X

വിമര്‍ശിക്കുന്നവരെ സംഘികളാക്കുന്നു സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് കല്‍പറ്റ നാരായണന്‍

തിരുവനന്തപുരം: എതിര്‍ക്കുന്നവരെയെല്ലാം സംഘപരിവാര്‍ ആക്കുന്ന സി.പി.എം നിലപാടിനെ വിമര്‍ശിച്ച് പ്രശസ്ത സാഹിത്യകാരന്‍ കല്‍പറ്റ നാരായണന്‍. സി.പി.എമ്മിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ വിമര്‍ശകനെ സംഘിയാക്കുകയാണ് പാര്‍ട്ടി അനുഭാവികളുടെ രീതിയെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഭൂമിമലയാളത്തിലേറ്റവും ഹീനമായ ഈ വിശേഷണം വിമര്‍ശകന്റെ തലയില്‍വെച്ച് അവര്‍ ധന്യരാകും. പ്രിയനന്ദന്റെ തലയിലൊഴിച്ച ദ്രാവകത്തേക്കാള്‍ നാറുന്ന ഈ പദപട്ടാഭിഷേകത്താല്‍ സഖാക്കള്‍ എന്താണ് നേടുന്നത്? സി.പി.എമ്മിന്റേയും ഉറ്റ ശത്രുക്കളായ ആര്‍.എസ്.എസിന്റെയും മാത്രം നാടാണിതെന്നോ, സി.പി.എം അല്ലെങ്കില്‍ ആര്‍.എസ്.എസ് എന്നതാണോ മലയാളിക്ക് സാധൃമായത്? എല്ലാവര്‍ക്കും ഇടമുള്ള, വിയോജിപ്പുകള്‍ക്കിടമുള്ള ഒരുനാട് നിങ്ങള്‍ ഇല്ലാതാക്കുകയാണ്. വൃതൃസ്തമായ നിലപാടുകള്‍ ഉള്ളവരെയെല്ലാം സംഘികളാക്കുന്നതിലൂടെ നിങ്ങള്‍ ചെയ്യുന്നതെന്തെന്ന് നിങ്ങളറിയുന്നില്ലെന്നും കല്‍പറ്റ പറഞ്ഞു.
സി.പി.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമായ കെ.ടി കുഞ്ഞിക്കണ്ണന്‍ എഴുതിയ ‘ചിദാനന്ദപുരി മുതല്‍ കല്‍പറ്റ നാരായണന്‍ വരെ’ എന്ന ലേഖനത്തിലെ പരാമര്‍ശങ്ങള്‍ക്കാണ് അദ്ദേഹം മറുപടി നല്‍കിയത്. ചിദാനന്ദപുരി മുതല്‍ കല്‍പറ്റനാരായണന്‍ വരെയുള്ള ഇടതുപക്ഷ വിരോധത്തിന്റെ മക്കാര്‍ത്തിയന്‍ അവതാരങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താനുള്ള മഹാസഖ്യത്തിന്റെ സുവിശേഷ പ്രചാരണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് എന്നായിരുന്നു കെ.ടി കുഞ്ഞിക്കണ്ണന്റെ വിമര്‍ശനം.
ലേഖനത്തിലുടനീളം കല്‍പറ്റയെ കുഞ്ഞിക്കണ്ണന്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ”വിദ്യാര്‍ത്ഥി ജീവിതകാലത്തെ കെ.എസ്.യു രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യം മാത്രം കൈമുതലായുള്ള കല്‍പറ്റ എന്നാണ് ഇടതുപക്ഷ സഹയാത്രികനായത്? നിലനില്‍ക്കുന്ന ഏത് ഇടതുപക്ഷ ഗ്രൂപ്പുമായാണ് അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നത്. ആര്‍ട്‌സ് കോളജില്‍ കമ്യൂണിസ്റ്റ് വിരോധത്താല്‍ വിജ്രംഭിതനായ പഴയ കെ.എസ്.യുക്കാരന്റെ വാക്കും വിദ്വേഷവും മാത്രമാണ് ഇന്നും കല്‍പറ്റയെ ഭരിക്കുന്നത്. പി.ജയരാജന്‍ കൊലയാളിയാണെന്ന് ആക്രോശിക്കുന്ന കല്‍പറ്റക്ക് അറിയാത്തതല്ലല്ലോ സംഘപരിവാര്‍ വെട്ടിനുറുക്കിയ ശരീരവുമായി നമുക്കിടയില്‍ ജീവിക്കുന്ന ഇച്ഛാശക്തിയുള്ള കമ്യൂണിസ്റ്റുകാരനാണ് ജയരാജനെന്ന്. അദ്ദേഹത്തിന്റെ രണ്ട് കൈകളും ആര്‍.എസ്.എസ് ക്രിമിനലുകള്‍ വെട്ടിയിട്ടതാണ്. ഡോക്ടര്‍മാര്‍ തുന്നിച്ചേര്‍ത്ത ആഹാരം കഴിക്കാന്‍ പോലും സ്വാധീനമില്ലാത്ത കൈകള്‍കൊണ്ട് മാധ്യമപ്രവര്‍ത്തകനായ ഷാജഹാന്റെ കഴുത്തില്‍ ജയരാജന്‍ കുത്തിപ്പിടിക്കുന്ന കാഴ്ച താന്‍ നേരിട്ട് കണ്ടതാണെന്നതൊക്കെ തട്ടിവിടുന്ന കല്‍പറ്റയെ സമ്മതിക്കണം. യൂത്ത്‌കോണ്‍ഗ്രസ്, യുവമോര്‍ച്ച നിലവാരത്തിലേക്ക് ഉയര്‍ന്നുവന്ന കല്‍പറ്റക്ക് നല്ല നമസ്‌കാരം”. ഇത്തരത്തില്‍ കല്‍പറ്റയെ കടന്നാക്രമിക്കുന്നതാണ് ലേഖനം.

web desk 1: