കോഴിക്കോട്: എംടിക്കെതിരായ സംഘ്പരിവാര്‍ ഭീഷണി കേരളത്തിന് നാണക്കേടാണെന്ന് സംവിധായകന്‍ കമല്‍. കോഴിക്കോട് എംടിക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ടുള്ള പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കമല്‍.
തുഞ്ചന്‍ പറമ്പിനെ ഹൈന്ദവവല്‍ക്കരിക്കാന്‍ കഴിയാത്ത ദു:ഖമാണ് സംഘ്പരിവാറിനെന്ന് കമല്‍ പറഞ്ഞു. നിര്‍മ്മാല്യം ചിത്രീകരിച്ചതിന്റെ പകയാണ് എംടിക്ക് എതിരായ വിമര്‍ശനത്തിന് കാരണം. എംടിക്കെതിരെ നടന്നത് സാംസ്‌ക്കാരിക ഫാസിസമാണ്. തന്നെ വേട്ടയാടുന്നത് താന്‍ മുസ്‌ലിം ആയതിനാലാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
മോദിയുടെ നോട്ട് പിന്‍വലിക്കല്‍ നടപടിക്കെതിരെ എംടി വിമര്‍ശനം ഉന്നയിച്ചിരുന്നു. തുഗ്ലക് പരിഷ്‌കാരമെന്നായിരുന്നു എംടി വിമര്‍ശിച്ചത്. എംടിയുടെ വിമര്‍ശനത്തെ എതിര്‍ത്ത് സംഘ്പരിവാര് രംഗത്തെത്തി. കഴിഞ്ഞ ദിവസം എംടിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരുന്നു.ദേശീയഗാന വിവാദത്തോടെയാണ് സംവിധായകന്‍ കമലിനെതിരെ സംഘപരിവാര്‍ തിരിഞ്ഞത്. ദേശീയഗാനത്തെ കമല്‍ അപമാനിച്ചുവെന്നായിരുന്നു ആരോപണം. കൊടുങ്ങല്ലൂരിലെ കമലിന്റെ വീടിനു മുന്നില്‍ ദേശീയഗാനം ചൊല്ലി യുവമോര്‍ച്ചപ്രതിഷേധിക്കുകയും കമലിനെ രാജ്യദ്രോഹിയെന്ന് വിളിക്കുകയും ചെയ്തിരുന്നു.