കളമശേരി സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ സ്വദേശി കുമാരി (53)യാണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതോടെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി.ഇന്ന് രാവിലെയാണ് കളമശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർഥനയോഗത്തിനിടയിൽ കേരളത്തെ നടുക്കിയ സ്ഫോടനം നടന്നത്. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ 52 പേരാണ് ചികിത്സ തേടിയത്. 18 പേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഐസിയുവിൽ ചികിത്സയിലുള്ളവരുടെ നില ഗുരുതരമാണ്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യഹോവ സാക്ഷി സഭാംഗമായ ഡൊമനിക് മാർട്ടിൻ എന്ന തമ്മനം സ്വദേശി സ്വമേധയാ പൊലീസിൽ കീഴടങ്ങിയിരുന്നു. ഫെയ്സ്ബുക്ക് ലൈവിലൂടെ കുറ്റസമ്മതം നടത്തിയ ശേഷമാണ് ഇയാൾ കൊടകര സ്റ്റേഷനിൽ കീഴടങ്ങിയത്.ഇയാൾക്കെതിരെ യുഎപിഎ അടക്കം ഗുരുതര വകുപ്പുകള്‍ ചുമത്തി.ഐപിസി സെക്ഷൻ 302, 307, എക്സ്പ്ലോസീവ് ആക്ട് 3എ, യുഎപിഎ 16(1)എ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.