ഭോപ്പാല്‍: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി തുടങ്ങിയവരുമായി സഖ്യത്തില്‍ ഏര്‍പ്പെടാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് ഉടന്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ബി.എസ്.പി അധ്യക്ഷ മായാവതിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി വേദി പങ്കിട്ടിരുന്നു. ഇതിനു പിന്നാലെയാണ് മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ മുന്നണിയുണ്ടാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് കമല്‍ നാഥ് അറിയിച്ചത്.
മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായും മറ്റു ഇതര ബി.ജെ.പി വിരുദ്ധ പാര്‍ട്ടിയുമായും മുന്നണി രൂപികരിക്കാന്‍ കോണ്‍ഗ്രസ് തയ്യറാണ്. ഇതു സംബന്ധിച്ച് മറ്റു പാര്‍ട്ടിയിലെ നേതാക്കളുമായി കോണ്‍ഗ്രസ് കൂടിക്കാഴ്ച നടത്തും. സീറ്റു വിഭജനം തുടങ്ങി സുപ്രധാന തീരുമാനങ്ങള്‍ അതിനുശേഷമായിരിക്കും. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബി.ജെ.പി മധ്യപ്രദേശിലെ ജനങ്ങളെ വഞ്ചിക്കുകയാണ്. സംസ്ഥാനത്ത് ഭരണ വിരുദ്ധ തരംഗം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ 31 ശതമാനം വോട്ടുമാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. 69 ശതമാനം ജനങ്ങളും ബി.ജെ.പിക്കെതിരെ വോട്ടു ചെയ്തിട്ടും കര്‍ണാടകയിലെ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്ന നുണ പ്രചാരണമാണ് ബി.ജെ.പി നടത്തുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ബി.എസ്.പി-സമാജ് വാദി പാര്‍ട്ടി നേരത്തെ മധ്യപ്രദേശില്‍ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പായി ദേശീയ തലത്തില്‍ ബി.ജെ.പി വിരുദ്ധ മുന്നണി രൂപംകൊള്ളുന്നതിന്റെ ഭാഗമായി മധ്യപ്രദേശില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യറായി അഖിലേഷും മായാവതിയും കോണ്‍ഗ്രസുമായി കൈക്കോര്‍ക്കുമെന്നാണ് വിലയിരുത്തല്‍. 230 അംഗ നിയമസഭയിലേക്ക് അടുത്ത വര്‍ഷം ജനുവരിലാണ് തെരഞ്ഞെടുപ്പ്.