കൊച്ചി: സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്രൗണ്ടായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം പൊതുപരിപാടികള്‍ക്കും അനുവദിക്കാന്‍ നീക്കം. ഇതിനായി സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎ ബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ചു. പോളിയെത്തിലീന്‍ ഉപയോഗിച്ച് നിര്‍മിച്ച യു.വി സ്റ്റെബിലൈസര്‍ സംവിധാനമുള്ള ടര്‍ഫ് പ്രൊട്ടക്ഷന്‍ ടൈലുകള്‍ സ്ഥാപിച്ച് ഗ്രൗണ്ട് പൊതുപരിപാടികള്‍ക്ക് അനുവദിക്കാനാണ് ശ്രമിക്കുന്നതെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ.ചന്ദ്രന്‍പിള്ള പറഞ്ഞു. സുതാര്യമായ ഈ ടൈലുകള്‍ സൂര്യരശ്മികളെ കടന്നുപോകാനും പുല്ല് വളരാനും അനുവദിക്കുമെന്നാണ് ജിസിഡിഎയുടെ അവകാശവാദം. നിലവില്‍ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാള്‍ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടാണിത്. എന്നാല്‍ ക്ലബ്ബ്, ഗ്രൗണ്ടും ഗാലറിയും ഉപയോഗിക്കുന്നത് വര്‍ഷത്തില്‍ ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള അഞ്ച് മാസം മാത്രമാണെന്നും, ബാക്കിയുള്ള സമയങ്ങളില്‍ സ്റ്റേഡിയം വെറുതെ കിടക്കുന്നത് ഒഴിവാക്കാനാണ് ശ്രമമെന്നും ജിസിഡിഎ വാദിക്കുന്നു.
ഓഫ് സീസണില്‍ എന്തെങ്കിലും പരിപാടികള്‍ ഇവിടെ സംഘടിപ്പിച്ച് വരുമാനം കണ്ടെത്താന്‍ അതോറിറ്റിക്ക് കഴിയുന്നില്ലെന്നും ഇതിന് പരിഹാരമെന്ന നിലയിലാണ് പുതിയ പദ്ധതിയെന്നും ചെയര്‍മാന്‍ വിശദീകരിച്ചു. അവാര്‍ഡ് ഷോകള്‍, സംഗീത പരിപാടികള്‍, പൊതുസമ്മേളനങ്ങള്‍ തുടങ്ങിയ കായികേതര പരിപാടികള്‍ക്ക് ഗ്രൗണ്ട് വിട്ടുനല്‍കാനാണ് ഉദ്ദേശിക്കുന്നത്. ആറ് കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. നിലവില്‍ സ്റ്റേഡിയത്തിന് പുറത്ത് വിശാലമായ സൗകര്യമുണ്ട്. ഇവിടെയാണ് പൊതുപരിപാടികള്‍ നടക്കാറുള്ളത്. ഇതിന് പുറമേയാണ് സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയില്‍ പരിപാലിക്കപ്പെടുന്ന അപൂര്‍വം ഗ്രൗണ്ടുകളിലൊന്ന് പൊതുപരിപാടിക്ക് വിട്ടുനല്‍കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. നേരത്തെ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി സ്റ്റേഡിയത്തിലെ പിച്ച് പൊളിക്കുന്നതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഗ്രൗണ്ട് പൊതുപരിപാടിക്ക് വിട്ടുനല്‍കിയാല്‍ കായികപ്രേമികളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധങ്ങളായിരിക്കും ജിസിഡിഎ അധികൃതര്‍ നേരിടേണ്ടി വരിക.