ചെന്നൈ: ഗോഡ്‌സെ ആദ്യ ഭീകരവാദി എന്ന പരാമര്‍ശത്തെ തുടര്‍ന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് നേരെ ചെരിപ്പേറ്. തിരുപ്പറന്‍ കുണ്ട്രം നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് സംഭവം.
കമല്‍ഹാസന്‍ പ്രസംഗിക്കാനെത്തിയപ്പോഴാണ് സംഭവം. എന്നാല്‍ ചെരിപ്പേറ് അദ്ദേഹത്തിന് ഏറ്റില്ലെന്നും ആള്‍ക്കൂട്ടത്തിനിടയിലാണ് വീണതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ബി.ജെ.പി, ഹനുമാന്‍സേന പ്രവര്‍ത്തകരായ 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
പരാമര്‍ശത്തില്‍ കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസെടുത്തിരുന്നു. അരുവാക്കുറിച്ചി പൊലീസാണ് കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസെടുത്തിരിക്കുന്നത്. വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നിവ ആരോപിച്ചാണ് കേസ്. 153 അ, 295 അ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കമലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മെയ് 12 നാണ് സംഭവം. ചെന്നൈയില്‍ വച്ച് പാര്‍ട്ടി പരിപാടിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു കമല്‍ഹാസന്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവാണെന്ന് കമല്‍ഹാസന്‍ പറഞ്ഞിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവായിരുന്നുവെന്നും പേര്, ഗോഡ്‌സെ ആണെന്നും കമല്‍ഹാസന്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ അരവകുറിശ്ശിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1948ലെ ഗാന്ധിവധം ചൂണ്ടിക്കാട്ടിയായിരുന്നു കമല്‍ഹാസന്റെ പുതിയ പരാമര്‍ശം.
ഇത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതു കൊണ്ടല്ല താനിതു പറയുന്നത്. ഗാന്ധി പ്രതിമക്കുമുന്നില്‍ നിന്നുകൊണ്ടാണ് പറയുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവായിരുന്നു. അയാളുടെ പേര് നാഥുറാം ഗോഡ്‌സെ എന്നാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. നല്ല ഇന്ത്യക്കാര്‍ എല്ലാവരുടേയും സമത്വത്തിന് വേണ്ടിയാണ് നിലനില്‍ക്കുക. മൂവര്‍ണ്ണപ്പതാക നിലനിര്‍ത്തുന്നതിനും അവര്‍ പരിശ്രമിക്കും. താനൊരു നല്ല ഇന്ത്യക്കാരനാണ്. അതില്‍ അഭിമാനിക്കുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഇതിനെതിരെയാണ് തമിഴ്‌നാട് മന്ത്രിയും ബി.ജെ.പിയും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.