റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…
ദീദിയര്‍ ദെഷാംപ്‌സും സംഘവും ഫുട്‌ബോള്‍ ലോകം കീഴടക്കിയിരിക്കുന്നു. പക്ഷേ ഫ്രാന്‍സ് ജയിച്ചതിനേക്കാള്‍ ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത് ക്രൊയേഷ്യ എന്ത് കൊണ്ട് തോറ്റു എന്നതാണ്. എവിടെയാണ് അവര്‍ക്ക് പിഴച്ചത്…? ഫ്രഞ്ച് ജയത്തിന് പിറകില്‍ അവരുടെ സൂപ്പര്‍ താരനിര, സമീപനം, പരിശീലകന്‍ എന്നീ ഘടകങ്ങളെല്ലാമുണ്ട്. ക്രൊയേഷ്യക്കാര്‍ ലോകകപ്പിന്റെ ഫൈനല്‍ വരെ വന്നത് അവരുടെ പോരാട്ടവീര്യത്തിലും ആത്മവിശ്വാസത്തിലുമായിരുന്നു. അതിന് എന്ത് സംഭവിച്ചു എന്നതാണ് സോക്കര്‍ ലോകം അന്വേഷിക്കുന്നത്.
ഫ്രാന്‍സിന്റെ ഗെയിം പ്ലാന്‍-പ്രത്യേകിച്ച്് രണ്ടാം പകുതിയില്‍ അവര്‍ സ്വീകരിച്ച സമീപനത്തിലാണ് ക്രോട്ടുകാര്‍ തളര്‍ന്നതും തകര്‍ന്നതും. 1-2ന് പിറകില്‍ നില്‍ക്കുന്ന സമയമായതിനാല്‍ ക്രൊയേഷ്യ രണ്ടാം പകുതിയില്‍ രണ്ടും കല്‍പ്പിച്ച് കളിക്കുമെന്നുറപ്പായിരുന്നു ഫ്രാന്‍സിന്. ഈ ഘട്ടത്തില്‍ പ്രത്യാക്രമണത്തിന് യഥേഷ്ടം അവസരങ്ങളുണ്ടാവും. ഈ അവസരങ്ങളെ പ്രയോജനപ്പെടുത്തുക എന്ന ദെഷാംപ്‌സിന്റെ ബുദ്ധിയെയാണ് എംബാപ്പേയും പോള്‍ പോഗ്ബയും ഗോളാക്കി മാറ്റിയത്.
4-1 എന്ന നിലയില്‍ ഒരുഘട്ടത്തില്‍ ക്രൊയേഷ്യ പിറകിലേക്ക് പോയതോടെ അവര്‍ മാനസികമായി തളര്‍ന്നു. ലോകകപ്പ് ഫൈനല്‍ പോലെ ഒരു പോരാട്ടത്തില്‍ നാല് ഗോളുകള്‍ക്ക്് പിറകില്‍ നില്‍ക്കുമ്പോള്‍ തിരിച്ചുവരാന്‍ കഴിയാത്ത അവസ്ഥയാണ്. മല്‍സരത്തിന്റെ ഗതി നിര്‍ണയിച്ചത് ദെഷാംപ്‌സിന്റെ പ്രായോഗികബുദ്ധി തന്നെയാണ്.
ആദ്യം പിറന്ന സെല്‍ഫ് ഗോള്‍ നോക്കുക- മാന്‍സുകിച്ച് ആ പന്തിന് തല വെച്ചില്ലെങ്കില്‍ ഗ്രിസ്മാന്റെ ഷോട്ട് പുറത്താണ്. രണ്ടാം ഗോള്‍ അനാവശ്യമായി വഴങ്ങിയ ഒരു കോര്‍ണറും ആ കോര്‍ണറില്‍ നിന്നും പിറന്ന പെനാല്‍ട്ടിയുമാണ്. ഫ്രഞ്ച് ടീം വളരെ മാന്യമായി കളിച്ചു. വലിയ ലീഡ് സ്വന്തമാക്കിയിട്ടും അവര്‍ നെഗറ്റീവ് തന്ത്രങ്ങളിലേക്ക് പോയില്ല. ആക്രമണത്തില്‍ അവരും താല്‍പ്പര്യമെടുത്തു. ആദ്യ പകുതിയില്‍ മഞ്ഞക്കാര്‍ഡ് കണ്ട് നക്കാലേ കാണ്ടെയെ കോച്ച് രണ്ടാം പകുതിയില്‍ വിളിപ്പിച്ചത് പോലെ തന്ത്രപരമായി തന്നെ ദെഷാംപ്‌സ് മല്‍സരത്തെ കണ്ടു.
മല്‍സരത്തിന് ശേഷവും കപ്പില്‍ മതിമറക്കാതെ ഫ്രഞ്ച് കോച്ച്് മൈതാനത്ത് ശരിക്കുമൊരു മാതൃകയായി. അദ്ദേഹം ക്രോട്ട്് താരങ്ങളുടെ അരികിലെത്തി എല്ലാവരെയും ആശ്വസിപ്പിച്ചു. ക്രോട്ടുകാര്‍ മെഡലുകള്‍ സ്വീകരിക്കാന്‍ വരുമ്പോള്‍ ഫ്രഞ്ച് താരങ്ങള്‍ അവര്‍ക്ക് പ്രത്യേക സ്‌നേഹവഴിയൊരുക്കി. ക്രൊയേഷ്യക്കാര്‍ക്ക് ഈ രണ്ടാം സ്ഥാനം കപ്പിന് തുല്യമാണ്. ഒരു മല്‍സരത്തില്‍ മാത്രം തോറ്റവര്‍-അവര്‍ കീഴടക്കിയത് ഫുട്‌ബോള്‍ മനസ്സായിരുന്നു. ഫ്രാന്‍സിന്റെ കിരീട നേട്ടത്തിലും ട്രോഫി അവര്‍ക്ക് ഫിഫ പ്രസിഡണ്ട് ഇന്‍ഫാന്‍ഡിനോ സമ്മാനിക്കുമ്പോഴും ഗ്യാലറി പോലും മൗനമായി ക്രോട്ടുകാര്‍ക്കൊപ്പമായിരുന്നു. ഏറ്റവും മികച്ച താരമായി ലുക്കാ മോദ്രിച്ചിനെ പ്രഖ്യാപിച്ചപ്പോള്‍ ലഭിച്ച കയ്യടി ഫ്രാന്‍സ് ലോകകപ്പ് ഏറ്റുവാങ്ങുമ്പോള്‍ ലഭിച്ചിരുന്നില്ല.
ലോകകപ്പ് സമാപിക്കുമ്പോള്‍ പുത്തന്‍ ടീമുകളുടെ, പുതിയ താരങ്ങളുടെ സമ്മേളന വേദിയായാണ് റഷ്യ അടയാളപ്പെടുത്താന്‍ പോവുന്നത്. പരാതികളില്ലാത്ത ലോകകപ്പ്, സംഘാടനത്തില്‍ പ്രകടമായ കൃത്യത, ഫിഫ പ്രകടിപ്പിച്ച അച്ചടക്കം-എല്ലാം പ്രൊഫഷണലിസത്തിന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങളായിരുന്നു. ഫൈനല്‍ കാണാനും സ്വന്തം ടീമുകളെ പ്രോല്‍സാഹിപ്പിക്കാനും ഫ്രഞ്ച്, ക്രൊയേഷ്യന്‍ ഭരണത്തലവന്മാരെത്തി. കിരീടം സമ്മാനിക്കാന്‍ റഷ്യന്‍ പ്രസിഡണ്ടുമെത്തി. വലിയ ചാമ്പ്യന്‍ഷിപ്പിന്റെ സമാപനത്തില്‍ ആകാശവും മഴയോടെ പുഷ്പവൃഷ്ടി നടത്തി.
ഇനി നാല് വര്‍ഷത്തിന് ശേഷം ഖത്തര്‍… ഇപ്പോള്‍ തന്നെ ഒരുക്കങ്ങളുടെ പകുതി ദൂരം പിന്നിട്ടവരാണ് ഖത്തര്‍. റഷ്യയില്‍ നിന്നും പഠിക്കാനുള്ളതെല്ലാം ഖത്തര്‍ സ്വീകരിക്കും. 2018 ല്‍ നിന്നും 2022 ലേക്കുള്ള ആ നാല് വര്‍ഷ ദൂരത്തില്‍ ഫ്രാന്‍സ് മാത്രമല്ല ക്രൊയേഷ്യയും ബെല്‍ജിയവും ഇംഗ്ലണ്ടും റഷ്യയും ജപ്പാനുമെല്ലാം ചര്‍ച്ച ചെയ്യപ്പെടും.