X

കല്ലിട്ടുമൂടും മാടായിപ്പാറയുടെ ജൈവ സമ്പത്തും

ഫൈസല്‍ മാടായി

പ്രതിഷേധം കടുക്കുമ്പോഴും മോഹവാഗ്ദാനങ്ങളിലൂടെയും വികസനമെന്ന തുറുപ്പുചീട്ടിറക്കിയും കെ-റെയില്‍ പദ്ധതി നടപ്പാക്കാനുള്ള തന്ത്രങ്ങളാണ് സര്‍ക്കാര്‍ പയറ്റുന്നത്. പാര്‍ട്ടി സമ്മേളനങ്ങളില്‍ കെ-റെയിലിന് അനുകൂലമായ പ്രമേയമുയര്‍ത്തി അണികളെ വായടപ്പിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. കണ്ണൂരില്‍ അവസാനിച്ച ജില്ലാ സമ്മേളനത്തിലും ഉയര്‍ന്നു കെ-റെയില്‍ അനുകൂല പ്രമേയം. സമ്മേളനം നടന്ന എരിപുരത്തോടടുത്ത മാടായിപ്പാറയെ തന്നെ നശിപ്പിക്കുമെന്ന ഉറച്ച തീരുമാനത്തോടൊപ്പം സമീപ പ്രദേശങ്ങളായ ഏഴോം, കുഞ്ഞിമംഗലം, കണ്ണപുരം, ചെറുകുന്ന് മേഖലകളില്‍ നിന്ന് കുടിയിറങ്ങേണ്ടി വരുന്ന പാര്‍ട്ടി കുടുംബങ്ങളുടെ രോദനം പോലും ചെവിക്കൊള്ളാതെയാണ് പ്രമേയമവതരിപ്പിച്ചത്. പദ്ധതി കണ്ണൂരില്‍ കടുത്ത നാശമാണ് വിതക്കുക.

സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായി അതിര്‍ത്തിയില്‍ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുകയാണ് ജില്ലയിലും. കണ്ണൂരിലാണ് ഏറ്റവും കുടുതല്‍ കല്ലിടല്‍ പൂര്‍ത്തിയായത്. ഏഴ് വില്ലേജുകളിലായി 21.5 കി.മീറ്റര്‍ നീളത്തില്‍ 536 കല്ലുകള്‍ ഇവിടെ സ്ഥാപിച്ചു കഴിഞ്ഞു. ചിറക്കല്‍, വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്ന്, ഏഴോം, മാടായി, കുഞ്ഞിമംഗലം വില്ലേജുകളിലാണ് കല്ലിടല്‍ പൂര്‍ത്തിയാത്.

ഒളവറ മുതല്‍ തലശ്ശേരി തിരുവങ്ങാട് വരെ 65 കി.മീറ്റര്‍ ദൈര്‍ഘ്യത്തില്‍ 19 വില്ലേജുകളിലോയി ഏറ്റെടുക്കുന്നത് 106 ഹെക്ടര്‍ ഭൂമിയാണ്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഉദ്യോഗസ്ഥരെത്തി റവന്യു അനുമതി പോലുമില്ലാതെ കല്ലിടല്‍ നടത്തിയതെന്ന് ഈ മേഖലയിലുള്ളവര്‍ ആരോപിക്കുന്നു. പൊലീസ് സന്നാഹത്തോടെ പലരുടെയും ഭൂമിയില്‍ അതിക്രമിച്ച് കയറിയാണ് കല്ലിടല്‍ പൂര്‍ത്തിയാക്കിയത്. ഏത് വിധേനയും പദ്ധതി നടപ്പാക്കുമെന്ന സര്‍ക്കാര്‍ ധാര്‍ഷ്ട്യത്തിന് വിധേയമായി മുന്നോട്ടുപോകുകയാണ് ഉദ്യോഗസ്ഥര്‍. വിവിധ ഔഷധ സസ്യങ്ങളുടെ കലവറയും ജൈവ സമൃദ്ധവുമായ മാടായിപ്പാറയെ കീറിമുറിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജൈവ വൈവിധ്യ ഭൂമിയുടെ മാറ് പിളര്‍ന്ന് നടപ്പാക്കുന്ന പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതിയും മാടായിപ്പാറ സംരക്ഷണ സമിതിയും പ്രതിഷേധവുമായി രംഗത്തുണ്ട്. കല്ലിടല്‍ മേഖലയിലുള്‍പ്പെടെ ശക്തമായ പ്രതിഷേധത്തിലേക്ക് നയിച്ച ജില്ലയില്‍ സമര രംഗത്തെ ഐക്യവേദിയും ഇരകളുടെ കൂട്ടായ്മയും വിവിധ സമര പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.

