X

ചരിത്രമാണിന്ന്, കാണാന്‍ മറക്കരുത്….


റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


ഓരോ ദിവസവും ചരിത്രമാണ്…. ഇന്ന് ജൂലൈ 15-2018….. നാളെ ഇങ്ങനെയൊരു ദിവസം ചരിത്രമാണ്. ഞാനടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഈ റിപ്പോര്‍ട്ട്് തയ്യാറാക്കുമ്പോള്‍ ഈ ദിവസം തീര്‍ച്ചയായും പരാമര്‍ശിക്കപ്പെടും. കാരണം ഇന്ന്, ഈ ദിവസം ലോകകപ്പിന്റെ ഫൈനലാണ്. മോസ്‌ക്കോയിലെ ലുഷിനിക്കി സ്‌റ്റേഡിയത്തിലെ മീഡിയാ റൂമില്‍ നിന്നും എന്റെ ഈ കോളം തയ്യാറാക്കുമ്പോള്‍ പുറത്ത് നല്ല ബഹളമാണ്…. ഫൈനല്‍ കാണാന്‍ ആരാധകര്‍ ഇതാ എത്തികൊണ്ടരിക്കുന്നു…. 1930 ല്‍ തുടങ്ങിയ മഹാമേളയുടെ ഈ ഇരുപത്തിയൊന്നാം അധ്യായത്തിന്റെ കലാശത്തിന് ഇന്നിറങ്ങുന്നവരില്‍ ഒരാള്‍ കന്നിക്കാരാണ്-കേവലം 40 ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു രാജ്യത്തിന്റെ പ്രതിനിധികള്‍. അവര്‍ക്കെതിരെ പരമ്പരാഗതമായി ഫുട്‌ബോള്‍ കരുത്തരായ ഫ്രാന്‍സും. ഇന്ന്് ക്രോട്ടുകാര്‍ ജയിച്ചാല്‍ ഈ ദിവസം എന്നുമെന്നും ഓര്‍മ്മിക്കപ്പെടും. ഫ്രാന്‍സ് ജയിച്ചാലും ഈ ദിവസം തഴയപ്പെടില്ല-അവരുടെ രണ്ടാം നേട്ടമാവും. ആര് ജയിച്ചാലും ഈ ലോകകപ്പ് ഓര്‍മ്മിക്കപ്പെടുമെന്ന കാര്യത്തിലും സംശയമില്ല.
ചരിത്രം എങ്ങനെയായിരിക്കും 2018 ലെ റഷ്യന്‍ ലോകകപ്പിനെ സ്മരിക്കുക…? വമ്പന്മാരുടെ ദുരന്ത വേദിയായോ…, സൂപ്പര്‍ താരങ്ങളുടെ ദുരന്ത ഭൂമികയായോ, ഫിഫയുടെ പുതിയ പരീക്ഷണങ്ങളുടെ വേദിയായോ, റഷ്യയുടെ സംഘാടക മികവിലോ അതോ പുതിയ ടീമുകളുടെയും താരങ്ങളുടെയും കടന്ന് വരവിലോ…?

എന്റെ പക്ഷം പറയാം-പുത്തന്‍ ടീമുകളുടെയും താരങ്ങളുടെയും വരവ് എന്നതല്ല-രാജകീയ വരവിന്റെ പേരിലാവും 2018 നെ കാലം സാക്ഷ്യപ്പെടുത്തുക. 32 ടീമുകള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പിലെ കന്നിക്കാര്‍ പാനമ മാത്രമായിരുന്നു. ബാക്കിയെല്ലാവരും ലോകകപ്പ് വേദികളില്‍ അനുഭവസമ്പന്നര്‍. അഞ്ച് തവണ കിരീടം സ്വന്തമാക്കിയ ബ്രസീലും പിന്നെ ജര്‍മനിയും അര്‍ജന്റീനയും ഉറുഗ്വേയും ഇംഗ്ലണ്ടും സ്‌പെയിനും ഫ്രാന്‍സുമെല്ലാം. പക്ഷേ നോക്കൗട്ട് ഘട്ടത്തിലേക്ക് ചാമ്പ്യന്‍ഷിപ്പ് പ്രവേശിക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി പുറത്ത്. രണ്ടാം ഘട്ടത്തില്‍ അര്‍ജന്റീനയും സ്‌പെയിനും പോര്‍ച്ചുഗലും മടങ്ങുന്നു. മൂന്നാം ഘട്ടത്തില്‍ ബ്രസീലും ഉറുഗ്വേയും മടങ്ങുന്നു.

റഷ്യ, ക്രൊയേഷ്യ, ബെല്‍ജിയം, ജപ്പാന്‍ തുടങ്ങിയവരുടെ പ്രകടനം ഗംഭീരമായിരുന്നു. റഷ്യക്കാര്‍ ക്വാര്‍ട്ടറില്‍ തോറ്റെങ്കിലും അവര്‍ അഞ്ച് മല്‍സരങ്ങളില്‍ പ്രകടിപ്പിച്ച പോരാട്ട വീര്യത്തെ സമ്മതിക്കണം. ഉറുഗ്വേയോട് തോറ്റ മല്‍സരത്തില്‍ മാത്രമായിരുന്നു ടീം നിരാശപ്പെടുത്തിയത്. ക്വാര്‍ട്ടറില്‍ ക്രോട്ടുകാര്‍ക്കെതിരെ റഷ്യയുടെ അലക്‌സി ചെര്‍ച്ചഷേവ് നേടിയ ആ ഗോളുണ്ടല്ലോ-അതല്ലേ ലോകകപ്പിലെ നമ്പര്‍ വണ്‍ ഗോള്‍….ക്രൊയേഷ്യക്കാരായിരുന്നു സത്യത്തില്‍ 2018 ലെ ടീം. രാജകീയമായ യാത്ര. മണിക്കൂറുകള്‍ ദീര്‍ഘിക്കുന്ന യുദ്ധങ്ങളില്‍ അവര്‍ അജയ്യരായി നിലകൊണ്ടു. ലുക്കാ മോദ്രിച്ചും ഇവാന്‍ റാക്കിറ്റിച്ചും മരിയോ മാന്‍സുക്കിച്ചും സുഭാസിച്ചുമെല്ലാം ഫുട്‌ബോള്‍ ലോകത്തിന്റെ പ്രിയപ്പെട്ട താരങ്ങളായി മാറി. ബെല്‍ജിയത്തിന്റെ യാത്രയോ……മൂന്നാം സ്ഥാനമായിരുന്നില്ല അവര്‍ അര്‍ഹിച്ചത്. ഈഡന്‍ ഹസാര്‍ഡിലെ നായകന്‍-അദ്ദേഹത്തിന്റെ സമര്‍പ്പണം. സമ്മതിക്കണം. നായകനെന്നാല്‍ അതാണ് നായകന്‍. സ്വയം മാതൃകയാവുന്നു ആ മധ്യനിരക്കാരന്‍. ജപ്പാന്‍ ഏഷ്യയുടെ മാത്രം അഭിമാനമല്ല-ഫുട്‌ബോളിലെ യുവതയുടെ പ്രതീകമാണ്. കൊളംബിയക്കാരെ ആദ്യ മല്‍സരത്തില്‍ തോല്‍പ്പിച്ചതും സെനഗലുകാരെ പിടിച്ചുനിര്‍ത്തിയതും ബെല്‍ജിയത്തിനെതിരെ പ്രീക്വാര്‍ട്ടറില്‍ രണ്ട് ഗോള്‍ ലീഡ് നേടിയതും എത്ര സുന്ദരമായിരുന്നു. ജപ്പാന്റെ ഗോളുകളെല്ലാം ആധികാരികമായിരുന്നു. ഒടുവില്‍ ഫെയര്‍ പ്ലേ പോയന്റുകളും അവര്‍ സ്വന്തമാക്കി.
കാല്‍പ്പന്ത് ലോകം ഇനിയും മെസി, നെയ്മര്‍, കൃസ്റ്റിയാനോ എന്ന് പറയുന്നതിന് പകരം ഈഡന്‍ ഹസാര്‍ഡിനെയും കൈലിയന്‍ എംബാപ്പേയെയും ലുക്കാ മോദ്രിച്ചിനെയുമെല്ലാം അംഗീകരിക്കണം. മെസിയും നെയ്മറും സി.ആര്‍-7 ഉം ലോകോത്തരക്കാര്‍. പക്ഷേ അവരെയും കടത്തിവെട്ടുന്ന പ്രകടനം നടത്തുന്ന പുതിയ താരങ്ങള്‍ വരുമ്പോള്‍ അവരെയല്ലേ ലോകം സ്വാഗതം ചെയ്യേണ്ടത്…. അതായിരിക്കണം ഫുട്‌ബോള്‍ സ്‌നേഹം….. കാല്‍പ്പന്തിനെ നെഞ്ചില്‍ ചേര്‍ക്കുമ്പോള്‍ അവിടെ ഉയരുന്ന ശ്വാസം സുന്ദരമായ ഫുട്‌ബോളായിരിക്കണം. ഈ ലോകകപ്പില്‍ അത് നമുക്ക് സമ്മാനിച്ചത് ക്രൊയേഷ്യയും ബെല്‍ജിയവും റഷ്യയും ജപ്പാനുമെല്ലാമാണ്… പോസിറ്റീവ് സോക്കറിന്റെ സുന്ദരമായ അധ്യായങ്ങളാണ് ഇവര് എഴുതിയത്. ആക്രമണത്തിന്റെ സഗൗരവ പാഠങ്ങള്‍. പ്രതിരോധത്തിന്റെ, നെഗറ്റീവിസത്തിന്റെ വഴികളിലൂടെ സഞ്ചരിക്കാതെ കളിയെന്നാല്‍ അത് ജയിക്കാനും മരിക്കാനുമുള്ളതാണെന്ന് തെളിയിച്ച വീരന്മാര്‍. 19 കാരനായ കൈലിയന്‍ എംബാപ്പേയുടെ വേഗത പ്രായത്തിന്റേതല്ല-ആക്രമണ വീര്യത്തിന്റേതാണ്. ഇന്ന് ആര് കപ്പടിച്ചാലും പുത്തന്‍ ടീമുകളുടെ, പുതിയ താരങ്ങളുടെ പേരിലാവട്ടെ 2018 ന്റെ അടിവര.

വ്യക്തിപരമായി എനിക്ക് ക്രൊയേഷ്യന്‍ വിജയത്തോടാണ് താല്‍പ്പര്യം. വിശാലമായ ഫുട്‌ബോള്‍ താല്‍പ്പര്യമാണത്. അവരുടെ പോരാട്ട വീര്യം ഒരു മാസമായി നേരില്‍ കാണുന്നു. ജീവന്‍ നല്‍കിയുള്ള ഫുട്‌ബോള്‍. കാല്പ്പന്ത് എന്ന സുന്ദര സൂത്രവാക്യത്തിലെ പ്രധാന കണ്ണിയാണല്ലോ സമര്‍പ്പണമെന്നത്. ക്രോട്ടുകാര്‍ സ്വന്തം ജീവന്‍ പോലും മൈതാനത്് സമര്‍പ്പിക്കുകയാണ്. അവരുടെ ഓരോ നീക്കങ്ങളിലും കാണാം കപ്പിനോടുളള, വിജയത്തിന് വേണ്ടിയുള്ള ആ തൃഷ്ണ… അവര്‍ ജയിച്ചാല്‍ അത് ഈ ലോകകപ്പിനുള്ള ഏറ്റവും നല്ല ഫിനിഷിംഗായിരിക്കും. ഫ്രാന്‍സ് ശുദ്ധമായ, പാകത്തിനുള്ള സോക്കറിന്റെ വക്താക്കളാണ്. നല്ല താരങ്ങളും അവരുടെ നിരയിലുണ്ട്. പക്ഷേ കാലത്തിന്റെ ഒരു കാവ്യനീതിയുണ്ടല്ലോ-അവിടെ ക്രൊയേഷ്യയാണെന്ന് മനസ് പറയുന്നു.

chandrika: