X

നാദബ്രഹ്മ വിസ്മയമായി ചെമ്പൈ തറവാട്ടില്‍ നിന്നു ഭരദ്വാജ്

 

പാരമ്പര്യത്തില്‍ ശക്തികാട്ടുന്ന പ്രകടനമാണ് എച്ച്.എസ് വിഭാഗം ശാസ്ത്രീയ സംഗീതത്തില്‍ ഭരദ്വാജ് കാഴ്ചവെച്ചത്. ചെമ്പൈ കുടുംബത്തില്‍ നിന്നുള്ള ഈ അത്ഭുത പ്രതിഭ ഇന്നലെ നടന്ന എച്ച്.എസ് വിഭാഗം ശാസ്ത്രീയ സംഗീതത്തില്‍ വിസ്മയിപ്പിക്കുന്ന രാഗമായി. ഹൃദയ തന്ത്രികളെ തൊട്ടുണര്‍ത്തുന്ന താളമായി. രണ്ട് തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ഈ ‘കച്ചേരിക്കാരന്‍’ ഇത്തവണ സ്ഥാനം ഒഴിവാക്കിയത് മൂലം ഹാട്രിക് നഷ്ടമായതിന്റെ സങ്കടത്തിലാണ്.
തോടി രാഗത്തില്‍ ചിട്ടപ്പെട്ടുത്തിയ ത്യാഗരാജ കൃതിയായ ‘കദനു വരികി…..’ യില്‍ തുടങ്ങുമ്പോള്‍ സദസ് ചെവിയോര്‍ത്ത് നില്‍ക്കുകയായിരുന്നു. ഒട്ടും ഇടര്‍ച്ചയില്ലാതെ അവതരിപ്പിച്ചു തീര്‍ന്നപ്പോള്‍ സദസ്സ് ഒന്നടങ്കം കരഘോഷം മുഴക്കിയത് ഭരദ്വാജിന്റെ സംഗീതാവതരണത്തിനായിരുന്നു. പിതാവ് പകര്‍ന്നുനല്‍കിയ സംഗീത വഴിയേയാണ് ഭരധ്വാജ്. അച്ഛന്‍ പ്രശസ്ത സംഗീതജ്ഞന്‍ വെള്ളിനേഴി സുബ്രഹ്മണ്യന്‍ തന്നെയാണ് തന്റെ ഗുരു. നൂറുകണക്കിന് വേദികളില്‍ അച്ഛനൊപ്പം കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.
വെള്ളിനേഴി കൃഷ്ണ വിഹാറില്‍ താമസിക്കുന്ന ഭരധ്വാജ് ചെറുപ്പം മുതലെ സംഗീതം അഭ്യസിക്കുന്നുണ്ട്. എന്‍ജനീയര്‍ ആകണമെന്നാണ് ആഗ്രഹം. അതിനൊപ്പം സംഗീത ലോകത്ത് തിളങ്ങി നില്‍ക്കണമെന്നും ആശയുണ്ട്. അച്ഛന്‍ കൂടെയുള്ളപ്പോള്‍ അതിന് സാധ്യമാകുമെന്ന് ഭരദ്വാജ് ഉറപ്പ് പറയുന്നു.
വയനാട് ജില്ലയിലെ പിണങ്ങോട് ഗവ. യു.പി സ്‌കൂള്‍ അധ്യാപകയാണ് അമ്മ മഞ്ജു. അച്ഛന്‍ വെള്ളിനേഴി സുബ്രഹ്മണ്യന്‍ പാലക്കാട് പത്തിരിപ്പാല സദനം ടി.ടി.ഐ അധ്യാപകനാണ്,

chandrika: