X

കരയുന്ന റഷ്യ, സാന്ത്വനം വെറുതെ


റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


 

കലങ്ങിയ കണ്ണുകള്‍, വിതുമ്പുന്ന അധരങ്ങള്‍, ദേശീയ പതാക കൊണ്ട് മുഖം പൊത്തിക്കരയുന്നവര്‍-രാത്രിയിലെ ഈ റഷ്യന്‍ കാഴ്ച്ച കാണുന്നവരെ നൊമ്പരപ്പെടുത്തുന്നു. എത്ര ആഹ്ലാദത്തിലായിരുന്നു ഇന്നലെ വൈകീട്ട് റഷ്യക്കാര്‍. ചിരിച്ചും കളിച്ചും റസിയാ റസിയാ എന്ന വിളികളുമായി സ്വന്തം ടീമിന്റെ വിജയത്തിനായി ആര്‍ത്ത് രസിച്ച്് നടന്നവര്‍. എല്ലാ ചുണ്ടുകളിലും ഒരേ മുദ്രാവാക്യമായിരുന്നു. എല്ലാ മുഖത്തും ഒരേ നിറത്തിലുള്ള ചായമടിച്ച പതാകയായിരുന്നു.

എല്ലാ ചുമലിലും അണിഞ്ഞ മഫ്‌ളോറുകളില്‍ ഒരേ നിറമായിരുന്നു. പ്രീക്വാര്‍ട്ടറില്‍ റഷ്യ സ്‌പെയിനിനെ തകര്‍ത്തപ്പോള്‍ ആഘോഷം കാണേണ്ടതായിരുന്നു. ഒരു ദിവസം ദീര്‍ഘിച്ച ആവേശവും ആഘോഷവും. അന്ന് റെഡ്‌സ്‌ക്വയറില്‍ എനിക്കൊപ്പം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുമുണ്ടായിരുന്നു. സ്വന്തം രാജ്യത്തെ ഇത്രമാത്രം സ്‌നേഹിക്കുന്ന ഒരു ജനതയെ ഫുട്‌ബോള്‍ എന്ന വികാരം എത്രമാത്രം ഏകോപിപ്പിക്കുന്നുവെന്നാണ് മുനവറലി തങ്ങള്‍ ആശ്ചര്യത്തടെ പറഞ്ഞത്.

റഷ്യ വേദനിക്കുകയാണിപ്പോള്‍…. ജൂണ്‍ 14ന് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുമ്പോള്‍ വലിയ പ്രതീക്ഷകളില്ലാത്ത ടീമായിരുന്നു. ഉറുഗ്വേയും സഊദി അറേബ്യയും ഈജിപ്തും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് ഉറുഗ്വേക്ക്് പിറകില്‍ രണ്ടാം സ്ഥാനമാണ് റഷ്യ സ്വപ്‌നം കണ്ടത്. അത് യാഥാര്‍ത്ഥ്യമായി. നോക്കൗടടില്‍ സ്‌പെയിനാണ് പ്രതിയോഗികള്‍ എന്നായപ്പോള്‍ അവര്‍ വീരപരാജയവും മുന്നില്‍ കണ്ടവരാണ്. പക്ഷേ ലുഷിനിക്കിയിലെ അങ്കം ഷൂട്ടൗട്ട്് വരെ ദീര്‍ഘിച്ചപ്പോള്‍ ഗോല്‍ക്കീപ്പര്‍ ഇഗോര്‍ അകിന്‍ഫീവ് വീരനായകനായി. മുന്‍ ചാമ്പ്യന്മാരെ പറഞ്ഞ് വിട്ടതോടെ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമായി. ആ പ്രതീക്ഷകളാണ് ഈ വേദനക്ക് കാരണം.

ക്രൊയേഷ്യയെ തോല്‍പ്പിക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഓരോ റഷ്യക്കാരും. സ്‌പെയിനിനെ തോല്‍പ്പിച്ചവരാണ് ഞങ്ങളെന്നതായിരുന്നു അതിന് ആധാരമായി അവര്‍ പറഞ്ഞിരുന്നത്. ക്രൊയേഷ്യക്കെതിരെ നന്നായി കളിച്ചു റഷ്യ. ആദ്യം ലീഡ് നേടി. പിന്നെ സമനില വഴങ്ങി. പിന്നെ ലീഡ് വഴങ്ങി. അവസാനത്തില്‍ ഒപ്പമെത്തി. മരിയോ ഫെര്‍ണാണ്ടസിന്റെ ആ ഹെഡ്ഡര്‍ ഗംഭീരമായിരുന്നു. അധികസമത്തേക്ക് കളിയെത്തിച്ചു. ഷൂട്ടൗട്ടാണെങ്കില്‍ അവര്‍ വിജയവും ഉറപ്പിച്ചതാണ്. പക്ഷേ മരിയോ ഉള്‍പ്പെടെ രണ്ട് പേരുടെ ഷോട്ടുകള്‍ പാളിയപ്പോള്‍ ഇഗോറിന്റെ കരങ്ങള്‍ക്കും ടീമിനെ തുണക്കാനായില്ല.

