X
    Categories: crimeNews

കളമശേരിയില്‍ എടിഎം കത്തിച്ച കേസ്; പൂഞ്ഞാര്‍ സ്വദേശി പിടിയില്‍

കൊച്ചി: കളമശേരി കുസാറ്റ് ക്യാംപസിലെ എടിഎം കത്തിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍. പൂഞ്ഞാര്‍ പനച്ചിപ്പാറ കല്ലാടിയില്‍ വീട്ടില്‍ സുബിന്‍ സുകുമാരന്‍(31) ആണ് കസ്റ്റഡിയിലായത്. നഗരത്തില്‍ ചിലരുമായി മറ്റെന്തൊ വിഷയത്തില്‍ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ശരീരത്തില്‍ പൊള്ളലേറ്റിരുന്നു എന്നതും സംശയത്തിന് ആക്കം കൂട്ടി. തുടര്‍ന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

ഞായറാഴ്ച രാത്രി 7.45നായിരുന്നു എടിഎമ്മില്‍ എത്തിയ ഇയാള്‍ കയ്യില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച് മെഷിന്‍ കത്തിച്ചത്. ഇയാള്‍ തീ ഇടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. മെഷിനിലെ പണം നഷ്ടപ്പെടുകയോ കത്തിനശിക്കുകയോ ചെയ്തിരുന്നില്ല. എടിഎം മെഷീനില്‍നിന്ന് തീ ഉയര്‍ന്നപ്പോള്‍ ഷോര്‍ട് സര്‍ക്യൂട്ട് ആകുമെന്നാണു കരുതിയിരുന്നത്. എന്നാല്‍ മെഷീന് തീ ഇടുകയായിരുന്നു എന്ന് വ്യക്തമായതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ഇന്നലെയാണ് പൊലീസില്‍ അറിയിക്കുകയും കേസെടുക്കുകയും ചെയ്തത്.

നേരത്തേ 2018ല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിനു ബോംബുവയ്ക്കുമെന്നു ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ സ്വകാര്യ സുരക്ഷാ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പ്രതി 2017ല്‍ കുസാറ്റില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിട്ടുണ്ട്. മാനസികമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇയാളെ പറഞ്ഞു വിടുകയായിരുന്നു. തൃപ്പൂണിത്തുറ, ഹാര്‍ബര്‍ സ്റ്റേഷനുകളില്‍ അടിപിടിക്കേസുകളില്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

 

Test User: