X

ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് ശ്രമമെങ്കില്‍ ജെല്ലിക്കെട്ട് പ്രക്ഷോഭത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്ന് കമല്‍ഹാസന്‍

ചെന്നൈ: ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന അമിത്ഷായുടെ നിലപാടിനെതിരെ വിമര്‍ശനവുമായി മക്കള്‍നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ലെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് ശ്രമമെങ്കില്‍ ജല്ലിക്കട്ട് പ്രക്ഷോഭത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

ഇന്ത്യ റിപ്പബ്ലിക് ആയ സമയത്ത് നാം നമ്മളോടു തന്നെ ചെയ്ത വാഗ്ദാനമാണ് നാനാത്വത്തില്‍ ഏകത്വം എന്നത്. എന്നാല്‍ ഒരു ഷാക്കും സുല്‍ത്താനും സാമ്രാട്ടിനും അതു തകര്‍ക്കാനാവില്ല. നമ്മള്‍ എല്ലാ ഭാഷയെയും ബഹുമാനിക്കുന്നു. എന്നാല്‍ നമ്മുടെ മാതൃഭാഷ തമിഴ് തന്നെയായിരിക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ 2017-ലെ ജെല്ലിക്കെട്ടു സമരത്തേക്കാള്‍ വലിയ പ്രക്ഷോഭമായിരിക്കും സംഭവിക്കുകയെന്ന് കമല്‍ഹാസന്‍ പറഞ്ഞു. അന്നത്തേത് ഒരു പ്രക്ഷോഭം മാത്രമായിരുന്നു. എന്നാല്‍ ഭാഷക്കു വേണ്ടിയുള്ളത് അതിനേക്കാള്‍ വലുതായിരിക്കുമെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

അത്തരമൊരു സമരത്തിലേക്ക് തമിഴ്‌നാടോ ഇന്ത്യയോ പോകാതിരിക്കുന്നതാണ് നല്ലത്. ഇന്ത്യയുടെ ദേശീയ ഗാനം എഴുതിയത് ബംഗാളിയിലാണ്. ഭൂരിഭാഗം പേരുടെയും മാതൃഭാഷയല്ല അത്. അഭിമാനത്തോടെ തന്നെയാണ് ബംഗാളിയില്‍ എഴുതപ്പെട്ട ദേശീയ ഗാനം നമ്മള്‍ പാടുന്നത്. കാരണം അതു ദേശീയ ഗാനമാണ് കമല്‍ പറഞ്ഞു. ഇന്ത്യക്കാരനാവുക എന്നത് മഹത്തരമായൊരു കാര്യമാണ്. അതേ പോലെ നാനാത്വത്തില്‍ ഏകത്വം എന്ന ആശയം പങ്കുവെക്കുന്നതും. മനുഷ്യരെ എന്തെങ്കിലും നടപ്പിലാക്കിയെടുക്കാന്‍ ബലം പ്രയോഗിക്കരുത് എന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

chandrika: