X

കളമശ്ശേരി സ്‌ഫോടനം; ഡല്‍ഹിയില്‍ ഉള്‍പ്പെടെ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഉള്‍പ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷ വര്‍ധിപ്പിച്ചു. ദീപാവലി ആഘോഷം കൂടി അടുത്തു വരുന്ന പശ്ചാത്തലത്തില്‍ ആളുകള്‍ ഒത്തുചേരുന്ന സ്ഥലങ്ങളിലും മെട്രോ സ്‌റ്റേഷനുകളിലും ക്ഷേത്രങ്ങള്‍ അടക്കമുള്ള ആരാധനാലയങ്ങളിലും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പ്രദേശത്തെ പ്രധാനപ്പെട്ട മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് ഭാഗത്തുനിന്നും ഹരിയാന ഭാഗത്തുനിന്നും അതിര്‍ത്തി പ്രദേശത്ത് ബാരിക്കേഡുകള്‍ സ്ഥാപിക്കാന്‍ ടീമുകളെ അറിയിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കാന്‍ ഡി.ജി.പി നിര്‍ദ്ദേശം നല്‍കി.

കാണ്‍പൂര്‍, മീററ്റ്, വാരണാസി, അലിഗഡ്, ലക്‌നൗ, ഹാപൂര്‍ തുടങ്ങിയ ജില്ലകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. സിവില്‍ ഡ്രസിലുള്ള പൊലീസുകാര്‍, റൈഡര്‍മാര്‍, പി.സി.ആര്‍ എന്നിവയിലുള്ള ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും ലഭിക്കുന്ന വിവരങ്ങളൊന്നും അവഗണിക്കരുതെന്നും പൊലീസ് അറിയിച്ചു. തിരക്കുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

 

webdesk11: