കല്യാണ്‍ ചൗബെ ആക്ടിംഗ് സിഇഒ ആയി ആള്‍മാറാട്ടം നടത്തുകയാണെന്ന് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ. പിടി ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ച നടപടിയെ തുടര്‍ന്നായിരുന്നു പരാമര്‍ശം. കല്യാണ് ചൗബെ ആള്‍മാറാട്ടം നടത്തുകയാണെന്നും രഘു റാം അയ്യറാണ് ഐഒഎയുടെ സിഇഒ യെന്നും പിടി ഉഷ ആരോപിച്ചു.
പലരും ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധ്യക്ഷ എന്ന നിലയില്‍ സുതാര്യത ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധയാണെന്നും പിടി ഉഷ പറഞ്ഞു. അവിശ്വാസ പ്രമേയം അജണ്ട നിശ്ചയിച്ചത് നിയമവിരുദ്ധമാണെന്നും ഭരണഘടനാലംഘനമാണെന്നും പിടി ഉഷ പറഞ്ഞു.
പി ടി ഉഷ ഇന്ത്യന്‍ കായിക മേഖലയ്ക്കെതിരായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ചുമതലയേറ്റെടുത്തതുമുതല്‍ നേരിടുന്ന ആരോപണം. ഐഒഎ പ്രസിഡന്റിന്റെ അധികാരം അവലോകനം ചെയ്യുമെന്നും, ഉഷ നടപ്പാക്കിയ സ്പോണ്‍സര്‍ഷിപ്പ് കരാറുകള്‍, സിഇഒ നിയമനം, വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് 1.75 കോടി രൂപ വായ്പ എന്നിവ പരിശോധിക്കുമെന്നും എക്സിക്യുട്ടീവ് അംഗങ്ങള്‍ അറിയിച്ചു.