മലപ്പുറത്ത് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി സംവിധായകന്‍ കമല്‍ മത്സരിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കമല്‍. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കമല്‍ പറഞ്ഞു.
മലപ്പുറത്ത് മത്സരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. പാര്‍ട്ടിയുടേയോ എല്‍.ഡി.എഫിന്റേയോ ഭാഗത്തുനിന്ന് അത്തരം നിര്‍ദ്ദേശം ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുളള മാനസിക തയ്യാറെടുപ്പിലല്ലെന്ന് കമല്‍ വ്യക്തമാക്കി. ഇനിമുതല്‍ പുതിയ ചിത്രം ആമിയുടെ ചിത്രീകരണത്തിന്റെ തിരക്കിലായിരിക്കും.സിനിമയാണ് തന്റെ ജീവിതമാര്‍ഗ്ഗം. സിനിമ ചെയ്യുകയാണ് തന്റെ ഉത്തരവാദിത്തമെന്നും സജീവ രാഷ്ട്രീയ പ്രവര്‍ത്തകനല്ല താനെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍മീഡിയയിലുള്‍പ്പെടെ കമല്‍ മത്സരിക്കുന്നുവെന്ന പ്രചാരണം ശക്തമായിരുന്നു. കമലിനെക്കൂടാതെ നടന്‍ മമ്മുട്ടിയും മത്സരിക്കാന്‍ ഒരുങ്ങുന്നെന്ന വ്യാജപ്രചാരണം ശക്തമായിക്കൊണ്ടിരിക്കുകയാണ്.
അതേസമയം, കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ നിലമ്പൂര്‍ മേഖലാ മേളയില്‍ സംവിധായകന്‍ കമല്‍ പങ്കെടുക്കരുതെന്ന് കളക്ടര്‍ ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് മലപ്പുറം കളക്ടര്‍ അമിത് മീണ ഉത്തരവിട്ടിരിക്കുന്നത്.