സമരവുമായി മുന്നോട്ടുപോകും
പാരിസ്ഥിതികമായ നാശത്തിനും വ്യാപകമായ കുടിയൊഴിപ്പിക്കലിനുമിടയാക്കുന്ന പദ്ധതിക്കെതിരെ സമര രംഗത്ത് ഉറച്ച് നില്‍ക്കാനാണ് കെ-റെയില്‍ വിരുദ്ധ സമിതിയുടെയും മാടായിപ്പാറ സംരക്ഷണ സമിതിയുടെയും തീരുമാനം. സമര പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യ സമിതിയെയും ഇരകളുടെ കൂട്ടായ്മയെയും പങ്കാളികളാക്കി വിവിധ സമര പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. ഉത്തര മലബാറിലെ ഏറ്റവും വലിയ പൂരമഹോത്സവം നടക്കുന്ന മാടായി കാവിലേക്ക് ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായി തിടമ്പ് കൊണ്ടുപോകുന്നയിടവും മാടായിയിലെ ഖബര്‍സ്ഥാനും കുന്നിന്‍ചെരുവിലെ ശ്മശാനവും കണ്ണപുരത്തെ ക്ഷേത്ര ഭൂമിയും ഉള്‍പ്പെടെ 3000 ഓളം വീടുകളും കെട്ടിടങ്ങളും തകര്‍ത്താണ് പദ്ധതി നടപ്പാക്കുന്നത്. വന്‍കിടക്കാരെ പ്രീതിപ്പെടുത്തുന്നതാണ് പദ്ധതി. കേരളമാകെ അലയടിക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ പിണറായി സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വരും.

എ.പി ബദറുദ്ദീന്‍
(കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതി ജില്ലാ ചെയര്‍മാന്‍)

അഴിമതി ലക്ഷ്യമാക്കുന്ന പദ്ധതി
പദ്ധതിയുമായി ബന്ധപ്പെട്ട് അനിവാര്യമായ പാരിസ്ഥിതിക ആഘാത പഠനമോ സാമൂഹിക ആഘാത പഠനമോ സാമ്പത്തിക സാധ്യതാ പഠനമോ ശാസ്ത്രീയമായി നടത്താതെ വളരെ രഹസ്യമായി ജനങ്ങളില്‍നിന്ന് എല്ലാം മറച്ചുപിടിച്ച് ദ്രുതഗതിയില്‍ ഭൂമി ഏറ്റെടുക്കല്‍ അടക്കം നടത്താന്‍ തിരക്ക് കൂട്ടുന്നത് വളരെ ദുരൂഹമാണ്. 20,000 കുടുംബങ്ങളെ വഴിയാധാരമാക്കുന്ന കേരളത്തിലാകെ വലിയ പാരിസ്ഥിതികാഘാതം ഉണ്ടാക്കുന്ന, കര കയറാന്‍ പ്രയാസപ്പെടുന്ന വണ്ണം കേരളത്തെ കടക്കെണിയിലാക്കുന്ന ഈ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. 560 കി.മീറ്റര്‍ നീളവും 70 കിലോമീറ്റര്‍ ആവറേജ് വീതിയുമുള്ള കൊച്ചു കേരളത്തില്‍ ഈ പദ്ധതി പ്രാവര്‍ത്തികമായാല്‍ പശ്ചിമഘട്ട മലനിരകളുടെ തകര്‍ച്ചയും കേരളത്തിന്റെ പ്രവചനാതീതമായ നാശവും ആയിരിക്കും ഫലം.

പി.ടി മാത്യു
(യുഡിഎഫ് ജില്ലാ കമ്മിറ്റി ചെയര്‍മാന്‍)

Test User: