റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…
വരുമോ ഒരു ഫ്രാന്‍സ്-ഇംഗ്ലണ്ട് ഫൈനല്‍. സാധ്യത കൂടുതലാണ്. ആധികാരിത പ്രകടിപ്പിച്ച ഏക ഗോള്‍ വിജയവുമായി ഫ്രാന്‍സ് ഞായറാഴ്ച്ച ലുഷിനിക്കി സ്‌റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടത്തിന് ടിക്കറ്റ് നേടിയിരിക്കുന്നു. ഇംഗ്ലണ്ട് ഇന്ന് രാത്രി ഇറങ്ങുന്നു. ക്രൊയേഷ്യയെ പോലെ മികച്ച പ്രതിയോഗികള്‍ക്ക്് മുന്നില്‍ ഇംഗ്ലീഷ് അടവുകള്‍ വ്യക്തമാണ്-പതിവ് ഹോള്‍ഡിംഗ് ഗെയിം. ഇംഗ്ലീഷ് ക്യാമ്പിന് പ്രതീക്ഷ നല്‍കുന്ന ഘടകം എല്ലാ താരങ്ങളുടെയും ആത്മവിശ്വാസമാണ്. നഷ്ട്‌പ്പെടാന്‍ ഒന്നുമില്ലാത്തവര്‍. ജെറാത്ത്് സൗത്ത് ഗെയിറ്റും സംഘവും ലണ്ടനില്‍ നിന്ന് മോസ്‌ക്കോയിലേക്ക് വിമാനം കയറുമ്പോള്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍ പോലും വലിയ സാധ്യത കല്‍പ്പിച്ചിരുന്നില്ല. ആ ടീം കുറെ കാലത്തിന് ശേഷം ക്വാര്‍ട്ടര്‍ കളിച്ചു.. ഇന്ന് സെമി കളിക്കുന്നു. ഞായറാഴ്ച്ച ഫൈനല്‍ കളിച്ചാലോ…. ചിന്തകള്‍ ഇപ്പോള്‍ ആ തരത്തിലാണ്. ഹാരി കെയിനും ടീമും നല്ല മൂഡിലാണ് എന്നതാണ് കോച്ചിന് സന്തോഷം പകരുന്നത്. ടീമില്‍ സീനിയര്‍-ജൂനിയര്‍ തലവേദനകളില്ല. ക്രോട്ടുകാരുടെ ക്യാമ്പില്‍ ആ ആത്മവിശ്വാസം പക്ഷേ പ്രകടമല്ല. അവര്‍ സമ്മര്‍ദ്ദത്തിലാണ്. സെമി കളിക്കുന്നു എന്നത് തന്നെ സമ്മര്‍ദ്ദത്തിന് കാരണം. ലുക്കാ മോദ്രിച്ചിനെ പോലെ ഒരാള്‍ ഇന്നലെ സംസാരിച്ചത് ടെന്‍ഷനടിച്ചാണ്. ടീം ഗെയിമില്‍ വിശ്വസിക്കുന്നവരാണ് രണ്ട് പേരും. വ്യക്തിഗത ആശ്രയമില്ല. ഇന്ന് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത് ഹൈബോള്‍ ഗെയിമാണ്.
കോര്‍ണര്‍, ഫ്രീകിക്കുകള്‍ സ്വന്തമാക്കി പ്രതിയോഗികളുടെ ബോക്‌സില്‍ പരിഭ്രാന്തിയുണ്ടാക്കുക എന്ന പ്ലാന്‍. ഈ ലോകകപ്പിലെ ഇംഗ്ലീഷ് തന്ത്രവും ഇത് തന്നൊയിരുന്നു. കോര്‍ണര്‍ കിക്കുകളും എതിര്‍ പെനാല്‍ട്ടി ബോക്‌സിന് സമീപമുള്ള ഫ്രീകിക്കുകളും യഥേഷ്ടം സമ്പാദിക്കുക. പന്ത് ഉയരത്തിലടിച്ച് പ്രയാസങ്ങളുണ്ടാക്കുക. ആ ഗെയിം ഇന്നുമുണ്ടാവും.
ഇന്നലെ ദീദിയര്‍ ദെഷാംപ്‌സിലെ പരിശീലകന്‍ ഒരു മുഖം മുമ്പേ ചിന്തിച്ചു…അതായിരുന്നു ആദ്യ സെമിയിലെ മാറ്റം. ബെല്‍ജിയത്തിന്റെ വേഗതക്ക് മുന്നില്‍ വേഗത കൊണ്ടുള്ള മറുപടി. പരമ്പരാഗത ശൈലിയെല്ലം മാറ്റിയുള്ള ഈ പ്രായോഗിക തന്ത്രത്തിന് മുന്നില്‍ പതറി ചുവന്ന ചെകുത്താന്മാര്‍. എന്റെ മാര്‍ക്ക് ദെഷാംപ്‌സിനാണ്. അദ്ദേഹം കേവലം ഒരു പരിശീലകന്‍ എന്നതിലപ്പുറം നല്ല ഒരു മധ്യനിരക്കാരനായിരുന്നു. ഫ്രാന്‍സിന് വേണ്ടി നൂറോളം മല്‍സരങ്ങള്‍ കളിച്ച ഒരാള്‍. ആ അനുഭവസമ്പത്താണ് പ്രധാനം. കളിക്കളത്തില്‍ സമര്‍ത്ഥമായി പ്രയോഗിക്കേണ്ട പ്രായോഗിക കാര്യങ്ങള്‍ അദ്ദേഹത്തിന് അറിയാമായിരുന്നു. റുമേലു ലുക്കാക്കുവിലെ വെല്ലുവിളി അവസാനിപ്പിക്കാന്‍ ബ്ലെയിസെ മറ്റൗഡിയെ നിയോഗിച്ചു. ഈഡന്‍ ഹസാര്‍ഡിനെയും കെവിന്‍ ഡി ബ്രുയനെയും നക്കാലെ കാണ്ടെയും പോള്‍ പോഗ്ബയും ശക്തമായി നിരീക്ഷിച്ചു. പിന്നെ എല്ലാവരോടും പരസ്പരം സഹായിച്ച് കളിക്കാന്‍ നിര്‍ദ്ദേശിച്ചു.. ഇതായിരുന്നു മാറിയ ഫ്രാന്‍സ്. ഇതിനെ നമുക്ക്് വ്യക്തമായി പ്രായോഗിക വാദം എന്ന് വിളിക്കാം. വിംഗില്‍ കൈലിയന്‍ എംബാപ്പേ മാര്‍ക്ക്് ചെയ്യപ്പെടുമെന്ന് മനസ്സിലാക്കി തന്നെ ദെഷാംപ്‌സ് ഒലിവര്‍ ജിറോര്‍ഡിന് കൂടുതല്‍ പന്തുകള്‍ എത്തികകാന്‍ നിര്‍ദ്ദേശം നല്‍കി. ഗ്രിസ്മാന്‍ പതിവ് പോലെ കയറിയും ഇറങ്ങിയും പന്ത് വാങ്ങി കളിച്ചു. ഓരോ വേളയിലും ഗ്രിസ്മാനില്‍ പന്ത് ലഭിക്കുമ്പോള്‍ ബെല്‍ജിയം പ്രതിരോധത്തിന് പിടിപ്പത് പണിയായിരുന്നു. ഫ്രാന്‍സിനെ പോലെയായിരുന്നില്ല ബെല്‍ജിയന്‍ പ്രതിരോധം. പലപ്പോഴും ചാഞ്ചാട്ടം പ്രകടിപ്പിച്ചു. അതിവേഗതയിലുളള എതിരാളികളുടെ ആക്രമണങ്ങളില്‍ അവര്‍ തളരാറുണ്ട് എന്ന സത്യം ജപ്പാനെതിരായ മല്‍സരത്തില്‍ പ്രകടമായിരുന്നു. ഒരു പക്ഷേ ദെഷാംപ്‌സ് മുന്നില്‍ കണ്ടതും അത് തന്നെയാണ്. മധ്യനിരയില്‍ കളി നിയന്ത്രിച്ച് പെട്ടെന്ന് ആക്രമിച്ച് കയറുക. അത് ഫലം ചെയ്തു. ബെല്‍ജിയത്തിന് തല ഉയര്‍ത്തി തന്നെ മടങ്ങാം. ഒരു സംഘം ചെറുപ്പക്കാരാണ് ഇവിടെ വരെയെത്തിയത്. സെമിക്കപ്പുറം അവര്‍ കസേര അര്‍ഹിച്ചിരുന്നു. പക്ഷേ പ്രായോഗിക വാദത്തിലെ ദെഷാംപ്‌സ് അവരെ മറികടന്നു.