ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലേക്ക് പുതിയ പാര്‍ട്ടിയുമായി നടന്‍ കമല്‍ഹാസന്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ക്കു വിട. രാഷ്ട്രീയ പ്രവേശനം ഉടനില്ലെന്ന് പ്രഖ്യാപിച്ച നടന്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ ജനങ്ങളുമായി സംവദിക്കാന്‍ പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി. മയ്യം വിസില്‍ എന്ന മൊബൈല്‍ ആപ്പ് വരുന്ന ജനുവരിയോടെ പൊതുജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങും. ജനങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങി ചെല്ലാനാണ് ഇത്തരമൊരു മൊബൈല്‍ ആപ്പ് പുറത്തിറക്കുന്നതെന്ന് കമല്‍ വ്യക്തമാക്കി. ആര്‍ക്കു വേണമെങ്കിലും സമൂഹത്തില്‍ നടക്കുന്ന തെറ്റായ കാര്യങ്ങളും ആപ്ലിക്കേഷന്‍ വഴി അറിയിക്കാം.
കമലിന്റെ 63-ാം ജന്മദിനമായ ഇന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെങ്കില്‍ ആദ്യം താഴെത്തട്ടിലുള്ള പ്രശ്‌നങ്ങള്‍ പഠിക്കേണ്ടതുണ്ടെന്ന് കമല്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ ധൃതിപ്പെടുന്നില്ല. നിലവില്‍ സാഹചര്യങ്ങളും മറ്റും പഠിക്കുകയാണ്. പക്ഷെ അധികം വൈകാതെ പാര്‍ട്ടി പ്രഖ്യാപിക്കും. പാര്‍ട്ടിയുടെ പേരല്ല പ്രധാനം. ജനഹിതമനുസരിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടെന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു.