X

ലുക്കാക്കുവിനെ കാണ്ടെ തടഞ്ഞാല്‍ മാത്രം ഫ്രാന്‍സ്

 


റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


കടലാസില്‍ കരുത്തര്‍ ഫ്രാന്‍സാണ്. സമീപനത്തില്‍ ബെല്‍ജിയവും. ഇന്ന് ലോകകപ്പിലെ ആദ്യ സെമിയില്‍ ആര് ജയിക്കുമെന്നത് വലിയ ചോദ്യമാണ്. പക്ഷേ സമീപനത്തിലെ പോസിറ്റീവിസം കൊണ്ട് ബെല്‍ജിയത്തിനാണ് ഇന്നത്തെ മല്‍സരത്തില്‍ മുന്‍ത്തൂക്കമെന്നതാണ് എന്റെ വാദം. ചുവന്ന ചെകുത്താന്മാര്‍ ഈ ലോകകപ്പില്‍ കളിച്ച അഞ്ച് മല്‍സരങ്ങളും പരിശോധിക്കുക-എല്ലാം പോസിറ്റീവ് ഔട്ട്‌ലുക്കായിരുന്നു. ആക്രമിക്കുക, ജയിക്കുക എന്നുള്ളത്. ഇംഗ്ലണ്ടിനെതിരായ അവസാന ഗ്രൂപ്പ് മല്‍സരത്തിന് സാങ്കേതിക താല്‍പ്പര്യം മാത്രമായിരുന്നു. ആ മല്‍സരത്തില്‍ പോലും മാര്‍ട്ടിനസിലെ പരിശീലകന്‍ ആക്രമണത്തിലാണ് വിശ്വസിച്ചത്. അത്തരത്തിലൊരു വിശ്വാസത്തിലേക്ക് അദ്ദേഹം പോവാന്‍ വ്യക്തമായ കാരണമുണ്ട്.

റുമേലു ലുക്കാക്കു

അറ്റാക്കറുടെ റോളില്‍ റുമേലു ലുക്കാക്കു, ഡീപ്പ് മിഡ്ഫീല്‍ഡില്‍ കെവിന്‍ ഡി ബ്രുയന്‍, അറ്റാക്കിംഗ് മിഡ്ഫീല്‍ഡില്‍ ഈഡന്‍ ഹസാര്‍ഡ്. ഈ ഓപ്ഷന്‍ മറ്റൊരു ടീമിനുമില്ല. ബെല്‍ജിയത്തിന്റെ പ്രതിരോധത്തിന് കരുത്ത്് കുറവാണ് എന്ന് മനസ്സിലാക്കി തന്നെയാണ് കോച്ച്് നിലനില്‍പ്പിന്റെ സമവാക്യത്തില്‍ ആക്രമണത്തിന്റെ വഴി തെരഞ്ഞെടുക്കുന്നത്. ബ്രസീലിനെ പോലെ ഒരു പ്രതിയോഗിക്കെതിരെ എല്ലാ ടീമുകളും ജാഗ്രതയുടെ പ്രതിരോധ വഴി തെരഞ്ഞെടുക്കുമ്പോള്‍ ബെല്‍ജിയത്തിന്റെ വഴി ആക്രമണത്തിന്റെ അതിവേഗ വഴിയായിരുന്നു. രണ്ട് ഗോളുകള്‍ ആ സഞ്ചാരത്തില്‍ അവര്‍ സ്‌ക്കോര്‍ ചെയ്തത് വഴി സമ്മര്‍ദ്ദം ബ്രസീലിലായി. അതില്‍ നിന്ന് അവര്‍ക്ക് മോചനവുമുണ്ടായില്ല.

നക്കാലെ കാണ്ടെ

ഫ്രാന്‍സ് സംഘ ശക്തിയാണ്. എല്ലാ മേഖലയിലും ഉന്നത താരങ്ങളുണ്ട്. പക്ഷേ അവരുടെ ശക്തിയെന്നത് നക്കാലെ കാണ്ടെയിലെ ആ മിഡ്ഫീല്‍ഡറാണ്. അദ്ദേഹത്തിനായിരിക്കും ഇന്ന് ലുക്കാക്കുവിന്റെ ചുമതല. ലോക ഫുട്‌ബോളില്‍ മാന്‍ ടു മാന്‍ മാര്‍ക്കിംഗില്‍ ഇന്ന് കാണ്ടെയെ വെല്ലാന്‍ ആരുമില്ല. പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ അദ്ദേഹം മെസിയെ തളച്ചത് ലോകം കണ്ടതാണ്. ലുക്കാക്കുവിന്റെ സ്വാഭാവ സവിശേഷതയും പ്രധാനമാണ്. തുടക്കത്തില്‍ തന്നെ കുതിക്കാന്‍ കഴിയാത്തപക്ഷം അദ്ദേഹം മാനസികമായി തളരും. അത്തരത്തിലൊരു ശരീരഭാഷയാണ് താരത്തിന്റേത്. ഈ വഴിയിലുടെയാവാം ദീദിയര്‍ ദെഷാംപ്‌സിലെ കോച്ച് പിടി മുറുക്കുക. വഴികള്‍ അടഞ്ഞാല്‍ ലുക്കാക്കു തളരും. പക്ഷേ അപ്പോഴും ഹസാര്‍ഡിനെയും ഡി ബ്രുയനെയും നോട്ടമിടേണ്ടി വരും.

ബെല്‍ജിയന്‍ പ്രതിരോധത്തിന് വെല്ലുവിളി വേഗതയില്‍ കളിക്കുന്ന കൈലിയന്‍ എംബാപ്പേയാണ്. കഴിഞ്ഞ രണ്ട് മല്‍സരങ്ങളില്‍ അര്‍ജന്റീനക്കും ഉറുഗ്വേക്കും പയ്യന്‍സ് ഉണ്ടാക്കിയ തലവേദന ചെറുതല്ല. വേഗതയിലും കൃത്യതയിലും പി.എസ്.ജി താരം പുലര്‍ത്തുന്ന മികവിനെ ബെല്‍ജിയത്തിന് നന്നായി അറിയാം. ഗ്രിസ്മാന്‍ പന്ത് ലഭിക്കുമ്പോള്‍ നടത്തുന്ന മിന്നലാട്ടങ്ങളെ ചെറുക്കണം. ഇതിന് നെയ്മറെ തടഞ്ഞ വഴി ബെല്‍ജിയത്തിന്റെ കൈവശമുണ്ട്.
ജാഗ്രതാ ഫുട്‌ബോളാണ് ഫ്രാന്‍സിന്റെ മുദ്രാവാക്യം. പ്രതിയോഗികള്‍ എങ്ങനെ കളിക്കുന്നു എന്ന് നോക്കിയാവും പ്ലാന്‍. ബെല്‍ജിയം സാധാരണ ഗതിയില്‍ കളിക്കുന്ന ഫുട്‌ബോളുണ്ട്. ആ വഴി തടയുക എന്നത് തന്നെയായിരിക്കും അന്തിമ വിശകലനത്തില്‍ ഫ്രാന്‍സിന്റെ ശൈലി. ഫ്രാന്‍സിന്റെ ശ്രമം വഴി തടയലാവുമ്പോള്‍ സ്വാഭാവികമായും ബെല്‍ജിയത്തിന് തന്നെ മാനസിക മുന്‍ത്തൂക്കം ലഭിക്കും.

chandrika: