ന്യൂഡല്‍ഹി: മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷക്ക് വിധിച്ചതില്‍ പ്രതിഷേധിച്ച് പാകിസ്താനുമായി നടത്താനിരുന്ന മാരിടൈം ചര്‍ച്ച ഇന്ത്യ റദ്ദാക്കി.
അടുത്തയാഴ്ചയാണ് ചര്‍ച്ച നിശ്ചയിച്ചിരുന്നത്. ഇതിനായി പാകിസ്താനില്‍നിന്നുള്ള ഉന്നതതല സംഘം ഇന്ന് ഡല്‍ഹിയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ പാക് സംഘത്തിനുള്ള യാത്രാനുമതി പ്രതിരോധ മന്ത്രാലയം അവസാന നിമിഷം റദ്ദാക്കുകയായിരുന്നുവെന്ന് കോസ്റ്റ്ഗാര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു.
സമുദ്രാതിര്‍ത്തി ലംഘനങ്ങളുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരുടെ മോചനം, സമുദ്രാന്തര മേഖലയിലെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് മാരിടൈം ചര്‍ച്ച ആസൂത്രണം ചെയ്തത്.
ചാരവൃത്തി ആരോപിച്ചാണ് 46കാരനായ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ സൈനിക കോടതി വധശിക്ഷക്ക് വിധിച്ചത്. അതേസമയം പാക് നടപടിക്കെതിരെ ശക്തമായ എതിര്‍പ്പുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. ശിക്ഷ നടപ്പാക്കിയാല്‍ ആസൂത്രിത കൊലപാതകമായി കണക്കാക്കി നേരിടുമെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.
ഇതിനിടെ കുല്‍ഭൂഷണ്‍ ജാദവിനെതിരായ കോടതി വിധിയുടെ പകര്‍പ്പ് ഇന്ത്യ ആവശ്യപ്പെട്ടു. ഇസ്്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണ്‍ ഗൗതന്‍ ബംബാവാലെ പാക് വിദേശകാര്യ സെക്രട്ടറിയെ കണ്ടാണ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ആവശ്യപ്പെട്ടത്. പകര്‍പ്പ് ലഭിക്കുന്ന മുറക്ക് വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.