X

‘നൂറു ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കും’; കമല്‍ഹാസന്‍

ചെന്നൈ: രാഷ്ട്രീയപ്രവേശനം വ്യക്തമാക്കി നടന്‍ കമല്‍ഹാസന്‍. അടുത്ത നൂറ് ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ താന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് രാഷ്ട്രീയപ്രവേശനം ഉണ്ടാകുമെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കുന്നത്.

തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയപാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടാന്‍ താല്‍പ്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പാര്‍ട്ടി നേതാക്കളേയും കാണും, സംസാരിക്കും. എന്നാല്‍ തനിച്ച് മത്സരിക്കാനാണ് താല്‍പ്പര്യം. തമിഴ്‌നാട്ടിലെ നിലവിലെ അവസ്ഥ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ച പെണ്‍കുട്ടിയുടേത് പോലെയാണ്. അവര്‍ ആ അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് ഈ സാഹചര്യത്തില്‍ ഒരു മത്സരമുണ്ടായാല്‍ അതിന് താന്‍ തയ്യാറാണെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന് കെജ്രിവാളും ആവശ്യപ്പെട്ടിരുന്നു. രജനീകാന്തിനൊപ്പം നില്‍ക്കാന്‍ തയ്യാറാണെന്നും അറിയിച്ച കമല്‍ഹാസന്‍ ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനേയും സന്ദര്‍ശിച്ചിരുന്നു.

chandrika: