡ്രിഡിന്റെ ഈ മധ്യനിരക്കാരനായിരുന്നല്ലോ…..
ജര്‍മനിയെ പോലുള്ളവര്‍ ലോകകപ്പില്‍ ഇല്ലെങ്കില്‍ ആഗോള മാമാങ്കത്തിന്റെ നിലവാരം തകരുമെന്നത് വാസ്തവം. അര്‍ജന്റീനയും ബ്രസീലും ജര്‍മനിയും സ്‌പെയിനും ഫ്രാന്‍സും ഇറ്റലിയും ഹോളണ്ടുമെല്ലാമാണ് കാല്‍പ്പന്ത് ലോകത്തിലെ ആഢ്യന്മാര്‍. അവരുടെ പിറകെയാണ് ഫുട്‌ബോള്‍ ലോകം സഞ്ചരിക്കുന്നത്. അര്‍ജന്റീന നിരാശപ്പെടുത്തുമ്പോള്‍ അത് ലോകകപ്പ് വേദികളെയും ഖിന്നമാക്കുന്നുണ്ട്.
ബെല്‍ജിയത്തിന്റെ മുന്‍നിരക്കാരുടെ ഗോള്‍ ബഹളം എല്ലാവര്‍ക്കും മുന്നറിയിപ്പാണ്. രണ്ട് കളികളില്‍ നിന്നായി എട്ട് ഗോളുകളാണ് അവര്‍ സ്‌ക്കോര്‍ ചെയ്തിരിക്കുന്നത്-റഷ്യയെ പോലെ. മൂന്ന് ഗോളുകള്‍ പാനമക്ക് നല്‍കിയപ്പോള്‍ ഇന്നലെ ടൂണീഷ്യക്കാര്‍ക്ക് അഞ്ച് ഗോളുകള്‍ സമ്മാനിച്ചു. റുമേലു ലുക്കാക്കു എന്ന മുന്‍നിരക്കാരന്‍ പരുക്കിലും നാല് ഗോളുകള്‍ നേടിക്കഴിഞ്ഞു. നായകന്‍ ഈഡന്‍ ഹസാര്‍ഡും പിറകെയുണ്ട്. ഡി ബ്രുയന്‍ എന്ന മധ്യനിരക്കാരന്റെ മികവിലാണ് ഇതെല്ലാം. ബെല്‍ജിയത്തിന് ഇനി ശ്രദ്ദിക്കാനുള്ളത് ഡിഫന്‍സിലാണ്. അവിടെ പ്രശ്‌നങ്ങളുണ്ട്. ഗോള്‍ക്കീപ്പര്‍ ദിബാട്ട് കര്‍ത്തോയിസിന് ഉയരത്തിന്റെ ആനുകൂല്യമുണ്ടെങ്കിലും ഗ്രൗണ്ട് ബോളുകളുടെ കാര്യത്തില്‍ വിശ്വസ്തനല്ല. ടോബി ആല്‍ഡര്‍വീല്‍ഡ്, ദെദ്രിക് ബോയ തുടങ്ങിയവര്‍ നയിക്കുന്ന പ്രതിരോധം പ്രത്യാക്രമണങ്ങളില്‍ ആടിയുലയുന്നുണ്ട്. ഇവര്‍ വരുത്തുന്ന പിഴവുകള്‍ക്ക് പരിഹാരമിടാന്‍ മുന്‍നിരക്കാര്‍ക്ക് കഴിയുന്നു എന്നതാണ് ആശ്വാസം. ഇത് വരെ ബെല്‍ജയം കളിച്ചത് ദുര്‍ബലരുമായിട്ടാണ്. ഇംഗ്ലണ്ടുമായി അവസാന മല്‍സരം വരുന്നുണ്ട്. ഇതിലറിയാം അവരുടെ യഥാര്‍ത്ഥ ശക്തി.
മെക്‌സിക്കോ പ്രതീക്ഷിച്ചത് പോലെ കൊറിയക്കാരെ വീഴ്ത്തി. അവരുടെ സീനിയര്‍ താരം ജാവിയര്‍ ഹെര്‍ണ്ടാസിന്റെ തിരിച്ചുവരാണ് രണ്ടാം മല്‍സരത്തിലെ സവിശേഷത. ഇന്ന് ആദ്യ റൗണ്ടിലെ രണ്ടാം ഘട്ടത്തിന്റെ അവസാനമാണ്. നാളെ മുതലാണ് ജീവന്മരണ പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്.