X
    Categories: indiaNews

മാസ്‌ക്കും സാമൂഹിക അകലവുമെല്ലാം കടലാസില്‍; ഇന്ദോറില്‍ സ്ത്രീകളെ പങ്കെടുപ്പിച്ച് ബിജെപി പ്രചരണറാലി

ഇന്ദോര്‍: മധ്യപ്രദേശിലെ ഇന്ദോറില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്ത യാത്ര വിവാദത്തില്‍. സംസ്ഥാനമന്ത്രി തുള്‍സി സിലാവതിന് പിന്തുണയര്‍പ്പിച്ച് അനുയായികളായ ബിജെപി പ്രവര്‍ത്തകരാണ് കലശ് യാത്ര എന്ന പേരില്‍ വന്‍ റാലി നടത്തിയത്. മുഖാവരണമോ, സാമൂഹിക അകലമോ പാലിക്കാതെ നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.

മാസ്‌ക് പോലുമില്ലാതെ വനിതകള്‍ കൂട്ടമായി തലയില്‍ കലശവുമായി പോകുന്ന വീഡിയോ പുറത്തുവന്നതോടെ, സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. വിഡിയോയില്‍കോവിഡ് പ്രോട്ടോക്കാള്‍ ലംഘനത്തിന് സംഘാടകര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും, റിപ്പോര്‍ട്ട് നല്‍കാനും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് നിര്‍ദേശം നല്‍കിയതായി ഇന്ദോര്‍ ജില്ലാ കലക്ടര്‍ മനീഷ് സിങ് വ്യക്തമാക്കി.

കലശ് യാത്രയോട് അനുബന്ധിച്ച് സാരി വിതരണവും സംഘടിപ്പിച്ചിരുന്നു. പുറത്തുവന്ന വിഡിയോയില്‍ വാദ്യഘോഷങ്ങള്‍ക്കൊപ്പം സ്ത്രീകള്‍ നൃത്തം ചെയ്യുന്നതും കാണാം. ചെറിയ പെണ്‍കുട്ടികളെയും റാലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജ്യോതിരാദിത്യസിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ നേതാവാണ് തുള്‍സി സിലാവത്. നിലവില്‍ അദ്ദേഹം ജലവിഭവ മന്ത്രിയാണ്. ജൂണില്‍ മന്ത്രി സിലാവതിനും ഭാര്യക്കും കോവിഡ് ബാധിച്ചിരുന്നു. ആഗസ്റ്റിലാണ് ഇരുവരും രോഗമുക്തരായത്.

Test User: