കളമശേരി സ്ഫോടനം പോലുള്ള സംഭവങ്ങളില്‍ കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കേണ്ടതുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇത്തരം ഘട്ടങ്ങളില്‍ ഒന്നിച്ച് നിന്ന് സംസ്ഥാന താല്‍പര്യം സംരക്ഷിക്കണമെന്ന നിര്‍ദ്ദേശമാണ് പ്രതിപക്ഷം മുന്നോട്ടു വച്ചത്. ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷമായാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചത്.
കളമശേരിയിലേതു പോലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസിന്റെ ഇന്റലിജന്‍സ് സംവിധാനം കുറേക്കൂടി ശക്തിപ്പെടുത്തണം. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളെ കൃത്യമായി നിരീക്ഷിക്കാനും അതിന് തടയിടുന്നതിനും ആധുനിക സംവിധാനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. സ്ഫോടനത്തെ സംബന്ധിച്ച് പഴുതടച്ചുള്ള അന്വേഷണം ഇനിയും നടക്കേണ്ടതുണ്ട്. സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങളെല്ലാം മുഖ്യമന്ത്രി അംഗീകരിച്ചിട്ടുണ്ട് അദ്ദേഹം വ്യക്തമാക്കി.
കേരളം ഒറ്റക്കെട്ടായി നിന്നപ്പോഴും ദൗര്‍ഭാഗ്യകരമായ പരാമര്‍ശങ്ങള്‍ ചില ഭാഗത്ത് നിന്നുണ്ടായി. ഒരു പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന നേതാവ് ഈ സംഭവത്തി പാലസ്തീനുമായി ബന്ധപ്പെടുത്തി. സംസ്ഥാനത്തിന് അധിക്ഷേപകരമായ പരാമര്‍ശം ഒരു കേന്ദ്രമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായി. എന്നാല്‍ പൊലീസ് അന്വേഷിച്ച് കണ്ടുപിടിക്കട്ടേയെന്നും ഒരു തരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നുമുള്ള നിലപാടാണ് കേരളത്തിലെ പ്രതിപക്ഷം സ്വീകരിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി.