X

കലിമതുത്തൗഹീദും ബി.ജെ.പി എം.പിയും

ഷംസീര്‍ കേളോത്ത്

അജയ്പ്രതാപ് സിങ് മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. ബിരുദാനന്തര ബിരുദധാരിയായ ബി.ജെ.പി നേതാവാണ്. അദ്ദേഹം കഴിഞ്ഞ ജൂലായ് ഇരുപത്തിയഞ്ചിന് വൈകുന്നേരം രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ രാജ്യം നേരിടുന്ന ഫാഷിസ്റ്റ് വെല്ലുവിളിയുടെ ഗൗരവം കൂടുതല്‍ വെളിവാക്കുന്നുണ്ട്. എം.പിമാരുടെ സസ്‌പെന്‍ഷനതിരെയുള്ള കനത്ത പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പതിഞ്ഞ സ്വരത്തിലുള്ളതെങ്കിലും അങ്ങേയറ്റം വിഷലിപ്തമായ പ്രസംഗം. വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍ (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നിരോധനം) ഭേദഗതി ബില്ലിന്‍മേലുള്ള ചര്‍ച്ചയായിരുന്നു സന്ദര്‍ഭം. അതീവ നശീകരണ സാധ്യതയുള്ള ആയുധങ്ങള്‍ രാജ്യത്തിനെതിരെ ഉപയോഗിക്കുന്നത് തടയേണ്ടതിന്റെ ആവശ്യകതയായിരുന്നു അദ്ദേഹത്തിന്റെ പ്രതിപാദ്യ വിഷയം. കൂട്ടനശീകരണ ശേഷിയുള്ള ആയുധങ്ങളുടെ ഉത്പാദനം ഒരു തരത്തിലും അനുവദിച്ചുകൂടാ എന്നുള്ളത് സ്പഷ്ടമാണ്. തീവ്രവാദ ഗ്രൂപ്പുകള്‍ മാത്രമല്ല സര്‍ക്കാരുകള്‍ തന്നെ അത്തരം നശീകരണായുധങ്ങള്‍ നിര്‍മിക്കരുതെന്ന് രാസജൈവായുധങ്ങളുടെ കാര്യത്തില്‍ അന്താരാഷ്ട്ര ഉടമ്പടികള്‍ പോലും നിലവിലുണ്ട്. പിന്നെ സര്‍ക്കാറിതര സംഘങ്ങള്‍ക്ക് അത്തരം ആയുധങ്ങള്‍ ലഭിക്കുന്നതിന്റെ ഭവിഷ്യത്ത് പറയേണ്ടതില്ലല്ലോ. ഇല്ലാത്ത കൂട്ടനശീകരണായുധങ്ങളുടെ പേര് പറഞ്ഞാണ് സാമ്രാജത്വ ശക്തികള്‍ ഇറാഖിനെ ആക്രമിച്ചതും സദ്ദാം ഹുസൈനെ ഇല്ലാതാക്കിയതും എന്നത് മറ്റൊരു കഥ. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും അജയ് പ്രതാപ് സിങിന്റെ പ്രസംഗം മറ്റ് അംഗങ്ങളുടെ പ്രസംഗങ്ങള്‍ പോലെയായിരുന്നില്ല. കൂട്ടനശീകരണ ശേഷിയുള്ള ആയുധങ്ങള്‍ തടയേണ്ടതിന്റെ കാരണം അദ്ദേഹം കണ്ടത് മുസ്‌ലിംകളിലാണ്. അദ്ദേഹം പറഞ്ഞു: രാജ്യത്തെ ഒരു വിഭാഗം അവരുടെ ദിവസം ആരംഭിക്കുന്നത് തന്നെ ലാഇലാ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ് എന്ന് പറഞ്ഞുകൊണ്ടാണ്. അല്ലാഹുവല്ലാതെ ഒരു ദൈവവും ഇല്ലെന്നാണ് അവര്‍ പറയുന്നത്. അങ്ങനെ പറയുന്നതിലൂടെ മറ്റുള്ളവര്‍ക്ക് ജീവിക്കാനുള്ള അര്‍ഹതയില്ലെന്നാണ് അവര്‍ ഉദ്ദേശിക്കുന്നതെന്നും അജയ്പ്രതാപ് സിങ് കണ്ടുപിടിച്ചുകളഞ്ഞു. തീവ്രവാദത്തിന്റെ അടിസ്ഥാനമിതാണത്രേ. അതുകൊണ്ട് തന്നെ ബില്ലിനെ സര്‍വാത്മനാ അദ്ദേഹം പിന്തുണക്കുന്നതായും പ്രഖ്യാപിച്ചു.

ആശ്ചര്യമുളവാക്കുന്ന വാദമാണിതെങ്കിലും സാധാരണക്കാര്‍ ഇയാളിതെന്തൊക്കെയാണ് പറയുന്നതെന്നോര്‍ത്ത് മൂക്കത്ത് വിരല്‍വെച്ചേക്കാമെങ്കിലും ഫാഷിസ്റ്റ് യുക്തിയുടെ ഒഴിച്ചുകൂടാനാവാത്ത സ്വാഭാവിക പരിണാമമാണിതെന്ന് മതേതര സമൂഹം തിരിച്ചറിയണം. ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാന ശിലയാണ് ഏകദൈവ വിശ്വാസമെന്നറിയാത്തവരോ നൂറ്റാണ്ടുകളായി ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ മുസ്‌ലിംകള്‍ ഈ വിശ്വാസവുമായി ജീവിക്കുന്നുണ്ടെന്ന ധാരണയില്ലത്താവരോ അല്ല ഇത്തരം ജല്‍പ്പനങ്ങള്‍ നടത്തുന്നത്. എന്തിനും ഏതിനും സാങ്കല്‍പ്പിക ശത്രുവില്‍ കുറ്റമാരോപിക്കുന്ന ആള്‍ക്കൂട്ട വൈകൃത പ്രത്യയശാസ്ത്രമാണ് അവരെ അതിന് പ്രാപ്തരാക്കുന്നത്. അന്ത്യപ്രവാചകരുടെ കാലത്ത് തന്നെ ഇസ്‌ലാമിന്റെ ആശയങ്ങള്‍ ഇന്ത്യയിലെത്തിയിട്ടുണ്ടെന്നത് ചരിത്ര വസ്തുതയാണ്. ഇത്രയേറേ നൂറ്റാണ്ടുകളായി ഇവിടെ തങ്ങളുടെ വിശ്വാസപ്രമാണങ്ങളുമായി ജീവിച്ച മനുഷ്യര്‍ അതിനിടയിലൊക്കെ അജയ്പ്രതാപ് സിങ് ഭയപ്പെടുന്ന രീതിയില്‍ കൂട്ടനശീകരണത്തിനുള്ള പ്രവൃത്തിയിലേര്‍പ്പെട്ടു കാണില്ലേ. അങ്ങനെയെങ്കില്‍ എന്ത് കൂട്ടനശീകരണ യജ്ഞമാണ് മുസ്‌ലിംകള്‍ ചെയ്തതെന്ന ചോദ്യത്തിന് കെട്ടകഥകളല്ലാതെ ചരിത്രവസ്തുതകളുടെ പിന്‍ബലത്തില്‍ ഉത്തരം നല്‍കാന്‍ ബി.ജെ.പി ബാധ്യസ്ഥരാണ്. സര്‍വാധികാരവും സമ്പത്തുമുണ്ടായിട്ടും ഏകദൈവ വിശ്വാസികളല്ലാത്തവരെ കൂട്ടനശീകരണം നടത്താന്‍ മുതിര്‍ന്നുവെന്നതിന് എന്ത് തെളിവാണുള്ളത്. അങ്ങനെ അവര്‍ ചെയ്തിരുന്നുവെങ്കില്‍ രാജ്യചരിത്രത്തില്‍ അത് രേഖപ്പെടുത്തപെടാതെ പോവുമായിരുന്നോ. മതവും ജാതിയും നോക്കാതെ പാവങ്ങളുടെ കണ്ണീരൊപ്പിയ സൂഫിയാക്കളും ഹൈന്ദവ തത്വചിന്താ ഗ്രന്ഥങ്ങള്‍ പേര്‍ഷ്യനിലേക്ക് തര്‍ജ്ജുമ ചെയ്യാന്‍ മുന്‍കയ്യെടുത്ത സുല്‍ത്താന്‍മാരും ഏക ദൈവാദര്‍ശത്തില്‍ വിശ്വസിച്ചവരായിരുന്നുവെന്ന ചരിത്രബോധമില്ലാത്തയാളല്ല ബിരുദാനന്തര ബിരുദധാരിയായ അജയ്പ്രതാപ് സിങും അദ്ദേഹത്തിന്റെ കൂട്ടാളികളും. ചരിത്രത്തെ വക്രീകരിച്ച് ഫാഷിസ്റ്റ് യുക്തി അടിച്ചേല്‍പ്പിക്കാനുള്ള വ്യഗ്രതയില്‍ നിന്ന് വരുന്ന ബോധപൂര്‍വമായ വിധ്വംസക ചിന്തകളാണവ. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ഇസ്‌ലാമിക പ്രബോധനങ്ങളിലേര്‍പ്പെട്ട സൂഫിവര്യന്മാരായ പണ്ഡിതരെ നൂറ്റാണ്ടുകളായി ജനങ്ങളൊന്നടങ്കം മതം നോക്കാതെ വിളിച്ചുപോരുന്നത് ഗരീബ് നാവാസെന്നാണ്. അഥവാ പാവങ്ങളുടെ അത്താണിയെന്ന്. കലിമതുത്തൗഹീദില്‍ ബി.ജെ.പി എം.പി കണ്ട പ്രശ്‌നം അദ്ദേഹത്തിന്റെ കാഴ്ചയുടേതാെണന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

ജര്‍മനിയുടെ സര്‍വപ്രശ്‌നങ്ങള്‍ക്കും കാരണക്കാര്‍ ജൂതനാണെന്നായിരുന്നു ഹിറ്റ്‌ലറുടെ വാദം. തന്റെ രാജ്യം ലോകയുദ്ധത്തില്‍ തോറ്റതിനും സാമ്പത്തിക തകര്‍ച്ചക്കും എന്തിനേറെ ജര്‍മന്‍കാര്‍ക്കിടയിലെ ലൈംഗിക രോഗങ്ങള്‍ക്കടക്കം കാരണം ജൂതരാണെന്ന് ഹിറ്റ്‌ലറും ഗീബല്‍സും ജര്‍മന്‍കാരെ പറഞ്ഞുപറ്റിച്ചു. ജൂതന്റെ ആഗോള ഗൂഢാലോചനയുടെ ഫലമായാണ് ജര്‍മനി പരാജയപ്പെടുന്നതെന്നും അവര്‍ സ്ഥാപിച്ചെടുത്തു. അതിനുവേണ്ടി കഥകളെഴുതി. സാമൂഹ്യശാസ്ത്രജ്ഞര്‍ പ്രത്യയശാസ്ത്ര പിന്‍ബലമേകി. ഡോക്യമെന്ററികള്‍ ജൂതനെ വില്ലനാക്കി. ഫാഷിസവുമായുള്ള പ്രത്യയശാസ്ത്ര ബന്ധമാണ് ഇവിടെയും ചിലര്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള കാരണം മുസ്‌ലിംകളില്‍ കാണുന്നതിന് പിന്നിലും. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ഗ്രന്ഥം ഹിറ്റ്‌ലറിന്റെ മെയിന്‍കാഫ് ആണെന്നതും ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. തൊഴിലില്ലായ്മക്കും തീവ്രവാദത്തിനും ജനസംഖ്യാവര്‍ധനക്കും പട്ടിണിക്കും മയക്കുമരുന്നിനും കള്ളക്കടത്തിനും കൊറോണാ വ്യാപനത്തിനും എന്തിനേറെ തന്റെ മക്കളുടെ പ്രണയ ബന്ധങ്ങള്‍ക്ക് പോലും ഒരു മതമാണ് കാരണമെന്ന് ചിലര്‍ നമ്മുടെ രാജ്യത്തും പ്രചരിപ്പിക്കുന്നുണ്ടല്ലോ. ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഇന്ത്യന്‍ പതിപ്പിന്റെ വക്താക്കളാണ് ഇങ്ങനെ വെറുപ്പ് പ്രചരിപ്പിക്കുന്നത്. സര്‍വപ്രശ്‌നങ്ങള്‍ക്കും ഒരു മിഥ്യാശത്രുവിനെ സൃഷ്ടിച്ചാല്‍ ജനങ്ങളെ തങ്ങള്‍ക്കാവശ്യമായ ദിശയിലേക്ക് നയിക്കാമെന്ന് ഫാഷിസ്റ്റുകള്‍ക്കറിയാം. അങ്ങനെ ജീവല്‍ പ്രശ്‌നങ്ങളുടെ യഥാര്‍ഥ കാരണങ്ങളില്‍നിന്ന് ജനങ്ങളടെ ശ്രദ്ധ തിരിച്ചുവിടുകയും ചെയ്യാം. അത്തരമൊരു രാഷ്ട്രീയ കുടിലതന്ത്രത്തിന്റെ തുടര്‍ച്ച തന്നെയാണ് അജയ്പ്രതാപ് സിങിന്റെ പ്രസ്താവനയിലുമുള്ളത്.

Test User: