കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഛിദ്രീകരണ ശ്രമങ്ങളെ അതിജീവിച്ച് ഒറ്റമനസ്സായി കേരളം മുമ്പോട്ടുപോകാൻ സർവകക്ഷിയോഗം പ്രമേയം..സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സവർത്തിത്വത്തിന്റെയും സവിശേഷ സാമൂഹ്യ സാഹചര്യമാണ് കേരളത്തെ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാക്കിയ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്. ഈ അന്തരീക്ഷത്തെ ജീവൻ കൊടുത്തും നിലനിർത്താൻ പ്രതിബദ്ധമായ പാരമ്പര്യമാണ് കേരളീയർക്കുള്ളത്. എന്നാൽ, കേരളത്തിന്റെ അഭിമാനമായ ഈ പൊതു സാമൂഹ്യ സാഹചര്യത്തിൽ അസഹിഷ്ണുതയുള്ളവരും അതിനെ അപ്പാടെ ഇല്ലാതാക്കാൻ വ്യഗ്രതപ്പെടുന്നവരും ഉണ്ട് .. അവരുടെ ഒറ്റപ്പെട്ട ഛിദ്രീകരണ ശ്രമങ്ങളെ അതിജീവിച്ച് ഒറ്റമനസ്സായി കേരളം മുമ്പോട്ടുപോകുന്ന അവസ്ഥ എന്തു വില കൊടുത്തും ഉറപ്പാക്കുമെന്നും സർവകക്ഷി യോഗം വ്യക്തമാക്കി.
പരസ്പര വിശ്വാസത്തിന്റെയും പരസ്പര ആശ്രിതത്വത്തിന്റെയും കൂട്ടായ അതിജീവനത്തിന്റെയും കാലത്തെ അവിശ്വാസത്തിന്റെയും അസഹിഷ്ണുതയുടെയും വിഷവിത്തുകൾ വിതച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുത്തുതോൽപ്പിക്കും.ഊഹാപോഹങ്ങളും കെട്ടുകഥകളും കിംവദന്തികളും പടർത്തി സമൂഹത്തിൽ സ്പർദ്ധ വളർത്താനും അതിലൂടെ ജനസമൂഹത്തെ ആകെ ചേരിതിരിച്ച് പരസ്പരം അകറ്റാനും ഉള്ള ഏതു ശ്രമങ്ങളെയും മുളയിലേ തന്നെ നുള്ളാനുള്ള മുൻകൈ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ഭാഗത്ത് നിന്നുണ്ടാകണമെന്നും സർവകക്ഷി യോഗം ആവശ്യപ്പെട്ടു.
ഒറ്റപ്പെട്ട ഏതെങ്കിലും ഒരു സംഭവത്തെ മുൻനിർത്തി കേരളത്തെയും കേരളത്തിന്റെ അഭിമാനകരമായ മതനിരപേക്ഷ പാരമ്പര്യത്തെയും സാംസ്കാരിക പൈതൃകത്തെയും സാമൂഹികമായ വേറിട്ട വ്യക്തിത്വത്തെയും അപകീർത്തിപ്പെടുത്താൻ നടക്കുന്ന ശ്രമങ്ങളെ ഒറ്റപ്പെടുത്താൻ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം.സമാധാനവും സമുദായ സൗഹാർദ്ദവും ഭേദചിന്തകൾക്കതീതമായ മതനിരപേക്ഷ യോജിപ്പും എല്ലാ നിലയ്ക്കും ശക്തിപ്പെടുത്തി മുമ്പോട്ടു പോകുമെന്നും ഇക്കാര്യത്തിൽ കേരളം ഒറ്റ മനസ്സാണെന്നും യോഗം ഏകകണ്ഠമായി വ്യക്തമാക്കി.