ഭോപ്പാല്‍: മധ്യപ്രദേശില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കോണ്‍ഗ്രസ് സര്‍ക്കാര്‍. സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റ ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രി കമല്‍നാഥ് ആദ്യം കര്‍ഷക കടങ്ങള്‍ എഴുതി തള്ളുന്ന ഫയലില്‍ ഒപ്പിടുകയായിരുന്നു.
2018 മാര്‍ച്ച് 31 വരെയുള്ള രണ്ട് ലക്ഷം രൂപക്ക് താഴെയുള്ള ദേശസാല്‍കൃത, സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത എല്ലാ ലോണുകളും എഴുതി തള്ളി.
ഉച്ചകഴിഞ്ഞ് ഭോപാലിൽ ജംബോരി മൈതാനത്താണ് കമൽനാഥിന്റെ സത്യപ്രതിജ്ഞ നടന്നത്. ചടങ്ങിൽ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു.
തെരഞ്ഞെടുപ്പിന് മുമ്പ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇത് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക എന്നത്. അധികാരത്തിലെത്തിയാല്‍ പത്തു ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നായിരുന്നു രാഹുലിന്റെ വാഗ്ദാനം.
മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ശക്തമായ കര്‍ഷക പ്രക്ഷോഭമാണ് ബിജെപിയെ താഴെയിറക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. പ്രക്ഷോഭങ്ങള്‍ക്ക് നേരെ നടന്ന വെടിവെപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കര്‍ഷകര്‍ക്കിടയില്‍ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന് എതിരെയുള്ള വികാരം വര്‍ധിപ്പിച്ചിരുന്നു. നേരത്തെ, കര്‍ണാടകയിലും അധികാരത്തിലേറിയാല്‍ കര്‍ഷ കടങ്ങള്‍ എഴുതി തള്ളുമെന്ന വാഗ്ദാനം ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ പാലിച്ചിരുന്നു.