അര്‍ജന്റീനയും ജര്‍മനിയും ബ്രസീലും പുറത്തായപ്പോള്‍ ഇവിടെ വേദനകള്‍ പ്രകടമായി കണ്ടിരുന്നില്ല. റഷ്യ പുറത്തായതോടെ കാഴ്ച്ചകളെല്ലാം നൊമ്പരപ്പെടുത്തുന്നതായി. എന്നും കാണുമ്പോള്‍ ചിരിക്കാറുളള ട്രെയിനിലെ സ്ഥിരം സഹയാത്രികര്‍ക്ക് മൗനം. അവര്‍ തല താഴ്ത്തിയിരിക്കുന്നു. മെട്രോ സ്‌റ്റേഷനിനിറങ്ങുമ്പോള്‍ മൈ ഡിയര്‍ ഫ്രണ്ട് എന്ന് സൗഖ്യത്തില്‍ വിളിക്കുന്ന ഷവര്‍മക്കാരന്‍ അഹമ്മദ്, ഫഌറ്റിലെ സുഹൃത്തുക്കള്‍, വഴീ നീളെ കാണുന്ന സെക്യുരിറ്റിക്കാര്‍-അങ്ങനെ എല്ലാവരും മൗനത്തിന്റെ പുതപ്പണിഞ്ഞു. എങ്ങനെ അവരെ ആശ്വസിപ്പിക്കും…? യാഥാര്‍ത്ഥ്യം അവര്‍ക്കറിയാം. പക്ഷേ ഇനി ഇത്തരത്തിലൊരു നാള്‍ ഉണ്ടാവില്ല എന്ന യാഥാര്‍ത്ഥ്യമാണ് അവരുടെ വേദന ഇരട്ടിപ്പിക്കുന്നത്. സ്വന്തം നാട്ടിലെ ലോകകപ്പ്, ക്വാര്‍ട്ടര്‍ വരെ പോരാടം. അവിടെയും അന്ത്യശ്വാസം വരെ പൊരുതിനിന്നു. എന്നിട്ടും വീഴുമ്പോഴുളള ആഘാതം-അതിനെ പറഞ്ഞറിയിക്കാനാവില്ല.

കളിയില്‍ ജയവും പരാജയവുമുണ്ടാവും. പല വമ്പന്മാരും പോയില്ലേ എന്നെല്ലാം പറഞ്ഞ് നോക്കുമ്പോഴും റഷ്യക്കാര്‍ നോര്‍മലാവാന്‍ ദിവസങ്ങളെടുക്കും. ക്രൊയേഷ്യക്കാര്‍ ജേതാക്കളെ പോലെ തന്നെയാണ് കളിച്ചത്. അവര്‍ ഗ്യാലറിയെ പേടിച്ചില്ല. പക്ഷേ ഷൂട്ടൗട്ടിലേക്ക് കാര്യങ്ങള്‍ പോയപ്പോള്‍ ഒന്ന് പതറിയിരുന്നു. അവരേക്കാള്‍ പതര്‍ച്ച റഷ്യക്കായതോടെ അവരുടെ പിഴവുകള്‍ ക്രോട്ടുകാര്‍ക്ക് ആയുധമായി.

സ്വീഡനെതിരെ ഇംഗ്ലണ്ടിന്റെ വിജയം ആധികാരികമായിരുന്നു. ഹാരി കെയിനും കൂട്ടരും പതറാതെ കളിച്ചു. ആത്മവിശ്വാസമെന്ന ആയുധമാണ് അവരുടെ മുതല്‍ക്കൂട്ട്. എല്ലാ കളികളിലും എല്ലാവരും തിളങ്ങുമ്പോള്‍ ടീമിന്റെ വിശ്വാസം ഇരട്ടിയാവും. തോല്‍ക്കില്ല എന്ന ഉറച്ച വിശ്വാസമുണ്ടല്ലോ-അത് ടീമിന് നല്‍കുന്ന ഉത്തേജകം ചെറുതല്ല. ഇംഗ്ലണ്ടിന്റെ സെമി പ്രതിയോഗികള്‍ ക്രോട്ടുകാരാണ്. ഇംഗ്ലീഷ് സംഘത്തെ പോലെ യുവാക്കള്‍ ആ സംഘത്തിലുമുണ്ട്. അവരാണ് റഷ്യക്കാരെ വിറപ്പിച്ചത്.

ലോകകപ്പില്‍ ഇന്നും നാളെയും കളിയില്ല. ചൊവ്വയും ബുധനുമാണ് സെമി ഫൈനലുകള്‍. ചൊവാഴ്ച്ച ഫ്രാന്‍സും ബെല്‍ജിയവും ബുധനാഴ്ച് ഇംഗ്ലണ്ടും ക്രൊയേഷ്യയും. ലോകകപ്പില്‍ ഇനി കേവലം മൂന്ന് മല്‍സരങ്ങള്‍ മാത്രം. ജേതാക്കളെ തേടിയുള്ള കൂട്ടലും കിഴിക്കലും തകൃതിയായി നടക്കുമ്പോള്‍ സമ്മര്‍ദ്ദമാപിനിയും ഉയരുന്നു.

chandrika: