ഭോപ്പാല്‍: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. മധ്യപ്രദേശില്‍ ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് കമല്‍നാഥ് പറഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി പണവും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്യുകയാണെന്നും കമല്‍നാഥ് പറഞ്ഞു.
തങ്ങള്‍ക്ക് പണവും സ്ഥാനമാനങ്ങളും ഓഫര്‍ ചെയ്ത് ബി.ജെ.പി ഫോണ്‍കോളുകള്‍ വന്നുവെന്ന് പത്ത് എം.എല്‍.എമാര്‍ അറിയിച്ചതായി കമല്‍നാഥ് വെളിപ്പെടുത്തി. അഞ്ചുമാസത്തിനിടെ നാലു തവണയെങ്കിലും ഭൂരിപക്ഷം തെളിയിച്ചിട്ടുണ്ടെന്നും അത് വീണ്ടും ചെയ്യണമെന്നാണ് ബി.ജെ.പിയുടെ ആവശ്യമെങ്കില്‍ തങ്ങള്‍ക്ക് പ്രശ്‌നമൊന്നുമില്ലെന്നും കമല്‍നാഥ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തി ആദ്യദിവസം മുതല്‍ ബി.ജെ.പി ശല്യം ചെയ്യുകയാണെന്നും സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലായെന്ന് ചൂണ്ടിക്കാട്ടിയും വിശ്വാസവോട്ട് തേടാന്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടും ബി.ജെ.പി ഗവര്‍ണര്‍ക്ക് കത്തുനല്‍കിയത്. ഇതിനെതിരായണ് കമല്‍നാഥിന്റെ പ്രതികരണം.
230 അംഗങ്ങളാണ് മധ്യപ്രദേശ് നിയമസഭയിലുള്ളത്. 116 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. നിലവില്‍ കോണ്‍ഗ്രസ്സിന് 114 അംഗങ്ങളാണുള്ളത്. ബി.എസ്.പിയുടെ രണ്ടും എസ്.പിയുടെ ഒന്നും നാലു സ്വതന്ത്രരുടേയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് സംസ്ഥാനം ഭരിക്കുന്നത്. ബി.ജെ.പിക്ക് 109 അംഗങ്ങളാണുള്ളത്.