X

ജപ്പാന്‍- ഇടനെഞ്ച് പറിച്ച ഫുട്‌ബോള്‍


റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


ബ്രസീലിനെക്കുറിച്ച് എഴുതാനായിരുന്നു ഇന്ന് കരുതിയത്. പക്ഷേ അവരെക്കാളും ഇന്നത്തെ ദിവസം ചര്‍ച്ച ചെയ്യപ്പെടേണ്ടവര്‍ ജപ്പാനാണ്. അസാമാന്യ ആത്മവിശ്വാസത്തിന്റെ പ്രതീകങ്ങള്‍. റോസ്‌റ്റോവില്‍ ഇന്നലെ ആ അവസാന മിനുട്ട് ഗോളില്‍ ജപ്പാന്‍ പരാജയപ്പെടുമ്പോള്‍ കണ്ണ് നനയാത്തവര്‍ ബെല്‍ജിയക്കാര്‍ മാത്രമായിരുന്നു. പക്ഷേ അവരും ഓരോ ജപ്പാനികളുടെയും തോളത്ത് തട്ടി പറഞ്ഞു-വെല്‍ഡണ്‍ ഗൈസ്… വെല്‍ഡണ്‍…
ഈ ലോകകപ്പില്‍ ജപ്പാന്‍-ബെല്‍ജിയം മല്‍സരം കാണാതിരുന്നവരുണ്ടെങ്കില്‍ അവര്‍ക്കത് വലിയ നഷ്ടമാണ്. എന്താണ് ഫുട്‌ബോള്‍, ആ കാല്‍പ്പന്ത് സമ്മാനിക്കുന്ന വികാരമെന്താണ്… വേഗവും തന്ത്രവും പിന്നെ ഗോളുകളും നിറഞ്ഞ് 96 മിനുട്ട്… അറിയാതെ എല്ലാവരും ജപ്പാനികളായി. അവര്‍ക്കൊപ്പം കൈയ്യടിച്ചു. അവര്‍ക്ക് വേണ്ടി വാമോസ് വിളിച്ചു….
ജപ്പാനികളുടെ മനസ്സ് എത്ര നിര്‍മലമാണെന്നോ… അവരുടെ നിഷ്‌കളങ്കമായ ചിരി പോലെ. ഇവിടെ വന്നതിന് ശേഷം പരിചയപ്പെട്ട ജപ്പാനികളെല്ലാം സ്‌നേഹത്തിന്റെ അംബാസിഡര്‍മാരാണ്. എപ്പോഴും ചിരിക്കും, സംസാരിക്കും, എന്തെങ്കിലും സഹായം വേണമോയെന്ന് എപ്പോഴും ചോദിക്കുന്നവര്‍… ഏത് സ്‌റ്റേഡിയത്തില്‍ പോയാലും അവരെ കാണാം. അവിടെ അവര്‍ ഗ്യാലറി ശുചിയാക്കുന്നത് കാണാം. ഓരോ മല്‍സരത്തിന് ശേഷവും നിങ്ങള്‍ ഗ്യാലറി വിടുമ്പോള്‍ ജപ്പാനികള്‍ മടങ്ങുന്നതിന് മുമ്പ് അവിടെയെല്ലാം വൃത്തിയാക്കും. എന്നിട്ട് സന്തോഷത്തോടെയാണ് പോവുക.


റോസ്‌റ്റോവിലെ ജപ്പാനി മാധ്യമ പ്രവര്‍ത്തകരാരും മല്‍സരത്തിന് മുമ്പ് ആത്മവിശ്വാസക്കുറവ് പ്രകടിപ്പിച്ചില്ല. നമുക്കായിരുന്നല്ലോ ബെല്‍ജിയം അനായാസം ജയിക്കുമെന്ന വിശ്വാസം. ജപ്പാന്‍ മനസ്സെന്നത് ആത്മവിശ്വാസത്തിന്റേതാണ്. അത് കളത്തില്‍ മാത്രമല്ല-കളത്തിന് പുറത്തും. കൊളംബിയയെ ജപ്പാന്‍ തോല്‍പ്പിച്ചപ്പോള്‍ അമിതാഹ്ലാദത്തിന്റെ വഴിയിലേക്ക് പോയില്ല മാധ്യമ സുഹൃത്തായ നകാത്ത ഇലെയെന്ന ടോക്കിയോ ടൈംസിന്റെ ഫുട്‌ബോള്‍ ലേഖകന്‍. അദ്ദേഹം ഒന്നിലും അമിതാഹ്ലാദം പ്രകടിപ്പിക്കുന്നില്ല. വിജയം അദ്ദേഹം കണക്ക് കൂട്ടിയത് പോലെ. സെനഗലുമായി ജപ്പാന്‍ സമനില പാലിച്ചു. പോളണ്ടിനോട് തോറ്റപ്പോള്‍ അവര്‍ ഫെയര്‍ പ്ലേ എന്ന വിലയുളള പോയന്റ് നേട്ടമാക്കി.


ജപ്പാനികള്‍ക്ക് ആരോടും ദേഷ്യപ്പെടാനാവില്ല. അവരുടെ രക്തത്തിലുണ്ട് സൗഹൃദത്തിന്റെ കണികകള്‍. അത് കൊണ്ടാണ് കളിക്കളത്തില്‍ മഞ്ഞക്കാര്‍ഡുകള്‍ അവര്‍ വാങ്ങാത്തത്. ബെല്‍ജിയത്തിനെതിരായ മല്‍സരം നോക്കു-കേമന്‍ പോരാട്ടമായിട്ടും ഒരാള്‍ക്ക്് മാത്രമായിരുന്നു കാര്‍ഡ്. അവസാന സെക്കന്‍ഡില്‍ മല്‍സരം തോറ്റിട്ടും അവര്‍ ചെയ്തത് മൈതാനത്തിരുന്ന് സങ്കടപ്പെട്ടു-അതിലപ്പുറം വികാരപ്രകടനങ്ങള്‍ക്ക് പോയില്ല….
പ്രിയപ്പെട്ട സമുറായികള്‍-നിങ്ങള്‍ ഞങ്ങളുടെ മനസ്സിലേക്കാണ് കയറിയത്. കളിയിലെ രസതന്ത്രം എന്തായാലും പോര്‍മുഖത്തെ ആത്മവിശ്വാസം-അതിന് എല്ലാവരും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. പ്രതിയോഗികള്‍ പ്രഗത്ഭരായിരുന്നു. പക്ഷേ നിങ്ങള്‍ തല താഴ്ത്തിയില്ല. നെഗറ്റീവ് ഗെയിം കളിച്ചില്ല. പിറകോട്ട് പോയില്ല. നിങ്ങള്‍ക്ക്് ഉയരക്കുറവുണ്ടായിരുന്നു-പക്ഷേ നിങ്ങളാരും അത് അയോഗ്യതയായി കണ്ടില്ല. ഉയര്‍ന്ന ശിരസ്സും കളിക്കാനുളളതാണ് മൈതാനമെന്ന വിശാലവീക്ഷണവുമാണ് നിങ്ങള്‍ പുലര്‍ത്തിയത്-നിങ്ങളെ എങ്ങനെ നമിക്കാതിരിക്കും. ഏഷ്യ വലിയ വന്‍കരയാണ്. പക്ഷേ കാറ്റ് നിറച്ച കാല്‍പ്പന്തിനെ മറ്റുളളവര്‍ അമ്മാനമാടുമ്പോള്‍ നമ്മളെന്നും പിറകിലായിരുന്നല്ലോ… ആ അപകര്‍ഷതയില്‍ യൂറോപ്പിനെ പിന്താങ്ങാന്‍ വിധിക്കപ്പെട്ടവരായിരുന്നു എല്ലാവരും. പക്ഷേ നിങ്ങള്‍ തെളിയിച്ചു-ആത്മവിശ്വാസമുണ്ടെങ്കില്‍ ആരെയും നേരിടാമെന്ന്. ആ രണ്ട് ഗോളുകള്‍-എത്ര സുന്ദരമായിരുന്നു. ബെല്‍ജിയം രണ്ടും മടക്കിയപ്പോഴും നിങ്ങളാരും പ്രതിരോധ വഴിയിലേക്ക് പോയില്ല. അവസാനശ്വാസം വരെ ആക്രമണം. അതിനിടെയാണല്ലോ ചാദില്‍ ബെല്‍ജിയത്തിന്റെ വിജയഗോള്‍ സ്‌ക്കോര്‍ ചെയ്തത.് റുമേലു ലുക്കാക്കുവിനെ പോലെ ഒരാളുടെ ഒഴിയല്‍ തന്ത്രത്തില്‍ പന്ത് കിട്ടിയ ചാദിലിനെ നിങ്ങള്‍ മാര്‍ക്ക്് ചെയ്തിരുന്നു. പക്ഷേ ആ സമയം, അത് ബെല്‍ജിയത്തിന്റേതായിരുന്നു….


ഒരിക്കലും ജപ്പാന്‍ തോറ്റിട്ടില്ല. മല്‍സരത്തിന് ശേഷം ഞാന്‍ നകാത്തയുടെ തോളത്ത് തട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ദിസ് ഈസ് ഫുട്‌ബോള്‍ എന്നായിരുന്നു. നമ്മളായിരുന്നെങ്കിലോ-അലമുറയിടുമായിരുന്നു. ഇതാണ് ജപ്പാന്‍. ഈ സമീപനവും സ്‌നേഹവുമാണ് അവര മുന്നോട്ട് നയിക്കുന്നത്.
ബ്രസീല്‍ ആധികാരികമായി കളിച്ചു.. രണ്ട് ഗോള്‍ വിജയത്തിലെ നെയ്മര്‍ സ്പര്‍ശം അപാരമായിരുന്നു. രാജ്യമെന്ന വികാരത്തില്‍ നെയ്മറിനോളം സ്‌നേഹവും വാശിയും പ്രകടിപ്പിക്കുന്ന സൂപ്പര്‍ താരങ്ങള്‍ കുറയും. മെക്‌സിക്കോക്കെതിരെയുളള രണ്ട് ഗോളുകളിലും നിറഞ്ഞത് പി.എസ്.ജി താരത്തിന്റെ ശക്തിയാണ്. എന്ത് കൊണ്ട് അദ്ദേഹം വീഴുന്നു… അത്രമാത്രം അദ്ദേഹം ഫൗള്‍ ചെയ്യപ്പെടുന്നത് കൊണ്ടാണത്. ആ വേഗതയും ഡ്രിബഌംഗും കുതിച്ചുകയറ്റവും പ്രതിയോഗികളെ അങ്കലാപ്പിലാക്കുന്നുണ്ട്. ടിറ്റയിലെ പരിശീലകന്‍ വ്യക്തമായി മല്‍സരങ്ങളെ പ്ലാന്‍ ചെയ്യുന്നു. ആ പ്ലാനിംഗ് താരങ്ങള്‍ നടപ്പാക്കുന്നു. ഒകാച്ചേയിലെ ഗോള്‍ക്കീപ്പറെ കീഴ്‌പ്പെടുത്തുക എളുപ്പമല്ലെന്ന് മനസ്സിലാക്കിയാണ് വണ്‍ ടു വണ്‍ പാസിംഗ് ഗെയിമുമായി ബ്രസീല്‍ പെനാല്‍ട്ടി ബോക്‌സില്‍ വല കോര്‍ത്തത്. രണ്ട് ഗോളുകളും അങ്ങനെ പിറന്നവയായിരുന്നില്ലേ… ഇതാണ് കോച്ച്.. കളിയെ അറിഞ്ഞ് ഗെയിമിനെ ആസുത്രണം ചെയ്യുന്ന ജോലി അദ്ദേഹം ഭംഗിയാക്കുന്നു. മാര്‍സിലോയുടെ അഭാവം പ്രകടമായിരുന്നു. പക്ഷേ കാസിമിറോയും സംഘവും വഴങ്ങിയില്ല…
ഇനി ബ്രസീല്‍-ബെല്‍ജിയം ക്വാര്‍ട്ടര്‍. മറ്റൊരു കിടിലനങ്കത്തിനാണ് വെള്ളിയാഴ്ച്ച കസാന്‍ സാക്ഷ്യം വഹിക്കാന്‍ പോവുന്നത്.

chandrika: