X

ടെസ്റ്റ് എഴുതി പാസായിട്ടാണ് ഞാന്‍ സര്‍വീസില്‍ വന്നത് ; ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് പൊലീസ് ഉദ്യോഗസ്ഥന്റെ തകര്‍പ്പന്‍ മറുപടി

കൊച്ചി: ഫോണിലൂടെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച സി.പി.എം നേതാവിന് പൊലീസ് ഉദ്യോഗസ്ഥന്റെ തകര്‍പ്പന്‍ മറുപടി. കളമശേരിയുടെ രാഷ്ട്രീയം അറിഞ്ഞു പ്രവര്‍ത്തിക്കണമെന്ന് സി.പി.എം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞപ്പോള്‍ അതറിയേണ്ട കാര്യം തനിക്കില്ലെന്നും അങ്ങനെ ആരുടെയും താല്‍പര്യത്തിന് നില്‍ക്കാന്‍ പറ്റില്ലെന്നും കളമശേരി എസ്.ഐ അമൃത് രംഗന്‍ മറുപടി നല്‍കി. വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസിലടക്കം പ്രതിയാണ് സക്കീര്‍ ഹുസൈന്‍. ടെസ്റ്റ് എഴുതി പാസായിട്ടാണ് സര്‍വീസില്‍ വന്നത്, ഇവിടെത്തന്നെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ല, ചെയ്യാനുള്ളത് ചെയ്തുകൊള്ളാനും സി.പി.എം നേതാവിനോട്് എസ്.ഐ മറുപടി പറയുന്ന ശബ്ദ രേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

കുസാറ്റില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തതാണ് ഏരിയ സെക്രട്ടറിയെ ചൊടിപ്പിച്ചത്. ഇതേ കുറിച്ച് ആദ്യം ചോദിച്ച സക്കീര്‍ ഹുസൈനോട് ഇവിടെ ഇപ്പോഴും പ്രശ്‌നം നടക്കുകയാണെന്നും താന്‍ അതിന്റെ ഇടയിലാണെന്നും എസ്.ഐ മറുപടി നല്‍കി. എസ്.എഫ്.ഐ നേതാവാണെന്ന് പറഞ്ഞിട്ടും വളരെ മോശമായാണ് നിങ്ങള്‍ പെരുമാറിയതെന്നായി പിന്നെ സി.പി.എം നേതാവ്. നിങ്ങള്‍ ഏന്തെങ്കിലും ഒരു ഭാഗത്ത് നിന്നാണ് സംസാരിക്കുന്നതെങ്കില്‍ എനിക്കൊന്നും ചെയ്യാനാവില്ലെന്ന് എസ്.ഐ മറുപടി നല്‍കി. നിങ്ങള്‍ എസ്.ഐ ആയി വന്നതിന് ശേഷം ഞാന്‍ ആദ്യമായി വിളിക്കുന്നതെന്നും പാര്‍ട്ടിക്കിടയിലും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കിടയില്‍ നിങ്ങളെ കുറിച്ച് മോശം അഭിപ്രായമാണ് ഉള്ളതെന്നും ഇവിടത്തെ രാഷ്ട്രീയം മനസിലാക്കി ഇടപെടണമെന്നും സി.പി.എം നേതാവ് പറഞ്ഞപ്പോള്‍ തനിക്ക് ആ നിലപാടില്ലെന്നും നേരാ വാ നേരേ പോ എന്നതാണ് തന്റെ ലൈനെന്നും ഒരു പാര്‍ട്ടിയോടും ഇവിടെ ഇരിക്കാമെന്ന് താന്‍ വാക്ക് നല്‍കിയിട്ടില്ലെന്നും കളമശേരി ആരുടേതാണെങ്കിലും തനിക്ക് പ്രശ്‌നമില്ലെന്നും എസ്.ഐ മറുപടി പറഞ്ഞു. ഇതോടെ സിപിഎം പ്രവര്‍ത്തകരോട് മാന്യമായി പെരുമാറണമെന്നായി സി.പി.എം നേതാവ്. ഇതില്‍ കൂടുതല്‍ എങ്ങനെ നന്നായി പെരുമാണമെന്നും താന്‍ ഇവിടെയുള്ളിത്തോളം കാലം പിള്ളേരെ തല്ലാന്‍ അനുവദിക്കില്ലെന്നും എസ്.ഐ മറുപടി നല്‍കി. തനിക്കെന്താ കൊമ്പുണ്ടോ എന്ന ചോദ്യത്തിന് താന്‍ ടെസ്റ്റ് എഴുതിയ പാസായാണ് ഇവിടെയെത്തിയതെന്നായിരുന്നു എസ്.ഐയുടെ മറുപടി.

Test User: