X

കളമശ്ശേരി സ്‌ഫോടനം; വിദ്വേഷം പ്രചരിപ്പിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തത് എന്ത് കൊണ്ട്?: പി.കെ ഫിറോസ്

കോഴിക്കോട് : കളമശ്ശേരിയില്‍ യഹാവോ സാക്ഷികളുടെ പ്രാര്‍ത്ഥനാ സ്ഥലത്ത് നടന്ന സ്‌ഫോടനത്തെ തുടര്‍ന്ന് വിദ്വേഷ പ്രചരണം നടത്തിയവര്‍ക്കെതിര സര്‍ക്കാര്‍ നടപടിയെടുക്കാത്തതെന്ത് കൊണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫെയ്‌സ് ബുക്ക് ലൈവില്‍ വന്ന മാര്‍ട്ടിന്‍ എന്ന വ്യക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ സത്യം പുറത്ത് വരുന്നതിന് മുമ്പ് തന്നെ കേരളത്തിലെ പ്രമുഖ ചാനലായ ന്യൂസ് 18, ജനം ടിവി, ഓണ്‍ലൈന്‍ ചാനലുകളായ മറുനാടന്‍ മലയാളി, കര്‍മ്മ ന്യൂസ്, ബി ജെ പി വക്താവ് സന്ദീപ് വാര്യര്‍ തുടങ്ങിയവര്‍ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണം നടത്തിയിരുന്നു.ഇത് ആദ്യത്തെ സംഭവമല്ല. ഈ മാസം മാത്രം നടന്ന മൂന്നാമത്തെ സംഭവമാണ്. കൊല്ലത്ത് സൈനികന്റെ പുറത്ത് സ്വയം ചാപ്പ കുത്തിയതും കാസര്‍ക്കോട് വിദ്യാര്‍ത്ഥികള്‍ ബസ്സ് തടഞ്ഞതും സമാനമായ രീതിയില്‍ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

വിദ്വേഷ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നേരത്തേ തന്നെ ഡി.ജി.പിക്ക് യൂത്ത് ലീഗ് പരാതി നല്‍കിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. വെറുപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പറയുന്ന ആഭ്യന്തര വകുപ്പ്, നിരന്തരം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിട്ടും മൗനം തുടരുന്നത് സംശയാസ്പദമാണ്. ആഭ്യന്തര വകുപ്പിന്റെ കൂടി ഒത്താശയോടെയാണ് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടക്കുന്നതെന്ന് ന്യായമായും സംശയിക്കേണ്ടി വരുമെന്ന് ഫിറോസ് ആരോപിച്ചു.

കളമശ്ശേരി സംഭവത്തില്‍ വിദ്വേഷ പ്രചരണം നടത്തിയവര്‍ക്കെതിരെ 153 (A) പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുന്ന തരത്തില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുസ്ലിം യൂത്ത് ലീഗ് മുന്നോട്ടുവരുമെന്നും ഫിറോസ് വ്യക്തമാക്കി.

webdesk11: