കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ വീണ്ടും പൊലീസ് ഒത്തുകളി. മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശമനുസരിച്ച് ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം എന്നായിരുന്നു. എന്നാല്‍ പൊലീസ് ഇത് പൂര്‍ണമായും അവഗണിച്ചു.
ബസ് ഉടമ സുരേഷ് കല്ലടയെ മനുഷ്യാവകാശ കമ്മീഷന്‍ കോഴിക്കോട് നടന്ന സിറ്റിങിലേക്ക് വിളിച്ചുവരുത്തിയെങ്കിലും പൊലീസ്, ഗതാഗത കമ്മീഷണര്‍ എന്നിവരുടെ റിപ്പോര്‍ട്ട് കിട്ടാത്തതിനാല്‍ വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നല്‍കി. അടുത്ത മാസം 26 ന് വീണ്ടും ഹാജരാകാനാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. കോഴിക്കോട് സ്വദേശി നൗഷാദ് തെക്കയിലിന്റെ പരാതിയിലാണ് സുരേഷ് കല്ലടയെ കമ്മീഷന്‍ വിളിച്ചു വരുത്തിയത്.
ഇതേ കേസില്‍ തിരിച്ചറിയല്‍ പരേഡ് നടക്കും മുന്‍പ് പ്രതികള്‍ക്ക് ജാമ്യം കിട്ടിയത് പൊലീസിന്റെ ഒത്തുകളിയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. കഴിഞ്ഞ മാസം 21 ന് പുലര്‍ച്ചെയാണ് സുരേഷ് കല്ലട ബസിലെ യാത്രക്കാരെ ജീവനക്കാര്‍ വൈറ്റിലയില്‍ വച്ച് മര്‍ദ്ദിച്ചത്. മൂന്ന് പേര്‍ക്കാണ് കല്ലട ബസില്‍ വച്ച് മര്‍ദ്ദനമേറ്റത്. മറ്റ് രണ്ട് പേര്‍ വിദ്യാര്‍ത്ഥികളാണ്.