X

കള​മശ്ശേരി സ്ഫോടനം: മുസ്‍ലിം യുവാക്കളെ കരുതൽ തടങ്കലിൽ വെ​ച്ചെന്ന വാർത്തയിൽ പ്രതികരിച്ച അഭിഭാഷകന് പൊലീസ് നോട്ടീസ്

എറണാകുളം കളമശ്ശേരി ബോംബ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് മുസ്‌ലിം ചെറുപ്പക്കാരെ പൊലീസ് അന്യായമായി മണിക്കൂറുകളോളം കരുതല്‍ തടങ്കലില്‍ വെച്ചെന്ന വാര്‍ത്തയില്‍ പ്രതികരണം നല്‍കിയതിന് അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് പൊലീസ്. മലപ്പുറം മോങ്ങം സ്വദേശി അമീന്‍ ഹസ്സനാണ് വടകര പൊലീസ് നോട്ടീസ് നല്‍കിയത്. ഞായറാഴ്ച സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം.

കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മുസ്ലിം ചെറുപ്പക്കാരെ പൊലീസ് മണിക്കൂറുകളോളം തടഞ്ഞു വെച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിലായിരുന്നു അമീന്‍ ഹസ്സന്റെ പ്രതികരണം. എന്തുകൊണ്ട് പൊലീസ് ആര്‍.എസ്.എസുകാരയോ കാസയുടെ പ്രവര്‍ത്തകരെയോ സംശയിക്കാതെ കള്ളക്കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട മുസ്‌ലിം ചെറുപ്പക്കാരെ സംശയിക്കുന്നു എന്നാണ് അമീന്‍ ഹസ്സന്‍ വാര്‍ത്തയില്‍ പ്രതികരിച്ചത്.

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് മാധ്യമപ്രവര്‍ത്തകന്‍ റിജാസ് എം. ഷീബ സിദ്ദീഖിനെതിരെയും വടകര പൊലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച തുറന്നുകാട്ടിയതിന് കലാപാഹ്വാനത്തിനുള്ള ഐ.പി.സി 153 കുറ്റം ചുമത്തിയാണ് കേസെടുത്തത്. മക്തൂബ് മീഡിയ എഡിറ്റര്‍ അസ്ലഹ് കയ്യാലക്കലിനെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു വിട്ടയക്കുകയും ചെയ്തു. ഈ കേസിലാണ് അഭിഭാഷകന്‍ അമീന്‍ ഹസ്സനെയും പ്രതി ചേര്‍ത്തിരിക്കുന്നത്.

പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ കോടതി വെറുതെവിട്ട നിസാമിനെയടക്കം 5 മുസ്‌ലിം യുവാക്കളെയാണ് കളമശ്ശേരി സ്ഫോടനത്തെ തുടര്‍ന്ന് പൊലീസ് കരുതല്‍ തടങ്കലില്‍ വെച്ചത്. സ്‌ഫോടനത്തിന് പിന്നാലെ തണ്ടര്‍ബോള്‍ട്ടിന്റെ അകമ്പടിയോടെ സായുധ പൊലീസ് സംഘമെത്തിയാണ് നിസാമിനെ കൊണ്ടുപോയത്. കളമളശ്ശേരി സ്‌ഫോടന കേസിലെ പ്രതി മാര്‍ട്ടിന്‍ കുറ്റം സമ്മതിച്ചിട്ടും ഏറെ കഴിഞ്ഞ ശേഷമാണ് നിസാമിനെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചത്. മാര്‍ട്ടിന്‍ കുറ്റം ഏറ്റെടുത്തില്ലായിരുന്നെങ്കില്‍ അതില്‍ പ്രതിചേര്‍ക്കപ്പെടുമായിരുന്നുവെന്നും നിസാം പറഞ്ഞിരുന്നു.

അന്ന് ചോദിച്ച ചോദ്യം വീണ്ടും ആവര്‍ത്തിക്കുകയാണെന്ന് അമീന്‍ ഹസ്സന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. എന്തുകൊണ്ട് കേരളാ പൊലീസ് മുസ്‌ലിം ചെറുപ്പക്കാരോട്/ സമുദായത്തോട് മുന്‍വിധിയോടെ പെരുമാറി ആ ചോദ്യം കലാപ സാധ്യതയുള്ള പ്രകോപനം ഉണ്ടാക്കുന്നത് എങ്ങനെ ഇവിടെ ഭരണകൂട വിമര്‍ശം പാടില്ല എന്ന് തന്നെയാണ് പൊലീസ് പറയാന്‍ ശ്രമിക്കുന്നത്. അതിന് വഴങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അമീന്‍ ഹസ്സന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

webdesk13: